X
    Categories: CultureMoreViews

‘പണം നല്‍കിയില്ലെങ്കില്‍ ആലിയ ഭട്ടിനെ വധിക്കും’; പൊലീസ് അന്വേഷണം ആരംഭിച്ചു

ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിനും മകളും നടിയുമായ ആലിയ ഭട്ടിനും വധഭീഷണി. 50 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ ഇട്ടില്ലെങ്കില്‍ ഭാര്യ സോണി രസ്ദാനെയും ആലിയ ഭട്ടിനെയും വധിക്കുമെന്ന അജ്ഞാത ഫോണ്‍ സന്ദേശമാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് മഹേഷ് ഭട്ട് പൊലീസില്‍ പരാതിപ്പെട്ടു. അജ്ഞാതന്‍ നല്‍കിയ ബാങ്ക് അക്കൗണ്ട് ലഖ്‌നൗവിലുള്ളതാണ്.

ഭീഷണിപ്പെടുത്തി പണം പിടുങ്ങാനുള്ള നീക്കം ‘മുളയിലേ നുള്ളി’യതായി മഹേഷ് ഭട്ട് ട്വിറ്ററില്‍ കുറിച്ചു. ഫെബ്രുവരി 26-നാണ് ഇതുസംബന്ധിച്ച് ആദ്യ കോള്‍ ലഭിച്ചത്. ആരോ കളിപ്പിക്കാന്‍ വിളിക്കുകയാണെന്ന് കരുതി മഹേഷ് ഭട്ട് ഇത് അവഗണിക്കുകയായിരുന്നു. എന്നാല്‍ എസ്.എം.എസ് വഴിയും വാട്ട്‌സാപ്പ് വഴിയും തുടരെ തുടരെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതോടെയാണ് കാര്യങ്ങള്‍ ഗുരുതരമാണെന്ന് വ്യക്തമായത്. താന്‍ ഒരു അധോലോക സംഘത്തിന്റെ തലവനാണെന്നും പണം നിക്ഷേപിച്ചില്ലെങ്കില്‍ ആലിയക്കും സോണി രസ്ദാനും നേരെ വെടിയുതിര്‍ക്കുമെന്നും സന്ദേശങ്ങളിലുണ്ട്.

സെക്ഷന്‍ 387 പ്രകാരമാണ് മഹേഷ് ഭട്ട് പരാതി നല്‍കിയിരിക്കുന്നത്. ഭട്ടിന്റെ പരാതിയില്‍ ജുഹു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2014-ല്‍ ഭട്ടിനെ വധിക്കാനുള്ള ശ്രമത്തില്‍ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംവിധായകനും പ്രൊഡ്യൂസറും തിരക്കഥാകൃത്തുമായ മഹേഷ് ഭട്ട് 1986 മുതല്‍ ബോളിവുഡില്‍ സജീവമാണ്. ഡാഡി, ആവാര്‍ഗി, ആശിഖി, ദില്‍ ഹൈ കി മാന്‍താ നഹീ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വെറ്ററന്‍ ബോളിവുഡ് നടി പൂജാ ഭട്ട് മഹേഷ് ഭട്ടിന്റെ മൂത്ത മകളാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള വിധേയത്വം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള മഹേഷ് ഭട്ട് മതേതര നിലപാട് പുലര്‍ത്തുന്നയാളാണ്. 2014 തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ തോല്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ സംഘ് പരിവാര്‍ കേന്ദ്രങ്ങള്‍ അദ്ദേഹത്തിനെതിരെ ഭീഷണി മുഴക്കിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: