X

പെട്ടി മുറുക്കി പ്രവാസികള്‍; ടിക്കറ്റെടുക്കാതെ ഇനിയും അനേകങ്ങള്‍

റസാഖ് ഒരുമനയൂര്‍

അബുദാബി: അവധിക്കാലം അടുത്തതോടെ നിരവധി പ്രവാസികള്‍ പ്രിയപ്പെട്ടവര്‍ക്കുള്ള സാധനങ്ങള്‍ വാങ്ങി പെട്ടിമുറുക്കിയെങ്കിലും ഇനിയും ടിക്കറ്റെടുക്കാന്‍ കഴിയാതെ നൂറുകണക്കിനുപേര്‍ പ്രയാസപ്പെടുന്നു.അമിതമായ ടിക്കറ്റ് നിരക്ക്മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മൂലമാണ് പലരും ഇനിയും ടിക്കറ്റെടുക്കാതെ കടുത്തമാനസിക സംഘര്‍ഷവുമായി കഴിയുന്നത്. ഗള്‍ഫ് നാടുകളിലെ വേനല്‍ അവധിയും പെരുന്നാള്‍ ആഘോഷവും ഒന്നിച്ചു വന്നതോടെ ടിക്കറ്റ് നിരക്ക് താങ്ങാവുന്നതിലേറെയാക്കിയാണ് ഉയര്‍ത്തിയിട്ടുള്ളത്.

വന്‍തോതില്‍ നിരക്ക് ഉയര്‍ന്നതുമൂലം പലരും യാത്ര തന്നെ മാറ്റിവെച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസങ്ങളില്‍ പല റൂട്ടുകളിലും വളരെ കുറച്ചുമാത്രം യാത്രക്കാരുമായി വിമാനം പറന്ന വസ്തുതയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സീറ്റ് എത്ര ഒഴിഞ്ഞുകിടന്നാലും വിരോധമില്ല, നിരക്ക് കുറയ്ക്കുന്ന പ്രശ്നമില്ല എന്ന നിലപാടാണ് ചില എയര്‍ലൈനുകള്‍ സ്വീകരിച്ചിട്ടുള്ളത്.

പ്രിയപ്പെട്ടവരെ കാണാന്‍ വെമ്പിക്കഴിയുന്ന കുടുംബാംഗങ്ങള്‍ ശരിക്കും കടുത്ത നിരാശയിലാണ് കഴിയുന്നത്. ബാപ്പ എന്നുവരുമെന്ന് ചോദിക്കുന്ന കുഞ്ഞുങ്ങള്‍ക്കുമുമ്പില്‍ വ്യക്തമായ മറുപടി പറായനാവാതെ വിതുമ്പുന്ന പ്രവാസികള്‍ ഏറെയാണ്.അവധിക്കാലത്തെ കൊള്ളയടിയില്‍ സാധാരാണക്കാരായ തൊഴിലാളികളും ഉള്‍പ്പെടുന്നുവെന്നത് സങ്കടകരമാണ്. പ്രതിമാസം 1000 ദിര്‍ഹം വേതനത്തിന് ജോലി ചെയ്യുന്ന പാവപ്പെട്ട തൊഴിലാളി നാട്ടില്‍ പോയി വരുന്നതിന് ഒരുലക്ഷം രൂപ ടിക്കറ്റിന് നല്‍കണമെന്നത് തികച്ചും കടുത്ത അനീതി തന്നെയാണ്. കുടുംബവുമായി കഴിയുന്ന ഇടത്തരക്കാരാണെങ്കില്‍ കുടുംബസമേതം പോയിവരുന്നതിന് നാല് ലക്ഷത്തോളെ രൂപ വരെ ചെലവഴിക്കണമെന്നതാണ് അവസ്ഥ.

ഈ ദുരവസ്ഥയില്‍ മനംനൊന്ത് കഴിയുന്ന പ്രവാസികളോട് പതിറ്റാണ്ടുകളായി തുടരുന്ന ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്ന ആവശ്യത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

webdesk11: