X
    Categories: Newsworld

അമേരിക്കയില്‍ അതിശൈത്യം രൂക്ഷം; ശീതക്കൊടുങ്കാറ്റ്; മരണം 60 കടന്നു

ന്യൂയോര്‍ക്ക്: ശീതക്കൊടുങ്കാറ്റിനെതുടര്‍ന്നുള്ള കനത്ത മഞ്ഞുവീഴ്ചയില്‍ ഉറഞ്ഞ് അമേരിക്ക. ന്യൂയോക്ക് ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും അതിഗുരതര പ്രതിസന്ധി തുടരുന്നതായാണ് റിപ്പോര്‍ട്ട്. രണ്ടു ലക്ഷത്തോളം കുടുംബങ്ങള്‍ ഇപ്പോഴും ഇരുട്ടിലാണ്. ഒരാഴ്ചയായി തുടരുന്ന അതിശൈത്യത്തില്‍ 38 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. അതേസമയം മരണം 60 കടന്നതായി പശ്ചാത്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നു.

രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ശമനം വന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം യാത്രാ പ്രതിസന്ധി അടക്കം പഴയതുപോലെ തുടരുകയാണ്. 55 ദശലക്ഷം അമേരിക്കക്കാരെ ദുരിതം ബാധിച്ചിട്ടുണ്ട്. ആയിരത്തിലധികം വിമാന സര്‍വീസുകള്‍ ഇന്നലേയും റദ്ദാക്കി. ഒരാഴ്ചയോളമായി ഇതേ അവസ്ഥ തുടരുന്നതിനാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അമേരിക്കക്കാര്‍ക്ക് ഇത്തവണ ക്രിസ്തുമസ്, പുതുവര്‍ഷ അവധിക്ക് കുടുംബത്തോടൊപ്പം ചേരാന്‍ കഴിഞ്ഞിട്ടില്ല. ടെക്‌സാസില്‍ അടക്കം പലയിടങ്ങളിലും ‘അതിഗുരുതരമായ ജീവനു ഭീഷണിയുള്ള സാഹചര്യം’ എന്നാണ് വിശേഷിപ്പിക്കുന്നത്. എറി കണ്‍ട്രിയില്‍ മാത്രം 12 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ മഞ്ഞിലുറഞ്ഞ കാറിനുള്ളിലാണ് ഒരു കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടുകള്‍ പൂര്‍ണമായും അടച്ചുപൂട്ടി പുറത്തിറങ്ങാതെയാണ് ജനം കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്. വെര്‍മോണ്ട്, ഒഹിയോ, മിസോറി, വിസ്‌കോന്‍സിന്‍, കാന്‍സാസ്, കോളറാഡോ, ദക്ഷിണ ഫ്‌ളോറിഡ എന്നിവയെല്ലാം റെക്കോര്‍ഡ് നിലയിലേക്കാണ് അന്തരീക്ഷതാപനില താഴ്ന്നിരിക്കുന്നത്. മൊണ്ടാനയിലാണ് ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയത്. മൈനസ് 50 ഡിഗ്രി.

webdesk11: