X

കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ബന്ധിത ക്വാറന്റീന്റനെതിരെ പ്രതിഷേധവുമായി പ്രവാസികള്‍

കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ പ്രവാസികള്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ ഏര്‍പ്പെടുത്ത കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ നിലപാടിനെതിരെ പ്രതിഷേധവുമായി പ്രവാസികള്‍. നാട്ടിലെത്തിയാല്‍ ഏഴ് ദിവസം ഹോം ക്വാറന്റീനും കോവിഡ് നെഗറ്റീവായാലും ഏഴ് ദിവസം സ്വയം നിരീക്ഷണവും വേണമെന്നാണ് നിയമം. നിരവധി പ്രവാസികള്‍ പുതിയ മാര്‍ഗനിര്‍ദേശം വന്നതോടെ യാത്ര റദ്ദാക്കി. ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് ക്വാറന്റീനില്ല എന്ന വൈരുദ്ധ്യവും പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് നിയന്ത്രണങ്ങളില്ല. ഈ പ്രായോഗിക രീതി കേരളവും പിന്തുടരണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്ക് പോലും നാട്ടിലെത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് പ്രവാസികള്‍.

പുതിയ നിയന്ത്രണങ്ങള്‍ പ്രവാസി നിയന്ത്രണം മാത്രമാക്കി മാറ്റരുതെന്ന് യു.എ.ഇ കെ.എം.സി.സി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പ്രവാസികള്‍ക്കു മാത്രം നിരന്തരം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് എന്ന നിബന്ധന പ്രവാസികളെ പിഴിയുന്നതിനു തുല്യമാണ്. സ്വകാര്യ ലാബുകളുടെ ഇംഗിതം നടപ്പാക്കുന്ന ഏജന്‍സിയായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാറരുത്. പുതുതായി കൊണ്ടുവരുന്ന നിബന്ധനകള്‍ പ്രയോഗത്തില്‍ വരുമ്പോഴാണ് ഇതിലെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുക. പ്രവാസി സൗഹൃദ സംസ്ഥാനമെന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തെ ഒരു പ്രവാസി ദ്രോഹ സംസ്ഥാനമാക്കരുതെന്ന് കെ.എം.സി.സിയുടെ യു.എ.ഇ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാനും ജനറല്‍ സെക്രട്ടറി പി.കെ അന്‍വര്‍ നഹയും, ട്രഷറര്‍ നിസാര്‍ തളങ്കരയും വ്യക്തമാക്കി.

 

Test User: