X

അമിത ഓട്ടോക്കൂലി; മൂന്നര കി.മീറ്ററിന് ചാർജ് 86 രൂപ; ചോദിച്ചുവാങ്ങുന്നത് 120 രൂപ; പൊലീസില്‍ പരാതി, പിഴയിട്ടു

റെയില്‍വേ സ്റ്റേഷനില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് ഓട്ടോറിക്ഷക്ക് അമിത നിരക്ക് ഈടാക്കുന്നതായി പരാതി. അങ്ങാടിപ്പുറത്തെ ഓട്ടോ ജീവനക്കാരനെതിരെ നിലമ്പൂർ സ്വദേശി പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കി.

മൂന്നര കി.മീറ്റർ സർവിസിന് നിർണയിക്കപ്പെട്ട ചാർജ് 86 രൂപയാണെന്നും 90 രൂപ വരെ യാത്രക്കാർ നല്‍കാറുണ്ടെന്നും ഈ സ്ഥാനത്ത് 120 രൂപ ചോദിച്ചുവാങ്ങുകയാണെന്നും കാണിച്ചാണ് പരാതി നല്‍കിയത്. ഓട്ടോ ഡ്രൈവർക്ക് പൊലീസ് പിഴ ചുമത്തി.

റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള ഓട്ടോ സർവിസിന് അമിത ചാർജ് ഈടാക്കുന്നതായി കാണിച്ച്‌ ഗതാഗത വകുപ്പിനും മന്ത്രിക്കും പരാതി നല്‍കി. ഇ.എസ്.ഐ ആനുകൂല്യമുള്ള കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളും ബന്ധുക്കളായ വയോധികരും പെരിന്തല്‍മണ്ണ ടൗണിലെ സ്വകാര്യ ആശുപത്രികളില്‍ എത്തുമ്ബോഴാണ് പലപ്പോഴും ഇത്തരത്തില്‍ നിരക്ക് ഈടാക്കുന്നത്.

അതേസമയം പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്നും അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലേക്ക് 75 രൂപയാണ് പെരിന്തല്‍മണ്ണയിലെ ഓട്ടോക്കാരൻ വാങ്ങിയത്. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എത്തി വാഹനം പാർക്കിങ്ങിന് നല്‍കുമ്ബോള്‍ 12 രൂപ വാങ്ങേണ്ട സ്ഥാനത്ത് 30 രൂപ വാങ്ങുന്നത് സംബന്ധിച്ച്‌ വ്യാപക പരാതിയുണ്ട്. ഇതുവരെ റെയില്‍വേ അധികൃതർ ഫലപ്രദമായി ഇടപെട്ടിട്ടില്ല.

webdesk13: