ഹൈദരാബാദ്: നാടൻ പടക്കങ്ങളുമായി സ്കൂട്ടറിൽ പോകുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ കൊല്ലപ്പെട്ടു. ആന്ധ്രപ്രദേശിലെ ഇലരു ജില്ലയിലാണ് സംഭവം. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മറ്റൊരാൾ ഉൾപ്പടെ അഞ്ച് പേർക്ക് സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്തു.
വെള്ള സ്‌കൂട്ടറിൽ രണ്ട് പേർ ഇടുങ്ങിയ തെരുവിലൂടെ വേഗത്തിൽ പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഒരു പ്രധാന ജങ്ഷനിലെത്തിയപ്പോൾ ഒരു കുഴിയിൽ ബൈക്ക് ഇടിച്ച് പടക്കം പൊട്ടുകയായിരുന്നു. അവിടെ കൂടിയിരുന്ന ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിൻ്റെ ശക്തി കാരണം ആ പ്രദേശം മുഴുവൻ പുക കൊണ്ട് മൂടിയിരിന്നു. കടലാസ് കഷ്ണങ്ങൾ ചുറ്റും പറക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
പൊട്ടിത്തെറി ഉണ്ടായ ഉടൻ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ എലരു സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഗ്രാമപ്രദേശങ്ങളിൽ കൈ കൊണ്ട് നിർമിച്ച ഗുണ്ട് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ദീപാവലി ആഘോഷത്തിനായി കൊണ്ടു പോയ പടക്കമാണ് പൊട്ടിയത്.