കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലെ വർധിപ്പിച്ച പാർക്കിങ് ഫീസ് കുറക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എയർപോർട്ട് ഡയറക്ടർ ഇ.ടി.മുഹമ്മദ് ബഷീർ എംപിക്ക് ഉറപ്പ് നൽകി. സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് ഫീസ് ഇരട്ടിയായും എയർപോർട്ടിന് പുറത്ത് നിന്ന് യാത്രക്കാരുമായി എത്തുന്ന ടാക്‌സി വാഹനങ്ങൾക്ക് ഗണ്യമായും ഫീസ് ഉയർത്തിയത് വലിയ തോതിൽ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.
ഇതേ തുടർന്നാണ് ഇ.ടി.മുഹമ്മദ് ബഷീർ എംപി എയർപോർട്ട് ഡയറക്ടർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയത്. വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇൻഡ്യ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വൈകാതെ പരിഹാരം ഉണ്ടാവുമെന്നും ഡയറക്ടർ എസ്.സുരേഷ് അറിയിച്ചു.
ജോയിന്റ് ജനറൽ മാനേജർ മുനീർ, എൻജിനിയറിങ് ജനറൽ മാനേജർ രവീന്ദ്രൻ, സിവിൽ ജനറൽ മാനേജർ മുഹമ്മദ് കാസിം എന്നിവരും ചർച്ചയിൽ പങ്കെടുത്തു