ലക്‌നോ: ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭ പുനസംഘടിപ്പിക്കുന്നു. ഗോരക്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ തോറ്റതിനു പിന്നാലെയാണ് മന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ജാതി സമവാക്യങ്ങള്‍ ശരിയാക്കുകയാണ് പുനസംഘടനയുടെ ലക്ഷ്യം. പിന്നാക്ക, ദളിത് വിഭാഗങ്ങളില്‍ നിന്നും പുതുമുഖങ്ങളെ മന്ത്രിസഭയിലേക്കു കൊണ്ടുവരാനാണ് ബി.ജെ.പി നേതൃത്വം ആലോചിക്കുന്നതെന്ന് യോഗിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. എസ്.പി-ബി.എസ്.പി സഖ്യം ഉയര്‍ത്തുന്ന ഭീഷണി ഇതുവഴി മറികടക്കാനാവുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. യോഗി മന്ത്രിസഭയില്‍ പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ക്ക് മന്ത്രിസഭയില്‍ വേണ്ടത്ര പ്രാതിനിധ്യം ഇല്ലെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.
ഫുല്‍പൂരില്‍ കുര്‍മി വിഭാഗക്കാരും, ഗോരക്പൂരില്‍ നിഷാദ് വിഭാഗക്കാരും പൂര്‍ണമായും ബി.ജെ.പിയെ കൈവിട്ടതാണ് വന്‍ പരാജയത്തിന് കാരണമായതെന്നാണ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ വിലയിരുത്തല്‍. ഇതിനു പുറമെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചവരേയും പുതുതായി പാര്‍ട്ടിയിലെത്തിയവരേയും ഉള്‍പ്പെടുത്താനും ആലോചനയുണ്ട്. കുര്‍മി വിഭാഗക്കാരെ പ്രതിനിധീകരിക്കുന്ന ബി.ജെ.പിയുടെ സഖ്യകക്ഷിയായ അപ്‌ന ദളിനും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചേക്കും. അടുത്ത മാസം ആദ്യം നടക്കുന്ന മന്ത്രിസഭ പുനസംഘടനയില്‍ നിലവിലെ മന്ത്രിമാരില്‍ ചിലര്‍ക്ക് സ്ഥാനം നഷ്ടമാവുമെന്ന് പാര്‍ട്ടി നേതൃത്വം സൂചന നല്‍കിയിട്ടുണ്ട്. ഇവരില്‍ പലരുടേയും പ്രകടനത്തില്‍ പാര്‍ട്ടി തൃപ്തരല്ല.