അബ്ദുല്‍ റഷീദ്
‘എക്‌സിറ്റ്‌പോളുകള്‍ നിരോധിക്കണം’ എന്നു തുടങ്ങി ‘ഇത് ബിജെപിക്കാര്‍ എഴുതി കൊടുത്ത കണക്കാണ്’ എന്നുവരെയുള്ള വിലാപങ്ങള്‍ എഫ്ബിയില്‍ കാണുന്നു. വിചിത്രമായ ഗൂഡാലോചനാ സിദ്ധാന്തങ്ങളും.
മുന്‍പ് പറഞ്ഞത് ആവര്‍ത്തിക്കട്ടെ.
നമ്മുടെ ആഗ്രഹമല്ല എക്‌സിറ്റ് പോളിലും സര്‍വേയിലും കാണുക. ഭൂരിപക്ഷം വോട്ടറുടെ മനോഭാവത്തെയാണ് അത് പ്രതിഫലിപ്പിക്കുക. അതുകൊണ്ടുതന്നെ, നിരാശകളും ആരോപണങ്ങളും സ്വാഭാവികമാണ്.
കുറച്ചുനാള്‍ മുന്‍പ് ‘ദ ഹിന്ദു’വിന് വേണ്ടി സി എസ് ഡി എസ് ലോക് നീതി നടത്തിയ അഭിപ്രായ സര്‍വേ വന്നിരുന്നു. കേന്ദ്ര ഭരണത്തിലെ ക്രമക്കേടുകള്‍ തുറന്നുകാട്ടി ശക്തമായ ബിജെപി വിരുദ്ധ നിലപാട് പോയ അഞ്ചു വര്‍ഷവും എടുത്ത ഹിന്ദുവിന്റെ സര്‍വേ പക്ഷേ, മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് പ്രവചിച്ചത്. ‘ഹിന്ദു’ സര്‍വേ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. അതാണ് വസ്തുതയും നിലപാടും തമ്മിലുള്ള അന്തരം.
ബൂത്തില്‍ വോട്ടു ചെയ്തിറങ്ങുന്ന വോട്ടറില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് എക്‌സിറ്റ് പോളുകളില്‍ തയാറാക്കുന്നത്. അഭിപ്രായ വോട്ടെടുപ്പില്‍നിന്ന് എക്‌സിറ്റ് പോളിനുള്ള വ്യത്യാസവും അതുതന്നെ.
എങ്കിലും ഇന്‍ഡ്യന്‍ സാഹചര്യത്തില്‍ എക്‌സിറ്റ് പോളുകള്‍ സീറ്റെണ്ണത്തില്‍ കണിശമായ കൃത്യത പുലര്‍ത്തുമെന്ന് കരുതേണ്ടതില്ല. ചില സംസ്ഥാനങ്ങളില്‍ പ്രവചനങ്ങള്‍ അപ്പടി തെറ്റുകയും ചെയ്‌തേക്കാം. എങ്കിലും ആ പോളുകളില്‍ പ്രതിഫലിക്കുന്ന ദേശീയ പൊതുവികാരം യാഥാര്‍ഥ്യമാകാനാണ് സാധ്യത. ഇന്നലത്തെ എക്‌സിറ്റ് പോളുകളെ സംബന്ധിച്ചാണെങ്കില്‍, സീറ്റെണ്ണത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാമെങ്കിലും പോളുകള്‍ ഒറ്റ സ്വരത്തില്‍ പറയുന്നതുപോലെ, എന്‍ഡിഎ അധികാരം തുടരാനാണ് എല്ലാ സാധ്യതയും.
ഇന്ത്യപോലെ സങ്കീര്‍ണ്ണമായ പ്രദേശികതകള്‍ ഉള്ള ഒരിടത്ത് അഭിപ്രായ സര്‍വേകളും എക്‌സിറ്റ് പോളുകളും വഴി കൃത്യമായ തെരഞ്ഞെടുപ്പ് ഫലപ്രവചനം എളുപ്പമല്ല. എങ്കിലും സൂക്ഷ്മമായ ശാസ്ത്രീയ രീതികള്‍ സ്വീകരിച്ചുകൊണ്ട് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രവചന ശാസ്ത്രം കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ലോകനിലവാരമുള്ള ഏജന്‍സികള്‍ ഇന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പിഴവുകള്‍ ഉണ്ടാകാറുണ്ടെങ്കിലും കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നടന്ന പ്രധാന തെരഞ്ഞെടുപ്പുകള്‍ ഇന്ത്യയിലെ മികച്ച ഏജന്‍സികള്‍ കാര്യമായ തെറ്റില്ലാതെ പ്രവചിച്ചിട്ടുണ്ട്. അപ്പാടെ പിഴച്ചത് 2004 ല്‍ മാത്രമാണ്. അതൊരു പാഠവുമായിരുന്നു.
അഭിപ്രായ സര്‍വേകള്‍ മാധ്യമ സ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്നതല്ല. അതില്‍ വിദഗ്ദ്ധരായ ഏജന്‍സികളെ ഏല്‍പ്പിച്ചു ചെയ്യിക്കുന്നതാണ്.
കാരണം തെരഞ്ഞെടുപ്പ് പ്രവചന ശാസ്ത്രം മാധ്യമ പ്രവര്‍ത്തനവുമായി ബന്ധമുള്ളത് എങ്കിലും തികച്ചും വേറിട്ട മറ്റൊരു വിവര ശേഖര രംഗമാണ്. അതിനു ആ മേഖലയില്‍ വിദഗ്ദ്ധര്‍ ആയവര്‍ വേണം. മതിയായ സാമ്പിള്‍ സൈസ്, കൃത്യമായ വിവര ശേഖരണം, ശരിയായ സര്‍വേ സമയം, ശാസ്ത്രീയമായ ചോദ്യാവലിയും ഡാറ്റ വിശകലനവും ഇതൊക്കെ വേണം ഒരു സര്‍വേയോ എക്‌സിറ്റ് പോളോ കൃത്യമാകാന്‍.
ഒരു പ്രവചനവും നൂറു ശതമാനം ശരിയാകാറില്ല. പിഴവിനുള്ള സാധ്യത സര്‍വേയില്‍തന്നെ സൂചിപ്പിച്ചിരിക്കും.
കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് മൂന്ന് ഏജന്‍സികള്‍ എക്‌സിറ്റ് പോളില്‍ പ്രവചിച്ചു, ആക്‌സിസ്, സി വോട്ടര്‍, റ്റുഡേയ്‌സ് ചാണക്യ എന്നിവര്‍.
ഐ എം ഇ ജി , സി ഫോര്‍, ഏജന്‍സികള്‍ ഒപ്പീനിയന്‍ പോളിലും ഇടതു വിജയം പ്രവചിച്ചു. ഇപ്പോള്‍ എക്‌സിറ്റ് പോള്‍ കണ്ട് കയ്യടിക്കുന്ന കേരളത്തിലെ യുഡിഎഫുകാര്‍ അന്ന് ആഴ്ചകളോളം ചാനലുകാരെ തെറി വിളിച്ചു.
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വന്‍ വിജയം ഏറെക്കുറെ എല്ലാ ഏജന്‍സികളും പ്രവചിച്ചു. എക്‌സിറ്റ് പോളില്‍ സീറ്റുനില ഏറ്റവും കൃത്യമായി പ്രവചിച്ചത് റ്റുഡേയ്‌സ് ചാണക്യ ആയിരുന്നു. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം സര്‍വേകള്‍ ശരിയായി. ഇത്തവണ ചാണക്യ ബിജെപി സഖ്യത്തിന് 350 സീറ്റാണ് പ്രവചിച്ചിരിക്കുന്നത്.
ചുരുക്കത്തില്‍, ഇന്ത്യയിലെ വോട്ടിങ്ങില്‍ പ്രതിഫലിച്ച ജനാഭിപ്രായത്തിന്റെ നേര്‍ചിത്രമാണ് ഇന്നലെ ചാനലുകളിലെ എക്‌സിറ്റ് പോളുകളില്‍ നമ്മള്‍ കണ്ടത്. അത് അപ്പാടെ തെറ്റാന്‍ സാധ്യതയില്ല, കേരളത്തിലും കേന്ദ്രത്തിലും. ആ പ്രവചനങ്ങള്‍ക്ക് കാരണമായ ഡാറ്റകളില്‍ കൃത്രിമവും ഇല്ല.
ഇത്രകൂടി:
എക്‌സിറ്റ് പോളുകളില്‍ ബിജെപി സഖ്യം കേവല ഭൂരിപക്ഷം നേടില്ലെന്ന് പ്രവചിച്ചത് രണ്ട് ഏജന്‍സികള്‍ മാത്രമാണ്. എന്‍ഡിഎയ്ക്ക് 242 സീറ്റ് പ്രവചിച്ച ന്യൂസ് എക്‌സ് നേതായും 277 പ്രവചിച്ച എബിപി സിഎസ്ഡിഎസും. രണ്ടും മോശം ഏജന്‍സികള്‍ അല്ല. അതിലും ബിജെപി സഖ്യം ഏറെ മുന്നിലാണ്.