X

കഞ്ചാവ് കേസ് പ്രതിക്കായി എക്സൈസ് ഓഫീസ് മാർച്ചിന് ഡിവൈഎഫ്ഐ, ഒടുവില്‍ തിരിച്ചടി ഭയന്ന് പിന്മാറ്റം; വിവാദങ്ങളില്‍ പുകഞ്ഞ് പത്തനംതിട്ട സിപിഎം

ക്രിമിനൽ കേസ് പ്രതികളെ മാലയിട്ട് സ്വീകരിച്ച മന്ത്രി വീണാ ജോർജിനും ജില്ലാ സെക്രട്ടറിക്കെതിരെ പത്തനംതിട്ട സിപിഎമ്മിൽ പടയൊരുക്കം. മുഖം രക്ഷിക്കല്‍ നടപടിയുമായി മുന്നോട്ടുപോകുന്ന പാർട്ടിയെ കെ.പി ഉദയഭാനുവും സംഘവും വിവാദത്തിലാക്കിയെന്നാണ് വിമർശനം.

കാപ്പാ കഞ്ചാവ് വധശ്രമ കേസ് പ്രതികളെ മാലയിട്ട് സ്വീകരിച്ചത് മന്ത്രി വീണാ ജോർജിന്‍റെ നേതൃത്വത്തിലായിരുന്നു. അതേസമയം ഡിവൈഎഫ്ഐ എക്സൈസ് ഓഫീസിലേക്ക് നടത്താനിരുന്ന മാർച്ച് ഉപേക്ഷിച്ചു.

കഞ്ചാവുമായി യദുവിനെ പിടിച്ചതിൽ ഡിവൈഎഫ്ഐ നടത്താനിരുന്ന എക്സൈസ് ഓഫീസ് മാർച്ചാണ് ഉപേക്ഷിച്ചത്. ന്യായീകരണങ്ങളെല്ലാം പാളിയതോടെ തിരിച്ചടി ഭയന്നാണ് മാർച്ച് നടത്താനുള്ള നീക്കം ഉപേക്ഷിച്ചത്. അതേസമയം കഴിഞ്ഞ ദിവസം അന്തരിച്ച ഇടതു സഹയാത്രികയായ വിജ്ഞാന പത്തനംതിട്ടയുടെ ഡയറക്ടറായ ബീന ഗോവിന്ദിന്‍റെ സംസ്കാര ചടങ്ങ് ഇന്നാണെന്നും അതിനാണ് മാര്‍ച്ച് മാറ്റിവെച്ചതെന്നുമാണ് ഔദ്യോഗിക വിശദീകരണം.

ബിജെപിവിട്ടു വന്ന 62 പേരെ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും മന്ത്രി വീണാ ജോർജും ചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചതു മുതല്‍ വിവാദങ്ങള്‍ക്കും തുടക്കമായി. സിപിഎമ്മിലേക്ക് എത്തിയവരില്‍ പ്രധാനി ശരൺ ചന്ദ്രൻ കാപ്പാ കേസിലെ പ്രതി. തൊട്ടു പിന്നാലെ യദു കൃഷ്ണൻ എന്നയാളെ കഞ്ചാവുമായി പിടികൂടി. എസ്എഫ്ഐക്കാരെ ഉൾപ്പെടെ വധിക്കാൻ ശ്രമിച്ച കേസിൽ പോലീസ് തിരയുന്ന സുധീഷ് എന്നയാളെയും സിപിഎം മാലയിട്ട് സ്വീകരിച്ചു.

കാപ്പയും കഞ്ചാവുമെല്ലാം പരമാവധി ന്യായീകരിക്കാന്‍ ജില്ലാ നേതൃത്വം ശ്രമിച്ചെങ്കിലും കാര്യങ്ങള്‍ കൈവിട്ടു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ കേസുകള്‍ ഒഴിവാക്കാം എന്ന ഡീലും പിന്നിലുണ്ടെന്ന് പ്രവർത്തകർ സംശയിക്കുന്നു.  വിവാദത്തില്‍ പാർട്ടിയിലെ ഒരു വിഭാഗം കടുത്ത അതൃപ്തിയിലാണ്. വിവാദങ്ങൾ പാ‍ർട്ടിക്ക് നാണക്കേടായെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിമർശനം ഉയർന്നു. മന്ത്രി വീണാ ജോർജാണ് ഇവരെ സ്വീകരിക്കാന്‍ മുന്നിലുണ്ടായിരുന്നത്. പ്രതിപക്ഷ വിമർശനത്തിന് മന്ത്രി ന്യായീകരണവുമായി വന്നതും തിരിച്ചടിയായി. വിവാദങ്ങളില്‍ പുകയുകയാണ് പത്തനംതിട്ട സിപിഎം

webdesk13: