X

കുരുക്കില്‍പെട്ട് പ്രവാസി ക്ഷേമനിധി

മുഹമ്മദ് കക്കാട്

പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഭാവി സുരക്ഷയ്ക്കു ഊന്നല്‍ നല്‍കി കേരള സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ പദ്ധതിയാണ് പ്രവാസി ക്ഷേമനിധി. പദ്ധതിയില്‍ ഏറ്റവും പ്രയോജനകരവും പ്രവാസികളില്‍ ആശ്വാസം പകര്‍ന്നതുമാണ് പ്രവാസി പെന്‍ഷന്‍. എന്നാല്‍ ഗള്‍ഫുകാരിലെ അടിസ്ഥാന വിഭാഗത്തില്‍പെട്ട, ഗള്‍ഫിലേക്കു വഴി കാണിച്ചവരും പാത തെളിച്ചവരുമായവര്‍ ഈ പെന്‍ഷന്‍ പദ്ധതിക്ക് പുറത്താണ്. പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള പ്രായം നിചപ്പെടുത്തിയപ്പോള്‍ പെന്‍ഷനു ഏറ്റവും കൂടുതല്‍ അര്‍ഹരായ ആദ്യകാല പ്രവാസികള്‍ പുറം തള്ളപ്പെടുകയായിരുന്നു. കേരളത്തിനു പുറത്തുള്ള 55 വയസ് വരെയുള്ള പ്രവാസിക്കും വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസിക്കും ഇതിന്റെ ഭാഗമാകാന്‍ കഴിയും. അതു പോലെ പ്രവാസം മതിയാക്കി കേരളത്തില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത, 55 വയസില്‍ കൂടാത്ത സ്ഥിര താമസമാക്കിയവര്‍ക്കും പദ്ധതിയില്‍ അംഗത്വമെടുക്കാം. പക്ഷേ, ഗള്‍ഫ് കുടിയേറ്റത്തിന്റെ തുടക്കത്തില്‍ കപ്പല്‍ കയറിയ പലര്‍ക്കും 2008 ല്‍ പദ്ധതി നടപ്പില്‍ വരുമ്പോള്‍ 55 പിന്നിട്ടു കഴിഞ്ഞിരുന്നു. അതിനാല്‍ ഇവര്‍ക്ക് പെന്‍ഷന്‍ പദ്ധതിയില്‍ അംഗത്വം ലഭിച്ചില്ല. പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ അഞ്ച് വര്‍ഷം പ്രീമിയം (അംശാദായം ) അടയ്ക്കണം. ഇവര്‍ക്ക് അതിനും അവസരമില്ല. പദ്ധതി നിലവില്‍ വരുമ്പോള്‍ അമ്പത്തഞ്ച്,അറുപത് വയസ് പൂര്‍ത്തിയായ പ്രവാസികള്‍ക്കും പെന്‍ഷന്‍ ലഭ്യമായാലേ ഏറ്റവും പരിഗണന അര്‍ഹിക്കുന്ന ഈ അടിസ്ഥാന വിഭാഗത്തിന് പെന്‍ഷന്‍ ലഭിക്കൂ.

പ്രവാസി പെന്‍ഷനില്ല

പ്രവാസി ഹാജി എന്നറിയപ്പെടുന്ന ഒരാളുണ്ടിവിടെ. ആദ്യകാലത്ത് അതായത് 1977 ല്‍ ഗള്‍ഫിലേക്കു ചേക്കേറിയതാണ് പ്രവാസി ഹാജി എന്നറിയപ്പെടുന്ന ചെറുവാടി കരിമ്പിലിക്കാടന്‍ മമ്മദ് കുട്ടി. പ്രദേശത്തെ ആദ്യത്തെ പ്രവാസി. ഇരുപത്തിയഞ്ച് വര്‍ഷം ഗള്‍ഫിന്റെ ചൂടും തണുപ്പും ബലാരിഷ്ടതകളും സഹിച്ചാണ് ജിദ്ദയില്‍ കഴിഞ്ഞത്. 2002 ലാണ് മടങ്ങിയത്. തിരിച്ചെത്തിയിട്ട് രണ്ടു പതിറ്റാണ്ട്. പക്ഷേ, എന്നിട്ടും പ്രവാസി ഹാജിക്ക് പ്രവാസി പെന്‍ഷനില്ല. മുട്ടാത്ത വാതിലുകളില്ല, കാണാത്ത നേതാക്കളില്ല. പ്രവാസി സംഘടനകള്‍ക്കെല്ലാം പ്രവാസി ഹാജി സുപരിചിതന്‍. മന്ത്രിമാരുമായിവരെ വ്യക്തി ബന്ധമുള്ളയാളുമാണിദ്ദേഹം. മന്ത്രിമാര്‍ വീട്ടില്‍ കാണാനെത്തിയിരുന്നു. പറഞ്ഞിട്ടെന്ത്? പ്രായം കൊണ്ട് കെട്ടിപ്പിണഞ്ഞ നിയമത്തിന്റെ കുരുക്കഴിക്കാന്‍ ഒന്നുകൊണ്ടു മായില്ല, പ്രവാസി ഹാജി അനുഭവങ്ങള്‍ പങ്കിട്ടു. വീട്ടുവളപ്പില്‍ സ്വന്തമായൊരു മില്ലുണ്ട്. പ്രവാസത്തിന്റെ ഓര്‍മയായി ‘പ്രവാസി ഫ്‌ളോര്‍ മില്‍’ . മകന്‍ സല്‍മാനാണ് മില്ല് നടത്തുന്നത്. അതാണ് ജീവിതമാര്‍ഗം. അടുത്ത കാലംവരെ സാമൂഹിക രംഗത്ത് സജീവമായിരുന്നു. ഹജ്ജ് ഹൗസായിരുന്നു പ്രധാന സേവന തട്ടകം. പരിസ്ഥിതിയെപ്പറ്റി രസകരമായി ക്ലാസെടുത്തിരുന്നു. ആറു മാസം മുമ്പ് സംഭവിച്ച വീഴ്ചയെ തുടര്‍ന്നാണ് വീട്ടില്‍ വിശ്രമത്തിലായത്.
ഇങ്ങിനെ ഒട്ടേറെ ആദ്യകാല പ്രവാസികള്‍ പെന്‍ഷന്‍ ആനുകൂല്യത്തില്‍നിന്ന് പുറംതള്ളപ്പെട്ടവരായുണ്ട്. മക്കളുടെയും ബന്ധുക്കളുടെയും ഉദാരമതികളുടെയും തണലില്‍ കഴിയുന്ന ഇവര്‍ക്ക് മാസംതോറും 2000 രൂപ വീതമെങ്കിലും കിട്ടിയാല്‍ മരുന്നു വാങ്ങാനെങ്കിലും സഹായകമാകുന്നതിനു പുറമെ അത് വല്ലാത്തൊരു സന്തോഷവും അംഗീകാരവുമായിരിക്കും.

അംഗത്വം നിലനിര്‍ത്താന്‍
അടക്കേണ്ടത് 54,140 രൂപ

പദ്ധതിയില്‍ അംഗമായി വഴിയില്‍ കുടുങ്ങി നെടുവീര്‍പ്പിടുന്നവരും സഹായത്തിന്നായി കൈ നീട്ടുന്നവരുമുണ്ട്. പ്രീമിയം അടവ് തെറ്റുന്നതാണിവിടത്തെ പ്രശ്‌നം. അടവ് തെറ്റിയാല്‍ വന്‍ തുക പിഴയാണ്. മാസ് റിയാദ് ജനറല്‍ സെക്രട്ടറിയും ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ അഷ്‌റഫ് മേച്ചേരി, ഈയ്യിടെ പ്രീമിയം അടയ്ക്കാന്‍ നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. അഞ്ച് വര്‍ഷത്തേക്ക് 18,000 രൂപ അടക്കേണ്ട സ്ഥാനത്ത് ഇപ്പോള്‍ കാണുന്നത് പലിശയും കൂട്ടുപലിശയുമടക്കം 54,140 രൂപയാണ്. ഇത്രയും തുക അടച്ചാലേ എനിക്ക് ക്ഷേമനിധിയില്‍ അംഗത്വം പുതുക്കാന്‍ സാധിക്കൂ. ഇത് റദ്ദാക്കി പുതിയ അപേക്ഷ നല്‍കാമെന്നു വെച്ചാല്‍ അതിനും നിര്‍വാഹമില്ല. ഒരാള്‍ക്ക് ഒരു അംഗത്വം മാത്രമേ സാധിക്കുകയുള്ളൂ.

അക്ഷയയുടെ കബളിപ്പിക്കല്‍

ഇതിനിടെ, അക്ഷയ സെന്ററുടെ കബളിപ്പിക്കലും ക്ഷേമനിധി പെന്‍ഷന്റെ കാര്യത്തില്‍ പ്രവാസികളെ കെണിയില്‍പെടുത്തുന്നതായി മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ അഷ്‌റഫ് ചൂണ്ടിക്കാട്ടി. അടച്ച തുക ക്ഷേമനിധിയില്‍ എത്തിക്കാണാത്ത അനുഭവങ്ങളേറെയുണ്ട്. അക്ഷയ സെന്ററുകള്‍ സര്‍ക്കാര്‍ സംവിധാനമാണെന്നും പ്രീമിയം തുക അവിടെ ഏല്‍പിക്കുന്നതോടെ അടവായെന്നുമാണ് പൊതുവെ എല്ലാവരുടെയും കണക്കുകൂട്ടല്‍. കൈയില്‍ കിട്ടുന്ന രശീതിയെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല. എന്നാല്‍ തുക അക്ഷയ നടത്തിപ്പുകാരന്റെ എക്കൗണ്ടില്‍ നിന്ന് ക്ഷേമനിധി ബോര്‍ഡ് എക്കൗണ്ടിലേക്ക് നീങ്ങിയിട്ടില്ലെന്ന് പലരും അറിയുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്. ഫലമോ പ്രീമിയം അടച്ചിട്ടും അടക്കാത്തവരുടെ പട്ടികയിലാവുകയും പലിശയും കൂട്ടു പലിശയമായി വന്‍ തുക ബാധ്യതയായി മാറുകയും ചെയ്യുന്നു.

സംഘടനകള്‍ക്കും പരാതി

60 വയസ് കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം നല്‍കണം, ഒറ്റ തവണ എന്ന വ്യവസ്ഥയില്‍ അഞ്ച് കൊല്ലത്തെ അംശാദായം അടച്ച് മൂന്ന് കൊല്ലത്തിന് ശേഷം പെന്‍ഷന്‍ കൊടുക്കാന്‍ അവസരം ഉണ്ടാക്കണം, ആയിരക്കണക്കിന് സാധാരണ പ്രവാസികള്‍ക്ക് ക്ഷേമനിധിയില്‍ ചേരാന്‍ പറ്റാത്തവരുണ്ട്. കുറേകാലം ഗള്‍ഫിലായിപ്പോയതിനാല്‍ 65 കഴിഞ്ഞിട്ടും സര്‍ക്കാറിന്റെ ഒരു പെന്‍ഷനും കിട്ടാത്ത സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിയണമെന്ന് യു.എ.ഇ കെ.എം.സി.സി പ്രസിഡണ്ട് ഡോക്ടര്‍ പുത്തൂര്‍ റഹ്മാന്‍, ചിരന്തന പ്രസിഡണ്ടും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡണ്ടുമായ പുന്നക്കന്‍ മുഹമ്മദലിയും പറഞ്ഞു.
അറുപത് പൂര്‍ത്തിയായവര്‍ പെന്‍ഷന് അപേക്ഷിക്കുമ്പോള്‍ വിവിധ കാരണങ്ങളാല്‍ അപേക്ഷ മടക്കുകയും വീണ്ടും അപേക്ഷിക്കേണ്ടി വരികയും ചെയ്യുന്നു. ഇതിനിടെ മാസങ്ങളും വര്‍ഷങ്ങളും കടന്നുപോകും. എന്നാല്‍ ഈ കാലയളവിലെ പെന്‍ഷന്‍ കുടിശ്ശിക അനുവദിക്കുന്നില്ല. ഇതും തിരുത്തേണ്ടതാണ്, പ്രവാസി പെന്‍ഷനേഴ്‌സ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ ഗുലാം ഹുസൈന്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ക്കും മുന്‍ പ്രവാസികള്‍ക്കുമെല്ലാം പ്രയോജന പ്രദമായ പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ പദ്ധതി, സംസ്ഥാന സര്‍ക്കാരിന്റെ പുനരാലോചനയ്ക്കും പരിഷ്‌കരണത്തിനും വിധേയമാകേണ്ടതാണെന്ന് ചുരുക്കം.

Test User: