കെയ്‌റോ: ഈജിപ്തില്‍ രണ്ട് കോപ്റ്റിക് ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ബോംബ് സ്‌ഫോടനങ്ങളില്‍ 40 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്ക്. അലക്‌സാന്‍ഡ്രിയയിലെ സെന്റ് മാര്‍ക്‌സ് കോപ്റ്റിക് ചര്‍ച്ചില്‍ 13 പേരും നൈല്‍ ഡെല്‍റ്റ നഗരമായ താന്‍തയില്‍ സെന്റ് ജോര്‍ജ്‌സ് കോപ്റ്റിക് ചര്‍ച്ചില്‍ 27 പേരും കൊല്ലപ്പെട്ടു.
ഓശാന ഞായറിനോടനുബന്ധിച്ച് വിശ്വാസികള്‍ ഒത്തുകൂടിയ സമയമായിരുന്നു സ്‌ഫോടനങ്ങള്‍. അലക്‌സാന്‍ഡ്രിയയിലെ ചര്‍ച്ചില്‍ കോപ്റ്റിക് സഭാ തലവന്‍ പോപ് തവാഡ്രോസ് രണ്ടാമന്‍ പ്രാര്‍ത്ഥന നല്‍കുമ്പോഴായിരുന്നു സംഭവം. തവാഡ്രോസ് പരിക്കില്ലാതെ രക്ഷപ്പെട്ടു. ചാവറാണ് ആക്രമണം നടത്തിയതെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി അറിയിച്ചു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐ.എസ് ഭീകരര്‍ ഏറ്റെടുത്തു. താന്‍തയിലായിരുന്നു ആദ്യ സ്‌ഫോടനം. മണിക്കൂറുകള്‍ പിന്നിടും മുമ്പ് അലക്‌സാന്‍ഡ്രിയയിലും പൊട്ടിത്തെറിയുണ്ടായി.
താന്‍തയിലെ ചര്‍ച്ചില്‍ അള്‍ത്താരക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. കുരുത്തോല പെരുന്നാളിനോടനുബന്ധിച്ച് ഈജിപ്ത് പരമാവധി സുരക്ഷ ഉറപ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സ്‌ഫോടനങ്ങള്‍ തടയുന്നതില്‍ ഇന്റലിജന്‍സ് പരാജയപ്പെട്ടു. ആക്രമങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ അപലപിച്ചു.
ഈമാസം അവസാനം അദ്ദേഹം ഈജിപ്ത് സന്ദര്‍ശിക്കാനിരിക്കെയാണ് സ്‌ഫോടനങ്ങളെന്നതും ശ്രദ്ധേയമാണ്. കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കുനേരെ മുമ്പും ഈജിപ്തില്‍ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 25ന് കെയ്‌റോയിലെ കോപ്റ്റിക് കത്തീഡ്രലിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. ന്യൂനപക്ഷമായ കോപ്റ്റിക്കുകള്‍ക്കുനേരെ കൂടുതല്‍ ആക്രമണമുണ്ടാകുമെന്ന് ഫെബ്രുവരിയില്‍ ഐ.എസ് ഭീകരര്‍ ഭീഷണിമുഴക്കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് താന്‍തയിലെ പൊലീസ് പരിശീലന കേന്ദ്രത്തിനു പുറത്തുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു.