X

കശ്മീര്‍ നയത്തിന്റെ പലായനം-എഡിറ്റോറിയല്‍

 

അതിര്‍ത്തി സംസ്ഥാനമായ ജമ്മുകശ്മീരിനെ ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചുകൊണ്ടും സ്വാതന്ത്ര്യകാലംതൊട്ടുള്ള അവിടുത്തെ പ്രത്യേകാവകാശ നിയമത്തെ എടുത്തുകളഞ്ഞുകൊണ്ടും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ കൈക്കൊണ്ട നയത്തിന്റെയും തീരുമാനത്തിന്റെയും ആപല്‍കരമായ പരിണതിയാണിപ്പോള്‍ കശ്മീര്‍ ജനതയും രാജ്യവും ദര്‍ശിച്ചുകൊണ്ടിരിക്കുന്നത്. ബി. ജെ.പി സര്‍ക്കാരിന്റെയും സംഘ്പരിവാറിന്റെയും പ്രധാന അജണ്ടയായ മുസ്്‌ലിം വിരോധം മുഴച്ചുനിന്ന തീരുമാനമായിരുന്നു രണ്ടു വര്‍ഷം മുമ്പ് ജമ്മുകശ്മീരില്‍ നാം കണ്ടത്. അത് എത്രകണ്ട് പരാജയമാണെന്ന് തെളിയിക്കുന്ന സംഭവവികാസമാണ് ഇപ്പോള്‍ ജമ്മുകശ്മീരില്‍ കണ്ടുകൊണ്ടിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശമായി വിഭജിക്കപ്പെട്ട ജമ്മുകശ്മീരില്‍നിന്ന് ഇതര സംസ്ഥാനക്കാര്‍ കൂട്ട പലായനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്തയാണ് ഏറ്റവും പുതുതായി വന്നുകൊണ്ടിരിക്കുന്നത്. ഇതര സംസ്ഥാനക്കാര്‍ക്കെതിരെ തീവ്രവാദികള്‍ നടത്തുന്ന ആക്രമണമാണ് പൊടുന്നനെയുള്ള തിരിച്ചുള്ള കുടിയേറ്റത്തിന് കാരണം. പത്തു ദിവസത്തിനിടെ ഇതര സംസ്ഥാനക്കാരായ അഞ്ചു പേരുള്‍പ്പെടെ 11 പേരാണ് കൊല്ലപ്പെട്ടത്. സൈന്യത്തില്‍നിന്നും ഏതാനും പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ രക്തസാക്ഷികളായി. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇതാദ്യമായി തീവ്രവാദികളേക്കാളധികം സിവിലിയന്മാര്‍ ജമ്മുകശ്മീരില്‍ കൊലചെയ്യപ്പെട്ടതായാണ് കണക്കുകള്‍.

ജനാധിപത്യത്തെയും ഫെഡറല്‍ വ്യവസ്ഥയെയും സൈനിക സായുധ ബലംകൊണ്ട് മറികടന്ന് ജനതയില്‍ സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കാമെന്നതിനുള്ള കനത്ത പ്രഹരമാണിത്. അതിര്‍ത്തിക്കപ്പുറത്തുനിന്ന് പാക്കിസ്താന്റെ പിന്തുണയോടെ കശ്മീരിലെ ഇതര സംസ്ഥാനക്കാര്‍ക്കെതിരെ തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളും കൊലപാതകങ്ങളും തടയാനോ നിയന്ത്രിക്കാനോ സൈനിക ശക്തിക്കും പൊലീസിനും കഴിയുന്നില്ലെന്നതിന്റെ തെളിവാണിത്. അഫ്ഗാനിസ്ഥാനിലെ ഭരണമാറ്റം പാക്കിസ്താനെയും ഇന്ത്യാവിരുദ്ധ ശക്തികളെയും കൂടുതല്‍ വീര്യമുള്ളതാക്കുമെന്ന നിഗമനം ശരിവെക്കുന്ന തരത്തിലാണിപ്പോള്‍ ജമ്മുകശ്മീരിലെ സംഭവവികാസങ്ങള്‍. ചൈനയുടെ ഭാഗത്തുനിന്ന് വര്‍ധിത വീര്യത്തോടെയുള്ള ആക്രമണ ശ്രമങ്ങളും ഒരുക്കങ്ങളും അതിര്‍ത്തിയില്‍ നടക്കുന്നുവെന്ന വിവരവും നമ്മെ അലോസരപ്പെടുത്തുകയാണ്. കഴിഞ്ഞദിവസങ്ങളിലായി ജമ്മുവിലെയും ഉദ്ദംപൂരിലെയും വിവിധയിടങ്ങളില്‍ ഇതര സംസ്ഥാനക്കാര്‍ക്കെതിരെ പ്രത്യേകിച്ചും മതന്യൂനപക്ഷങ്ങള്‍ക്കെതിരായി വലിയ തീവ്രവാദി ആക്രമണങ്ങളാണുണ്ടായത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും വലിയ തിരക്കാണ ്ജമ്മു, ശ്രീനഗര്‍ റെയില്‍വെ, ബസ്‌സ്റ്റേഷനുകളില്‍ അനുഭവപ്പെടുന്നത്. കുടുംബങ്ങള്‍ കൂട്ടത്തോടെയാണ് നാടുവിടാന്‍ തയ്യാറായി ടിക്കറ്റ് കൗണ്ടറുകള്‍ക്കുമുന്നില്‍ ക്യൂ നില്‍ക്കുന്നത്. സൈനികര്‍ തീവ്രവാദികളെ നേരിടുന്നുവെന്ന പേരില്‍ നാട്ടുകാരുടെ നേര്‍ക്ക് വെടിയുതിര്‍ക്കുന്നത് പരിഭ്രാന്തി വര്‍ധിപ്പിച്ചിരിക്കയാണ്. ആളുകളോട് പുറത്തിറങ്ങരുതെന്ന് പള്ളികളില്‍നിന്ന് ആഹ്വാനം ചെയ്യുന്നതായാണ് വാര്‍ത്ത.

2019 ഓഗസ്റ്റ് 5ന് ജമ്മുകശ്മീരിന്റെ 370-ാംവകുപ്പ് പാര്‍ലമെന്റില്‍ റദ്ദാക്കിയതുവഴി ആര്‍ക്കും ഭൂമി വാങ്ങാമെന്ന അവസ്ഥ വന്നതോടെ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ജമ്മുകശ്മീരില്‍ നടന്നുവരുന്നത്. ഇതിനായി യു.പി, ഝാര്‍ഖണ്ട്, ബീഹാര്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി പതിനായിരക്കണക്കിനാളുകളാണ് ഇവിടേക്ക് കഴിഞ്ഞ മാസങ്ങളിലായി ചേക്കേറിയത്. അര്‍ധ പട്ടിണിക്കാരായ ഇവരാണ് ജീവഭയം കാരണം ഇപ്പോള്‍ കൂട്ടത്തോടെ മടങ്ങുന്നത്. പൂഞ്ച്, റജൗരി ജില്ലകളിലെ വനമേഖലകള്‍ കേന്ദ്രീകരിച്ചാണ് തീവ്രവാദികള്‍ ജനങ്ങള്‍ക്കെതിരെ പതിയിരുന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ആക്രമണങ്ങള്‍ നേരത്തെതന്നെ ഇവിടെ പതിവാണ്. നുഴഞ്ഞുകയറ്റക്കാരാണ് പ്രധാന പ്രശ്‌നക്കാര്‍. ഇന്ത്യന്‍സൈനികരാകട്ടെ കടുത്ത കാലാവസ്ഥാവെല്ലുവിളികളെ അതിജീവിച്ചാണ് ഇവിടെ രാജ്യത്തിനുവേണ്ടി പോരടിക്കുന്നത്. ഇതൊന്നും പക്ഷേ തീവ്രവാദികളെ അമര്‍ച്ചചെയ്യാന്‍ ഉതകുന്നില്ല എന്നതാണ് വാസ്തവം. നാട്ടുകാരുടെ ഭാഗത്തുനിന്ന് സൈന്യത്തിന് അല്‍പമെങ്കിലും മുന്‍കാലത്ത് സഹകരണം ലഭിച്ചിരുന്നെങ്കില്‍ 2019നുശേഷം അതുപോലും ലഭിക്കാത്ത അവസ്ഥയാണ്. പൗരന്മാരുടെ വിശ്വാസ്യത അപ്പാടെ തകര്‍ത്തുവെന്നതാണ് മോദി സര്‍ക്കാര്‍ ജമ്മുകശ്മീരില്‍ ഉണ്ടാക്കിയ ഏകനേട്ടം. അല്‍പം ജനസ്വാധീനമുണ്ടായിരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും നിര്‍വീര്യമാക്കപ്പെട്ടതോടെ ജനത തീര്‍ത്തും മനോവീര്യം തകര്‍ന്ന, ജനാധിപത്യത്തോടുതന്നെ താല്‍പര്യമില്ലാത്ത അവസ്ഥയിലുമായിരിക്കുന്നു. ഈ അസംതൃപ്തിയെയാണ് തീവ്രവാദികളും അതിര്‍ത്തിക്കപ്പുറത്തുള്ള ഐ. എസ്സിനെപോലുള്ള ശക്തികളും മുതലെടുത്തുകൊണ്ടിരിക്കുന്നത്. സ്വന്തം ജനതയെക്കൂടി ശത്രുവാക്കിയതാണ് പ്രധാന പരാജയം. സൈനിക ബലത്തിലൂടെ അല്‍പകാലത്തേക്ക് പ്രദേശത്ത് വിജയം കാണാനായെങ്കിലും കശ്മീര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ‘ഇന്‍സാനിയത്തും ജംഊരിയത്തും കശ്മീരിയത്തു’മാണെന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളുടെയും മുന്‍പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെയും നയത്തെ തള്ളിക്കളയുകവഴി ശാന്തിയുടെ വാതിലുകള്‍ പൂര്‍ണമായി അടയ്ക്കുകയായിരുന്നു മോദി സര്‍ക്കാര്‍. ഗവര്‍ണറും സൈന്യരും ഏതാനും ഉന്നതോദ്യോഗസ്ഥരും വിചാരിച്ചാല്‍ തീര്‍ക്കാവുന്ന പ്രശ്‌നമേ സംസ്ഥാനത്തുള്ളൂ എന്നായിരുന്നു സിദ്ധാന്തം. അത്ര ലളിതമല്ല കശ്മീരിലെ കാര്യങ്ങള്‍. പലായനം ചെയ്യുന്നത് ശരിക്കും മോദിയുടെ കശ്മീര്‍ നയമാണ്.

 

Test User: