പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടില്‍ പ്രവാസലോകവും ശോകമൂകമായിമാറി. മരണവാര്‍ത്ത അറിഞ്ഞതുമുതല്‍ ലക്ഷക്കണക്കായ കെഎംസിസി പ്രവര്‍ത്തകരും അനുഭാവികളും പ്രാര്‍ത്ഥനാ നിര്‍ഭരരായി കഴിയുകയായിരുന്നു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. തിങ്കളാഴ്ച നടന്ന മയ്യിത്ത് നമസ്‌കാരത്തിലും പ്രാര്‍ത്ഥനകളിലും ആയിരങ്ങളാണ് സംബന്ധിച്ചത്. ജനബാഹുല്യംമൂലം നിരവധി തവണയായാണ് മയ്യിത്ത് നമസ്‌കാരം നിര്‍വ്വഹിച്ചത്.
അബുദാബി കെഎംസിസി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, സുന്നി സെന്റര്‍ എന്നീ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ട് എംപിഎം റഷീദ് അധ്യക്ഷനായിരുന്നു. കെഎംസിസി പ്രസിഡണ്ട് ശുക്കൂറലി കല്ലിങ്ങല്‍ സ്വാഗതം പറഞ്ഞു. സിംസാറുല്‍ ഹഖ് ഹുദവി അനുസ്മരണ പ്രഭാഷണം നടത്തി.
ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി ബാവ ഹാജി, സുന്നി സെന്റര്‍ പ്രസിഡണ്ട് റഊഫ് അഹ്‌സനി, ഡോ.ഒളവട്ടൂര്‍ അബ്ദുല്‍റഹ്മാന്‍, ഇന്ത്യ സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് യോഗേഷ് പ്രഭു, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് കൃഷ്ണകുമാര്‍, മലയാളി സമാജം പ്രസിഡണ്ട് സലീം ചിറക്കല്‍, മൊയ്തു എടയൂര്‍, കരപ്പാത്ത ഉസ്മാന്‍, അസീസ് കാളിയാടന്‍, റസാഖ് ഒരുമനയൂര്‍, ജോജോ അമ്പോക്കന്‍, പികെ അഹമ്മദ് ബല്ലാകടപ്പുറം, ബിസി അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. കെഎംസിസി ആക്ടിംഗ് ജനറല്‍ സെക്രട്ടറി സമീര്‍ നന്ദി രേഖപ്പെടുത്തി.
അബുദാബി മലയാളി സമാജത്തില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിനും പ്രാര്‍ത്ഥനക്കും സുന്നി സെന്റര്‍ ഭാരവാഹികളായ സയ്യിദ് റഫീഖ് ഹുദവി, അസീസ് മൗലവി എന്നിവര്‍ നേതൃത്വം നല്‍കി. മുസഫ സുന്നി സെന്റര്‍ പ്രസിഡണ്ട് ലത്തീഫ് ഹുദവി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.