പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് മുസ്ലിംകളെ ഒഴിവാക്കിയത് ശരിയായ തീരുമാനമാണെന്ന് ബി.ജെ.പി നേതാവ് ഇ. ശ്രീധരന്‍. സി.എ.എ പിന്തുണക്കുന്നു എന്നും എന്തിനാണ് മുസ്ലിംകള്‍ക്ക് പൗരത്വം നല്‍കേണ്ടതെന്നും പാകിസ്ഥാനിലും ബംഗ്ലാദേശിലും അവര്‍ സ്വന്തം ഇഷ്ടപ്രകാരം നല്ല രീതിയിലാണ് ജീവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്‍ ചാനലിന്റെ ദേശീയ പാത എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുസ്ലിം രാജ്യങ്ങളില്‍ നിന്നും വരുന്ന അവിടുത്തെ ന്യൂനപക്ഷങ്ങള്‍ക്കാണ് പൗരത്വം നല്‍കുന്നത്. അവര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ നില്‍ക്കാന്‍ പറ്റാത്തതു കൊണ്ടാണ് ഇവിടേക്ക് വന്നത്. അവര്‍ക്ക് നല്‍കിയിട്ടില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് നല്‍കേണ്ടത്. പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്ലിംകളെ ഒഴിവാക്കിയത് ശരിയായ തീരുമാനമാണ്. പാകിസ്ഥാനിലും ബംഗ്ലാദേശിലും അവര്‍ നല്ല രീതിയിലാണ് ജീവിക്കുന്നത്. അവരെ ആരും അവിടെ നിന്നും ഓടിക്കുന്നില്ല,’ ഇ. ശ്രീധരന്‍ പറഞ്ഞു.
പാകിസ്ഥാനില്‍ നിന്ന് അഹമ്മദിയ മുസ്ലിംകള്‍ അഭയാര്‍ത്ഥികളായ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും അങ്ങനെയുള്ളവര്‍ക്ക് പൗരത്വം നല്‍കേണ്ടതില്ലേ എന്ന ചോദ്യത്തിന് അങ്ങനെ ആരും ഇന്ത്യയിലേക്ക് വരുന്നില്ലെന്നാണ് ഇ ശ്രീധരന്‍ പറഞ്ഞത്. അസം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ അത്തരത്തിലുള്ള അഭയാര്‍ത്ഥികളുണ്ടെന്ന് ആവര്‍ത്തിച്ച ഓര്‍മപ്പെടുത്തിയെങ്കിലും അദ്ദേഹം ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല.
ഇനിയൊരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. ഷാഫി പറമ്പില്‍ വടകരയില്‍ മത്സരിക്കുന്നുണ്ടെന്നും അദ്ദേഹം വടകരയില്‍ ജയിച്ചാല്‍ പിന്നീട് നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നായിരുന്നു ചോദ്യം. ഈ ചോദ്യത്തിന്, പ്രായം 94 ആകാറായെന്നും ഇനി മത്സരത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിച്ചാല്‍ തന്നെ ഇനി ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.