മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിെയടുത്ത് യുവാക്കളെ പറ്റിച്ച സംഭവത്തിൽ ഏജന്റിനെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിൽ തിരികെ എത്തിയ ഇവരെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവത്തെപ്പറ്റി അറിയുന്നത്.
സന്ദർശക വിസയിൽ മലേഷ്യയിലെ ലങ്കാവി വിമാനത്താവളത്തിലെത്തിച്ച ഏഴുപേരെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച് ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ യുവാക്കളെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ചശേഷം സന്ദർശക വിസയിൽ മലേഷ്യയിലെത്തിക്കുകയായിരുന്നു എന്ന് കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് യുവാക്കളോടൊപ്പം ഉണ്ടായിരുന്ന ഏജന്റുമാരില്‍ ഒരാളായ പാലക്കാട് പട്ടാമ്ബി പ്ലാവോട് കുളമ്ബ് സ്വദേശി അംജി മോഹിത്തിനെ (54) വലിയതുറ പോലീസ് അറസ്റ്റുചെയ്തു.
യുവാക്കളില്‍ നിന്ന് പണം തട്ടിയെടുത്ത രണ്ടാമത്തെ ഏജന്റായ മലപ്പുറം സ്വദേശി അബ്ദുള്‍ ലത്തീഫിനായി പോലീസ് അന്വേഷണം തുടങ്ങി. ഓരോരുത്തരില്‍ നിന്നായി 80,000 രൂപയും ഗൂഗിള്‍ പേ വഴി പണവും കൈപ്പറ്റിയിരുന്നു.
മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹന്‍സില്‍, മുഹമ്മദ് ഉനൈസ്, ഷിനോജ്, താജുദീന്‍, സിറാജുദീന്‍, അഫ്സല്‍ എന്നിവരെയാണ് സന്ദര്‍ശക വിസ നല്‍കി മലേഷ്യയിലെത്തിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് സിങ്കപ്പുരിലേക്ക് പോയ സ്കൂട്ട് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് അറസ്റ്റിലായ ഏജന്റും യുവാക്കളുമുള്‍പ്പെട്ട ഏഴംഗ സംഘം യാത്ര തിരിച്ചത്. തുടര്‍ന്ന് മലേഷ്യയിലെ ലങ്കാവി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ അവിടത്തെ ഇമിഗ്രേഷന്‍ വിഭാഗം നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. സന്ദര്‍ശക വിസയിലെത്തിയവര്‍ മലേഷ്യയിലെ സ്വകാര്യ കമ്ബനിയില്‍ ജോലിക്ക് പോകുവാനാണ് എത്തിയതെന്ന് ഇമിഗ്രേഷന്‍ അധികൃതരോട് പറഞ്ഞു. പിന്നീട് ഇമിഗ്രേഷന്‍ അധികൃതര്‍ വിസയടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. തുടര്‍ന്ന് ഇവരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയക്കുകയായിരുന്നു.
തിരുവനന്തപുരത്ത് ഇറങ്ങിയ ഇവരെ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗം ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. പിന്നീട് യുവാക്കള്‍ക്ക് ഒപ്പമുണ്ടായിരുന്ന ഏജന്റ് അംജി മോഹിത്തിനെ തടഞ്ഞുവെയ്ക്കുകയും വലിയതുറ പോലീസിന് കൈമാറുകയുമായിരുന്നു.