X

വിമാന നിരക്കില്‍ പകല്‍ കൊള്ള; നാട്ടിലെത്താന്‍ നട്ടം തിരിഞ്ഞ് പ്രവാസികള്‍

നെടുമ്പാശ്ശേരി: വിവിധ ആഘോഷങ്ങളുടെ കാലയളവില്‍ കുടുംബമായി നാട്ടിലേയ്ക്ക് വരുന്ന പ്രവാസികളെ വിമാന കമ്പനികള്‍ പിഴിയുന്നു. ഈസ്റ്റര്‍ , വിഷു , റമസാന്‍ കാലയളവ് തുടങ്ങിയതോടെയാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് ഗള്‍ഫ് മേഖലയില്‍ നിന്നുള്ളവര്‍ക്ക് തിരിച്ചടി നല്‍കുന്നത് . ഖത്തര്‍, ദോഹ, സഊദി അറേബ്യ, മസ്‌ക്കറ്റ്, ഷാര്‍ജ, ദുബായി, അബുദാബി തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നും കേരളത്തിലേയ്ക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിലധികമാക്കിട്ടുണ്ട്. പെരുന്നാള്‍ സീസണ്‍ , ആരംഭിക്കുന്നതിന് മുന്‍പ് പരമാവധി 7500 രൂപയായിരുന്നത് ഇപ്പോള്‍ 15000 ത്തില്‍ അധികമാണ് . റമസാന്‍ കാലയളവാകുന്നതോടെ വീണ്ടും വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് അറിയുന്നത് . ഗള്‍ഫില്‍ സ്‌ക്കൂള്‍ അവധിക്കാലം ആരംഭിക്കാനുള്ള കാലയളവ് കൂടെ വരികയാണ് . വീണ്ടും വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ അതിശയിക്കേണ്ടതില്ല .വിദേശ വിനോദ സഞ്ചാരികളുടെ വരവും ഈ കാലയളവിലാണ്. കേരളത്തിലെ കൊച്ചി , തിരുവനന്തപുരം, കോഴിക്കോട് , കണ്ണൂര്‍ എന്നീ വിമാനത്താവളങ്ങളിലേയ്ക്കുള്ള ടിക്കറ്റ് നിരക്കാണ് പ്രധാനമായും വര്‍ദ്ധിപ്പിച്ചിട്ടുള്ളത് . ഒരാള്‍ക്ക് ഈ കാലയളവില്‍ നാട്ടില്‍ വന്നു പോകുന്നതിന് മൊത്തം അരലക്ഷം രൂപ ചെലവാക്കേണ്ടി വരുമെന്ന് പ്രവാസി സംഘടന ഭാരവാഹികള്‍ പറയുന്നു.

കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും ചാര്‍ട്ടര്‍ഫ്ളൈറ്റ് നടത്താന്‍ അനുവദിക്കണമെന്ന കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും അനുകൂലമായ നടപടി ഉണ്ടായിട്ടില്ല . വിമാന കമ്പനികളുടെ ചൂഷണത്തില്‍ നിന്നും പ്രവാസികള്‍ക്ക് ആശ്വാസം കിട്ടുന്ന നിര്‍ദ്ദേശമായിരുന്നു ഇത്. ഗള്‍ഫ് മേഖലയില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള പുതുക്കിയ വിമാന ടിക്കറ്റ് നിരക്ക് 19000 രൂപയും കോഴിക്കോട്ടേയ്ക്ക് 23000 രൂപയും കണ്ണൂരിലേയ്ക്ക് 20650 രൂപയും തിരുവനന്തപുരത്തേയ്ക്ക് 22000 രൂപയുമാണ് ശരാശരി നിരക്ക് . സഊദി അറേബ്യയില്‍ നിന്ന് കൊച്ചിയിലേയ്ക്ക് മറ്റ് വിമാനത്താവളങ്ങള്‍ വഴിയുള്ള നിരക്ക് 31200 രൂപയും കോഴിക്കോട്ടേയ്ക്ക് നേരിട്ട് 22000 രൂപയും കണ്ണൂരിലേയ്ക്ക് നേരിട്ട് 36400 രൂപയും മറ്റ് വിമാനത്താവളങ്ങള്‍ വഴി 39000 രൂപയും തിരുവനന്തപുരത്തേയ്ക്ക് മറ്റ് വിമാനത്താവളം വഴി 32000 രൂപയും ആണ് ഇപ്പോള്‍ ഉള്ള നിരക്ക്. ദോഹ, ബഹ്റയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേയ്ക്ക് നേരിട്ട് 28000 രൂപയും കോഴിക്കോട്ടേയ്ക്ക് മറ്റ് വിമാനത്താവളങ്ങള്‍ വഴി 34000 രൂപയും കണ്ണൂരിലേയ്ക്ക് നേരിട്ട് 24000 രൂപയും തിരുവനന്തപുരത്തേയ്ക്ക് മറ്റ് വിമാനത്താവളങ്ങള്‍ വഴി 23000 രൂപയുമാണ്. ടിക്കറ്റ് ബുക്കിംഗ് ഓണ്‍ലൈന്‍ വഴിയായതിനാല്‍ ദിവസേന നിരക്കുകളില്‍ വര്‍ദ്ധനവ് ഉണ്ടാകും. കേന്ദ്ര ,സംസ്ഥാന സര്‍ക്കാരുകള്‍ എയര്‍ലൈന്‍സുകളുടെ പകല്‍കൊള്ളയ്ക്കു നേരേ കണ്ണടക്കുകയാണന്ന് ആരോപണമുണ്ട്.

webdesk11: