X

2023 ന്റെ പ്രതീക്ഷകള്‍

ടി ഷാഹുല്‍ ഹമീദ്

2022 വിടപറയുമ്പോള്‍ ലോകത്ത് പുതിയ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരികയാണ്. റഷ്യ യുക്രെയ്ന്‍ യുദ്ധം പുതിയ തലത്തിലേക്ക് വളര്‍ന്ന് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളെ പോലും തകിടം മറിക്കുന്ന രീതിയില്‍ ആഗോള പ്രശ്‌നമായിട്ടും അത് പരിഹരിക്കാനുള്ള സംവീധാനത്തിന്റെ അപര്യാപ്തത നേരില്‍ കണ്ട് കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് 2023 പിറന്നുവീഴുന്നത്. കോവിഡ് 19 ലോക സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയ 3.7 ട്രില്യണ്‍ യു.എസ് ഡോളര്‍ സാമ്പത്തിക വിടവിന്റെ കൈപ്പേറിയ അനുഭവങ്ങളില്‍നിന്നും ലോകം രക്ഷപ്പെടുന്ന ഘട്ടത്തിലാണ് കോവിഡ് 19 ന്റെ പുതിയ വകഭേദം ബി.എഫ്. 7 ചില രാജ്യങ്ങളില്‍കൂടി വരുന്നത് 2023ന്റെ നെഞ്ചിടിപ്പാണ്. നാലാം വ്യവസായ വിപ്ലവം സാങ്കേതിക മുന്നേറ്റം യാഥാര്‍ത്ഥ്യമാക്കിയെങ്കിലും ലോകത്ത് ഇത് അപായസാധ്യതയും തലമുറകള്‍ തമ്മിലുള്ള വിടവും വര്‍ധിക്കാന്‍ ഇടയാക്കി. യൂണിസെഫിന്റെ അഭിപ്രായത്തില്‍ ലോകത്ത് 1.8 ട്രില്യണ്‍ മണിക്കൂര്‍ വിദ്യാഭ്യാസമാണ് കോവിഡ് 19 നഷ്ടപ്പെടുത്തിയത.് അത് പരിഹരിച്ച് വിദ്യാഭ്യാസം സാധാരണ നിലയിലേക്കാകുമ്പോഴേക്കാണ് പുതിയ കോവിഡ് ഭീഷണി 2023 ന്റെ വലിയ വെല്ലുവിളിയായി ഉയര്‍ന്ന് വരുന്നത്.

2022ല്‍ 95 ദശലക്ഷം പേര്‍ അതി ദാരിദ്ര്യത്തിലേക്ക് പുതുതായി കടന്നുവന്നു എന്ന സാഹചര്യം 2023ലും തുടരുമെന്നാണ് വിവിധ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ മനസ്സിലാകുന്നത്. ലോകത്ത് വ്യക്തികളുടെയും രാജ്യങ്ങളുടെയും കടം വര്‍ധിക്കുന്നു. കോര്‍പറേറ്റുകളുടെ കടം രാജ്യങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ വ്യക്തികള്‍ കൂടുതല്‍ കടത്തിലെ കാണാ കഴത്തില്‍ അകപ്പെടുന്നു. ലോകത്ത് 483 ബില്യണ്‍ യു.എസ് ഡോളറിന്റെ നികുതിവെട്ടിപ്പുകള്‍ കോര്‍പറേറ്റുകളുടെ നേതൃത്വത്തില്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പ്രസ്തുത നികുതിവെട്ടിപ്പുകള്‍ തടഞ്ഞു കോര്‍പറേറ്റുകളില്‍നിന്നും വലിയ നികുതി ഈടാക്കി സോളിഡാരിറ്റി ടാക്‌സ് ഏര്‍പ്പെടുത്തി പ്രയാസം അനുഭവിക്കുന്ന ജനതയെ സഹായിക്കണമെന്ന പുതിയ ആവശ്യം 2023ല്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്. കാരണം ലോകത്തിലെ 70 ശതമാനം ജനങ്ങളും ഏതെങ്കിലും തരത്തിലുള്ള അസമത്വം നേരിടുന്നു. 274 ദശ ലക്ഷം പേര്‍ക്ക് അടിയന്തിര മാനുഷിക പരിഗണന ലഭിക്കേണ്ടതായിട്ടുണ്ട്. ഇതിന് 141 ബില്യണ്‍ യു.എസ് ഡോളര്‍ പണം ആവശ്യമാണ്. ഇത് കണ്ടെത്താനുള്ള എളുപ്പ മാര്‍ഗമാണ് വരുമാനം കൂടുതല്‍ ഉള്ളവരില്‍നിന്ന് നികുതി ചുമത്തുക എന്നത്. ഇന്ത്യയില്‍ മാത്രം കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ 11.18 ലക്ഷം കോടി രൂപയുടെ കോര്‍പറേറ്റുകളുടെ വായ്പയാണ് എഴുതി തള്ളിയത്. 2022ല്‍ മാത്രം ഒരു ലക്ഷം കോടി രൂപ എഴുതിത്തള്ളി എന്നാണ് പാര്‍ലമെന്റ് രേഖകള്‍ വ്യക്തമാക്കുന്നത്. 2023 ല്‍ ഈ പ്രവണത വര്‍ധിക്കാനാണ് സാധ്യത.

രാജ്യങ്ങള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഭരണപരിഷ്‌കാരങ്ങള്‍ ജനങ്ങളെ ചിലയിടങ്ങളിലെങ്കിലും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നു. റഷ്യ യുക്രെയ്ന്‍ യുദ്ധം ലോകത്ത് സൃഷ്ടിച്ച വിപത്ത് 2023 ലും തുടരും ജനങ്ങള്‍ പുതിയ സ്വഭാവങ്ങളെയും ഇഷ്ടങ്ങളെയും തേടി സഞ്ചരിക്കുമ്പോള്‍ സാമ്പ്രദായിക ഭരണവുമായി പോകുന്ന രാജ്യങ്ങള്‍ ബുദ്ധിമുട്ടിലാകുന്നത് 2022 ന്റെ ബാക്കിപത്രമാണ്. 2021 ല്‍ ലോകത്താകമാനം 3330 സാമൂഹിക സുരക്ഷാപദ്ധതികള്‍ ഉണ്ടായെങ്കിലും അത് ലോക ജനസംഖ്യയിലെ തൊഴിലെടുക്കുന്ന വിഭാഗങ്ങളിലെ 30.6 ശതമാനത്തിന് മാത്രമേ സുരക്ഷിതത്വം ഉണ്ടാകുന്നുള്ളൂ. 2021ല്‍ 53 രാജ്യങ്ങളിലായി 19.3 കോടി ജനങ്ങള്‍ ഭക്ഷ്യ പ്രതിസന്ധി നേരിട്ടു എന്നത് 2023 ലും തുടരും എന്നാണ് ഊഹിക്കുന്നത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ. യു.സി.എന്‍) ന്റെ അഭിപ്രായത്തില്‍ ലോകത്തെ 25 ശതമാനം നിലവിലുള്ള സസ്യങ്ങളും ജീവജാലങ്ങളും വംശനാശം നേരിടുന്നു. ഇത് 2023 ല്‍ വലിയ അജണ്ടയായി ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ മാറേണ്ടതായിട്ടുണ്ട്. അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണം 50 വര്‍ഷത്തിനിടയില്‍ 200 ദശലക്ഷത്തില്‍നിന്നും 150 കോടിയായി വര്‍ധിച്ചത് 2023 ലും തുടരാന്‍ സാധ്യത ഉള്ളപ്പോള്‍ അത് ഉണ്ടാകുന്ന പാരിസ്ഥിതിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ ലോകത്ത് കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകേണ്ടതായിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ അഭിപ്രായത്തില്‍ 52 ദശലക്ഷം പേര്‍ നിലവിലുള്ള തൊഴിലിടങ്ങളില്‍നിന്നും അപ്രത്യക്ഷമാകും. പാരീസ് ഉടമ്പടി പ്രകാരം ലോകത്തിന്റെ ചൂട് 2 ഡിഗ്രി സെല്‍ഷ്യസ് താഴെയാക്കുന്നതിന് വേണ്ടി വിവിധ രാജ്യങ്ങളില്‍ 18 ദശലക്ഷം പുതിയ തൊഴിലവസരങ്ങള്‍ 2023 ല്‍ ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ അഭിപ്രായത്തില്‍ 187 രാജ്യങ്ങളില്‍ 90 ശതമാനം തൊഴിലാളികള്‍ക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള മിനിമം കൂലി ലഭിക്കുന്നില്ല എന്നത് 2023ലും തുടരുമെന്ന് ഏതാണ്ട് ഉറപ്പാണ്. ആഗോള ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ച നിലവിലുള്ള 3.2 ശതമാനത്തില്‍ നിന്നും 2023 ല്‍ 2.7 ശതമാനമായി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. ലോകത്തെ മൂന്ന് വലിയ സാമ്പത്തിക ശക്തികളായ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ചൈന എന്നീ സമ്പത്ത് വ്യവസ്ഥകള്‍ വലിയ പ്രതിസന്ധി 2023 ല്‍ നേരിടുമെന്ന് ഉറപ്പാണ്. 2023 ആകുമ്പോഴേക്കും ചൈനയുടെ അപ്രമാദിത്വം പല മേഖലകളിലും കുറയുമെന്ന് പ്രവചിക്കപ്പെടുന്നു.

ഇന്റര്‍നാഷണല്‍ മോണിറ്ററിംഗ് ഫണ്ട് (ഐ.എം.എഫിന്റെ) കണക്ക്പ്രകാരം ഹരിത ഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം 2030 ആകുമ്പോഴേക്കും 20 ശതമാനം വര്‍ധിക്കും. കാര്‍ബണ്‍ പുറത്തുവിടുന്നതിന് പണം ബന്ധപെട്ടവരില്‍നിന്ന് ഈടാക്കാന്‍ 2023ല്‍ കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ട്‌വരും. നിലവില്‍ ഉത്പാദിക്കപ്പെടുന്ന ഉത്പന്നങ്ങളില്‍ 78 ശതമാനവും പ്രകൃതിക്ക് ഇണങ്ങിയ രീതിയില്‍ മാറിയാല്‍ മാത്രമേ 2030 ല്‍ സുസ്ഥിര വികസന ലക്ഷ്യം നേടാന്‍ സാധിക്കുകയുള്ളൂ. വായുമലിനീകരണം 2023 ല്‍ വലിയ പ്രശ്‌നമായി മാറും എന്നാണ് വിശ്വസിക്കുന്നത്. ശുദ്ധമായ വായു മനുഷ്യാവകാശത്തിന്റെ പ്രധാന ഘടകമാണ്. ഒരു ദിവസം ഒരു മനുഷ്യന് 5.75 ലിറ്റര്‍ ഓക്‌സിജന്‍ ആവശ്യമുണ്ട് ഇത് പൂര്‍ണമായും ശുദ്ധമായും ലഭിക്കുന്നതിന് വലിയ ഇടപെടല്‍ രാജ്യങ്ങള്‍ നടത്തണം. ലോകത്ത് ഏറ്റവും കൂടുതല്‍ വായു മലിനീകരണം നടക്കുന്നത് ബംഗ്ലാദേശിലും ഇന്ത്യയിലുമാണ്. മനുഷ്യന്റെ ആയുസ്സിന്റെ 2.2 വര്‍ഷം വായു മലിനീകരണം ചുരുക്കുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 60 ശതമാനം കുറയ്ക്കാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ട് സാധിക്കും എന്നതിനാല്‍ 2023 ഇലക്ട്രിക് വാഹനങ്ങളുടെ വര്‍ഷമായി മാറാന്‍ സാധ്യതയുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ 32 ശതമാനം കാര്‍ബണ്‍ പുറത്ത്‌വിടുന്നത് ചൈനയാണ്. ലോകത്ത് 260 കോടി ജനങ്ങള്‍ പാചകം ചെയ്യുന്നത് നിലവില്‍ പരമ്പരാഗത രീതിയിലാണ് അവര്‍ക്ക് 2023ല്‍ ഗ്യാസ് ലഭിക്കുമോ എന്നത് ലോകം ഉറ്റുനോക്കുന്നു. വൈദ്യുതി ആവശ്യം 82.88 ശതമാനം വളര്‍ച്ച നേരിടുമ്പോള്‍ പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ 2023 അതിവേഗം വികസിക്കും എന്ന് പ്രതീക്ഷിക്കുന്നു. വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ആഭ്യന്തര ഉത്പാദനത്തിന്റെ 50 ശതമാനം ഉത്പന്നങ്ങളും പ്രകൃതിയുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ ലോകത്തെ ജൈവവൈവിധ്യ സമ്പത്ത് പൂര്‍ണമായി സംരക്ഷിക്കുന്നതിന് ഉത്പന്നങ്ങള്‍ കൂടുതല്‍ പ്രകൃതി സൗഹൃദമാകേണ്ടതായിട്ടുണ്ട.് ലോകത്ത് 840 ദശലക്ഷം പേര്‍ക്ക് വൈദ്യുതി ലഭിക്കുന്നില്ല. കുടിവെള്ളത്തില്‍ നിന്ന് വിഷാംശം നീക്കം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യ കണ്ട് പിടിച്ചത് 2022 നല്‍കിയ ശുഭാപ്തിവിശ്വാസമായിരുന്നു. ജനങ്ങള്‍ക്ക് നേരിട്ട് ഗുണം ലഭിക്കുന്ന പുതിയ കണ്ടുപിടിത്തങ്ങള്‍ക്കായി 2023 സാക്ഷ്യം വഹിക്കട്ടെ എന്ന് പ്രത്യാക്ഷിക്കാം. വിദ്യാഭ്യാസവും നൈപുണ്യവും തമ്മിലുള്ള വിടവ് കുറയ്ക്കുക എന്നത് ലോകരാജ്യങ്ങള്‍ 2023 ല്‍ ലക്ഷ്യമിടുന്ന പ്രധാന പ്രവര്‍ത്തനമാണ്. വിദ്യാഭ്യാസ മേഖലയില്‍ 2025 ആകുമ്പോഴേക്കും 41 ശതമാനം പുതിയ തൊഴിലവസരങ്ങള്‍ നിലവിലുള്ള വിദ്യാഭ്യാസ രീതിയില്‍നിന്ന് മാറിയാല്‍ ഉണ്ടാകും എന്ന് കണക്കാക്കപ്പെടുന്നു. വളര്‍ന്നുവരുന്ന തലമുറക്ക് നൈപുണ്യ ശേഷി വര്‍ധിപ്പിക്കാന്‍ 400 ബില്യണ്‍ യു.എസ് ഡോളര്‍ വേണ്ടിവരും. വിവിധ രാജ്യങ്ങളുടെ കറന്‍സിക്ക് മൂല്യ ശോഷണം സംഭവിച്ചത് ശ്രീലങ്കന്‍ പശ്ചാത്തലത്തില്‍ ലോകം കണ്ടതാണ്. ഇത് കൂടുതല്‍ രാജ്യങ്ങളുടെ കറന്‍സിയെ 2023 ല്‍ ബാധിക്കും. 1947ല്‍ ഇന്ത്യക്ക് ഒരു യു.എസ് ഡോളര്‍ ലഭിക്കണമെങ്കില്‍ 4.16 രൂപ നല്‍കിയാല്‍ മതിയായിരുന്നു ഇന്ന് 79 രൂപയിലധികം നല്‍കണം. ഇത് കൂടുതല്‍ വര്‍ദ്ധിക്കാനാണ് സാധ്യത. ലോകത്ത് 2021ല്‍ 2052 പേര്‍ക്ക് 56 രാജ്യങ്ങളിലായി വധശിക്ഷ വിധിച്ചിട്ടുണ്ട്. 2023ല്‍ ഇത് കുറയുമോ എന്നത് ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. ലോക രാജ്യങ്ങളുടെ പ്രതിരോധ ചെലവ് വലിയ രീതിയില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അണുവായുധ ഭീഷണി, പലിശ നിരക്ക് കൂട്ടല്‍, ജീവിത ചെലവ് വര്‍ധിക്കല്‍, തൊഴിലില്ലായ്മ, അസമത്വം, പട്ടിണി, കൂട്ട പലായനം, ആരോഗ്യ രംഗത്തുള്ള വെല്ലുവിളികള്‍, തൊഴിലല്ലായ്മ, ലൈംഗികാതിക്രമം, അഴിമതി, ഭീകരത തുടങ്ങിയവ 2023 ലും ലോക രാജ്യങ്ങളുടെ മുന്‍പില്‍ പരിഹരിക്കപ്പെടാതെ കിടക്കുമെന്നത് നിലവിലെ ലോകക്രമം നേരിട്ട് മനസിലാക്കിയാല്‍ സാധിക്കുന്നതാണ്.

webdesk11: