കോഴിക്കോട്: വ്യാഴാഴ്ച മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ റാലിക്ക് വിപുലമായ ഒരുക്കങ്ങള്‍. സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ പ്രത്യേക യോഗങ്ങള്‍ നടന്നു.
മലപ്പുറം ജില്ലയില്‍ വിവിധ കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കി. മലപ്പുറത്ത് മണ്ഡലം, പഞ്ചായത്ത് തല യോഗങ്ങള്‍ നടന്നുവരികയാണ്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ഇന്നലെ വിളംബര ജാഥകള്‍ നടന്നു. റാലിയുടെ പ്രചാരണത്തിന് തെക്കന്‍ ജില്ലകളിലും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
സംസ്ഥാന, ജില്ലാ നേതാക്കള്‍ നേരിട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കോഴിക്കോട് കടപ്പുറത്ത് ഒരുങ്ങുന്ന വേദിയുടെ പ്രവര്‍ത്തനങ്ങള്‍ ഡോ.എം.കെ മുനീര്‍, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.എം ഷാജി, പാറക്കല്‍ അബ്ദുല്ല, എം.എ റസാഖ് മാസ്റ്റര്‍, എന്‍.സി അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി.