X

സംസ്ഥാനത്ത് കൊടും ചൂടു തുടരുന്നു; 4 ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് തുടരും

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ എന്നീ 4 ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ച കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതടക്കം 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ 12 ദിവസത്തില്‍ 10 ദിവസവും 40°c മുകളില്‍ ചൂടാണ് പാലക്കാട് രേഖപ്പെടുത്തിയത്. പാലക്കാട് ഇന്നലെ സാധാരണയെക്കാള്‍ 4.4°c കൂടുതല്‍ ചൂട് രേഖപ്പെടുത്തിയപ്പോള്‍ കോഴിക്കോട് സിറ്റിയില്‍ സാധാരണയെക്കാള്‍ 4.6°c കൂടുതല്‍ ചൂടും രേഖപ്പെടുത്തി. പുനലൂര്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട്, തൃശൂര്‍ വെള്ളാനിക്കര, കോട്ടയം എന്നിവിടങ്ങളില്‍ 37 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു താപനില.

സംസ്ഥാനത്ത് പൊള്ളുന്ന ചൂട് ഈ ആഴ്ച കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് ഉള്‍പ്പെടെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണയേക്കാള്‍ 3 മുതല്‍ അഞ്ചു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. തീരദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ചൂട് കൂടിയ, അസ്വസ്ഥതത സൃഷ്ടിക്കുന്ന അന്തരീക്ഷാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പകല്‍ചൂടിനൊപ്പം രാത്രികാല താപനിലയും അസഹനീയമായ നിലയിലാണ്.

തിങ്കളാഴ്ച വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ച് ഇടണം എന്നതടക്കം ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. എന്നാല്‍ കൊടുംചൂടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന സര്‍ക്കാര്‍ ഉത്തരവ് കോട്ടയത്തെ പാലാ സെന്റ് ജോസഫ് കോളജ് തള്ളി. വിദ്യാര്‍ത്ഥികള്‍ കോളേജില്‍ എത്തണമെന്നാണ് സര്‍ക്കുലര്‍ ഇറക്കി.ദേശീയ അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ സന്ദര്‍ശനം ഉണ്ടെന്നാണ് വിശദീകരണം. സംസ്ഥാനത്ത് വേനല്‍ മഴ തുടരും. ഉച്ചയ്ക്കുശേഷം മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

 

webdesk13: