ബോസ്റ്റണ്‍: അമേരിക്കയിലെ ബോസ്റ്റണില്‍ വാതക പൈപ്പ് ലൈനില്‍ സ്‌ഫോടന പരമ്പര. ബോസ്റ്റണ്‍ നഗരത്തിലെ ലോറന്‍സ്, എന്‍ഡോവര്‍, നോര്‍ത്ത് എന്‍ഡോവര്‍ എന്നിവിടങ്ങളിലായി 40 കിലോമീറ്റര്‍ പ്രദേശത്ത് 70 ഇടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഗ്നിശമന ഉദ്യോഗസ്ഥനടക്കം ആറു പേരുടെ നില ഗുരുതരമാണ്. മിക്കവാറും സ്‌ഫോടനങ്ങളുണ്ടായത് വീടുകളിലാണ്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നൂറുകണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു.
നൂറിലധികം വീടുകള്‍ കത്തിയമര്‍ന്നതായാണ് വിവരം. വാതക പൈപ്പ് ലൈനിലുണ്ടായ അമിത മര്‍ദ്ദമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ആളുകളെ ഒഴിപ്പിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. കൂടുതല്‍ അപകടം ഒഴിവാക്കുന്നതിന് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വാതക വിതരണം നിര്‍ത്തുകയും ചെയ്തു.
കൊളംബിയ കമ്പനിയുടെ വാതകപൈപ്പ്‌ലൈനിലാണ് സ്‌ഫോടനമുണ്ടായത്. അതിനാല്‍ ഈ കമ്പനിയുടെ ഗ്യാസ് ഉപഭോക്താക്കള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വീടുവിട്ടു പോകണമെന്ന് അധികൃതര്‍ അറിയിച്ചു.