കാലവര്‍ഷം തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും കേരളത്തില്‍ മഴ കുറയാന്‍ കാരണം മണ്‍സൂണ്‍ ബ്രേക്ക് പ്രതിഭാസം. കാലവര്‍ഷപാത്തി ഹിമാലയന്‍ മേഖലയില്‍ കേന്ദ്രീകരിക്കുകയും കേരളം ഉള്‍പ്പെടെ തെക്കേ ഇന്ത്യയില്‍ മഴ കുറയുന്നതുമായ സാഹചര്യമാണ് മണ്‍സൂണ്‍ ബ്രേക്ക്. മണ്‍സൂണ്‍ ബ്രേക്ക് തുടങ്ങിയതോടെ കേരളത്തിലെ മഴ സാധ്യത കുറഞ്ഞു. മണ്‍സൂണ്‍ ബ്രേക്ക് സാഹചര്യം അടുത്ത 7 ദിവസം തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകരുടെ കൂട്ടായ്മയായ മെറ്റ്ബീറ്റ് വെതര്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ക്കിടകത്തില്‍ കുറച്ച് ദിവസം നല്ല മഴയും ഒരാഴ്ചയോളം വെയിലും പതിവാണെങ്കിലും, ഇത്തവണ മഴ വിട്ടു നിന്ന് വേനല്‍ക്കാലത്തിന്റെ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. നിലവില്‍ കാലവര്‍ഷ പാത്തി സാധാരണ നിലയില്‍ തുടരുകയാണ്. കാലവര്‍ഷ പാത്തിയുടെ വടക്കേ ഭാഗം ഹിമാലയന്‍ മേഖലയിലാണുള്ളത്. ഉത്തര്‍പ്രദേശിനും ബിഹാറിനും ഇടയില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ മേഘങ്ങളെ ഈ മേഖലയില്‍ കേന്ദ്രീകരിക്കുകയും മഴ തെക്കോട്ട് കുറയുകയും ചെയ്യും.
കഴിഞ്ഞ ഒരാഴ്ചത്തെ കാലാവസ്ഥാ വകുപ്പിന്റെ കണക്ക് പ്രകാരം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോട്ടയം ജില്ലകളില്‍ മഴ തീരെ ലഭിച്ചില്ല. മറ്റു ജില്ലകളില്‍ മഴ രേഖപ്പെടുത്തിയെങ്കിലും ഈ കാലയളവില്‍ ലഭിക്കേണ്ട മഴയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 90 ശതമാനത്തിനു മുകളിലാണ് മഴക്കുറവ്. തൃശൂര്‍, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ 99 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. 98 ശതമാനമാണ് കഴിഞ്ഞ ആഴ്ച പാലക്കാട്, കാസര്‍ക്കോട് ജില്ലകളിലെ മഴക്കുറവ്. ഇടുക്കിയില്‍ 97 ശതമാനവും, കോഴിക്കോട്ട് 94 ശതമാനവും, വയനാട്ടില്‍ 93 ശതമാനവും, കണ്ണൂരില്‍ 87 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. കേരളത്തിലാകെ ഈ കാലയളവില്‍ ലഭിക്കേണ്ട മഴയില്‍ 97 ശതമാനമാണ് കുറവുണ്ടായത്. ഈ മാസം ഇനിയും ഒറ്റപ്പെട്ട മഴയുണ്ടാകുമെങ്കിലും, അത് മഴകുറവ് നികത്താന്‍ പര്യാപ്തമാകില്ലെന്ന് മെറ്റ്ബീറ്റ് വെതര്‍ പറയുന്നു. അടുത്ത വേനലില്‍ വലിയ വരള്‍ച്ചയെ പ്രതീക്ഷിക്കാമെന്നും, മഴവെള്ളം പരമാവധി മഴക്കുഴി വഴി സംഭരിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.