കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി ചോദിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തിയത് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിലേക്ക്. തൃശൂരിലെ സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്രക്കെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. എന്നാല്‍ ഇവരില്‍ കുറച്ച് വിദ്യാര്‍ത്ഥികള്‍ ഇടുക്കി അടിമാലിയിലെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിലെത്തി തീപ്പെട്ടി ചോദിക്കുകയായിരുന്നു. യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ കണ്ട് ഓടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാഗേഷ് ബി. ചിറയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു കുട്ടിയില്‍ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയില്‍ നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. ഓഫീസിന്റെ പിന്‍വശത്ത് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കിടക്കുന്നത് കണ്ട് വര്‍ക്ക്ഷോപ്പാണെന്ന് കരുതിയാണ് കുട്ടികള്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസില്‍ എത്തിയത്. അധ്യാപകരെ വിവരമറിയിക്കുകയും മാതാപിതാക്കളെ വിളിച്ചു വരുത്തുകയും ചെയ്തു. ലേഹരി വസ്തുക്കള്‍ കൈവശം വെച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു.