ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ഗണ്യമായി കുറയുന്നതായും ഇനിയൊരു തരംഗമുണ്ടാകാന്‍ സാധ്യതയില്ലെന്നും ആരോഗ്യ വിദഗ്ധര്‍. ജനസംഖ്യയുടെ വലിയൊരു ശതമാനത്തിനും മൂന്നാംതരംഗത്തില്‍ ഒമിക്രോണ്‍ ബാധിച്ചിരുന്നു. ഇതിലൂടെ ആര്‍ജിച്ച പ്രതിരോധ ശേഷി രക്ഷാകവചമാകും.
ഗുരുതരമല്ലാത്ത മുന്നൂറിലധികം ഒമിക്രോണ്‍ വകഭേദങ്ങളാണ് ഇന്ത്യയിലുള്ളത്. കൂടുതല്‍ അപകടകാരിയായ വകഭേദങ്ങള്‍ കണ്ടെത്തുന്നവരെ സ്ഥിതി ഗുരുതരമാവില്ല. 18-59 പ്രായക്കാരില്‍ 88 ശതമാനം പേരും ബൂസ്റ്റര്‍ ഡോസെടുത്തിട്ടില്ലെങ്കിലും കോവിഡ് വ്യാപനത്തിന് ഇതു കാരണമാകില്ല.
പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്നതിന് ജാഗ്രത പാലിക്കുകയും പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുകയും വേണമെന്ന് എന്‍.ടി.എ.ജി.ഐ. മേധാവി ഡോ. എന്‍.കെ. അറോറ പറഞ്ഞു. വാക്‌സിനേഷനിലൂടെയുള്ള സംരക്ഷണം പരമാവധി ഒമ്പതുമാസത്തേക്ക് മാത്രമാണെന്നും ഹൈബ്രിഡ് പ്രതിരോധ ശേഷി ദീര്‍ഘകാല സംരക്ഷണം നല്‍കുമെന്നും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കമ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ. സഞ്ജയ് റായ് പറഞ്ഞു.
ചൈനയില്‍ സ്ഥിതി വ്യത്യസ്തമാണ്. ലോക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങളാണ് ചൈന പിന്തുടര്‍ന്നത്. അതിനാല്‍, ഹൈബ്രിഡ് പ്രതിരോധശേഷി ശക്തമല്ലെന്ന് പുനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ ഡോ. പ്രജ്ഞ യാദവ് പറഞ്ഞു. നിലവില്‍ ലോകത്തുടനീളം വ്യാപിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ ഒമിക്രോണ്‍ തരംഗമാവുന്നത് ആര്‍ജിത പ്രതിരോധ ശേഷി ഇല്ലാത്തതിനാലാണെന്നും പ്രജ്ഞ പറഞ്ഞു.