അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : കോവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ നാട്ടിലെത്തുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്ന ക്രൂരമായ നടപടികളിൽ നിന്ന് കേന്ദ്ര കേരള സർക്കാരുകൾ പിന്മാറണമെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി. പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ 72 മണിക്കൂറിനകം ചെയ്‌ത ടെസ്റ്റ് റിപ്പോർട്ടുകൾ എയർ സുവിദ പോർട്ടൽ വഴി അപ്‌ലോഡ് ചെയ്യണമെന്നും എന്നാൽ മാത്രമേ യാത്രക്ക് അനുമതി നല്കുകയുള്ളുവെന്നും നാട്ടിലെ വിമാനത്താവളങ്ങളിലെത്തിയാൽ 1800ഓളം രൂപ മുടക്കി വീണ്ടും ടെസ്റ്റ് ചെയ്യണമെന്നുമുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ നിബന്ധനകൾ പ്രവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നുവെന്നും ഈ തീരുമാനം പിൻവലിക്കാൻ കേന്ദ്രത്തിൽ കേരള സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നും കെഎംസിസി നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇപ്പോൾ നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികളിൽ ഭൂരിഭാഗവും ജോലി നഷ്ടപെട്ടിട്ടും യാത്രാവിലക്ക് മൂലം ജോലിചെയ്യുന്ന രാജ്യങ്ങളിലേക്ക് എത്താൻ സാധിക്കാത്തവരുമാണ്. ശൂന്യമായ കൈകളുമായി എത്തുന്ന ഇത്തരം പ്രവാസികളെയും കുടുംബങ്ങളെയുമാണ് മണിക്കൂറുകൾക്കകം രണ്ട് പി സി ആർ ടെസ്റ്റുകൾക്ക് വിധേയരാക്കി ക്രൂരത കാണിക്കുന്നത്. യാത്ര ചെയ്യാനുള്ള ടിക്കറ്റിനു പോലും അന്യരെ ആശ്രയിക്കേണ്ട ഗതികേടിലാണ് പല പ്രവാസികളും. ഭൂരിഭാഗവും മലയാളികളാണെന്നിരിക്കെ ഇത് കേന്ദ്ര നടപടിയാണെന്ന് പറഞ്ഞു മാറി നിൽക്കുന്നതിന് പകരം കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി കേരളത്തിലേക്കെത്തുന്നവരുടെ കാര്യത്തിൽ ഗൗരവമായി ഇടപെടണം.
കോവിഡ് മുൻകരുതൽ നടപടികളുമായി സഹകരിക്കാൻ പ്രവാസി സമൂഹം പ്രതിജ്ഞാ ബദ്ധമാണ്. എന്നാൽ പ്രവാസികളല്ല ഇന്ന് കോവിഡ് വ്യാപനം നടത്തുന്നവർ. രാജ്യത്തിനെ വിവിധ ഭാഗങ്ങളിലും കേരളത്തിലും നടക്കുന്ന വ്യാപനത്തിന് ഇടയാക്കുന്ന വിഷയങ്ങളൊന്നും കാണാതെ പ്രവാസികളോട് കാണിക്കുന്ന ഈ വിവേചനത്തെ ന്യായീകരിക്കാനാവില്ല. ഇത്തരം നടപടികൾ തുടരുന്ന പക്ഷം ചെലവ് സർക്കാർ വഹിക്കുകയും ടെസ്റ്റ് സൗജന്യമാക്കുകയും വേണം . ഇക്കാര്യങ്ങളുന്നയിച്ചുകൊണ്ട് പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും എംപിമാർക്കും നോർക്കക്കും പ്രതിപക്ഷനേതാവിനും സഊദി കെഎംസിസി കത്തുകളയച്ചു. ഒന്നുകിൽ വിമാനം കയറുന്നതിന് മുമ്പായോ അല്ലെങ്കിൽ വിമാനം ഇറങ്ങിയ ശേഷമോ ഒരുതവണ മാത്രം ടെസ്റ്റ് ചെയ്യാനുള്ള സാഹചര്യമൊരുക്കുകയും അത് കേന്ദ്ര കേരള സർക്കാരുകൾ സൗജന്യമായി നൽകുകയും വേണമെന്ന് കെഎംസിസി കത്തിൽ ആവശ്യപ്പെട്ടു .
കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്നവരാണ് ഇപ്പോഴുള്ള യാത്രയിൽ കൂടുതൽ ദുരിതമനുഭവിക്കുന്നത്. ഇങ്ങിനെയുള്ളവർക്ക് വിദേശങ്ങളിൽ ഇന്ത്യൻ എംബസ്സിയുടെ സഹകരണത്തോടെയും നാട്ടിൽ വിമാനത്താവളങ്ങളിൽ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ നേരിട്ടും ടെസ്റ്റിനുള്ള സൗകര്യമൊരുക്കണം. നിലവിൽ ഏഴ് ദിവസമെന്ന കൊറന്റൈൻ കാലാവധി 14 ദിവസമായി ഉയർത്തിയ നടപടിയും പിൻവലിക്കണം. വളരെ കുറഞ്ഞ അവധിക്ക് നാട്ടിലെത്തുന്നവർക്ക് ഈ നടപടിയും കനത്ത പ്രഹരമാകും . അപ്രായോഗിക നടപടികളിലൂടെ പ്രവാസികളെ ദ്രോഹിക്കുന്ന നിലപാടിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണം .
വിദേശങ്ങളിൽ എംബസ്സിയുടെ വെൽഫയർ ഫണ്ട് ഇതിനായി ഉപയോഗപ്പെടുത്തണം. നാട്ടിൽ
വിമാനത്താവളത്തിലെത്തുന്ന പ്രവാസികളുടെ ടെസ്റ്റ് പൂർണ്ണമായും സൗജന്യമായി ചെയ്യാനുള്ള സംവിധാനങ്ങളൊരുക്കാൻ അതാത് സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകണം . കോവിഡ് സാഹചര്യത്തിൽ പ്രവാസികളിൽ പലരും ജോലി നഷ്ടപ്പെട്ടും മറ്റു കാരണങ്ങളാലും ഏറെ സാമ്പത്തിക ക്ലേശം സഹിച്ചുകൊണ്ടുമാണ് തിരിച്ചെത്തുന്നത്. ഗൾഫ് നാടുകളിൽ വെച്ച് പി സി ആർ ടെസ്റ്റ് ചെയ്യണമെങ്കിൽ ഏകദേശം ആറായിരം രൂപ (ഇരുന്നൂറു മുതൽ മുന്നൂറ് റിയാൽ) ചെലവ് വരുന്നുണ്ട്.
സാധാരണക്കാരായ പ്രവാസികൾക്ക് ഇത്രയും തുക കണ്ടെത്തുക ഇപ്പോഴുള്ള പ്രത്യേക സാഹചര്യത്തിൽ അസാധ്യമാണ്. നാലോ അഞ്ചോ പേരുള്ള കുടുംബവുമായെത്തുന്നവരാണെകിൽ പുറപ്പെടുന്ന രാജ്യങ്ങളിൽ നിന്നുള്ള ടെസ്റ്റിനുള്ള ചെലവിനു പുറമെ നാട്ടിലെ എയർപോർട്ടിലും വൻതുക നൽകേണ്ട സാഹചര്യമാണുള്ളത്.
കേന്ദ്ര സർക്കാർ ഇത്തരം ദുരിതപൂർണ്ണമായ നടപടികളിൽ നിന്ന് പിന്തിരിയാത്തപക്ഷം കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന പ്രവാസികളുടെ ടെസ്റ്റ് സൗജന്യമായി ചെയ്യാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു . നോർക്കയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഇക്കാര്യം തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാരാണ് എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്ന നിലപാടാണ് സ്വീകരിച്ചത്. നാട്ടിൽ വിമാനത്താവളങ്ങളിൽ നടത്തുന്ന പി സി ആർ ടെസ്റ്റിന് സംസ്ഥാന സർക്കാർ നിശ്ചയിച്ച തുകയിലും കൂടുതലാണ് സ്വകാര്യ ഏജൻസികൾ വാങ്ങുന്നതെന്ന പരാതിയുമുണ്ട്. കേന്ദ്ര കേരള സർക്കാരുകൾ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് സഊദി കെഎംസിസി ആവശ്യപ്പെട്ടു