റൊസാരിയോ: ലയണല്‍ മെസ്സിയുടെ വിവാഹ സല്‍ക്കാരത്തെ തുടര്‍ന്ന് ബാക്കിയായ ഭക്ഷണ പദാര്‍ത്ഥങ്ങളും പാനീയങ്ങളും പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ് ബാങ്ക് ഏറ്റെടുത്തു. ബാക്കിയാകുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ റൊസാരിയോ നഗരത്തിലെ ഫുഡ് ബാങ്കിന് നല്‍കുന്ന വിധത്തിലാണ് വിവാഹ സല്‍ക്കാരത്തിനുള്ള ഒരുക്കങ്ങള്‍ക്ക് മെസ്സി നിര്‍ദേശം നല്‍കിയതെന്നും സൂപ്പര്‍ താരത്തിന്റെ താല്‍പര്യം പോലെ അവയെല്ലാം തങ്ങള്‍ ഏറ്റെടുത്തതായും റൊസാരിയോ ഫുഡ് ബാങ്ക് ഡയറക്ടര്‍ പാബ്ലോ അല്‍ഗ്രെയ്ന്‍ പറഞ്ഞു.
അര്‍ജന്റീനയില്‍ ‘നൂറ്റാണ്ടിന്റെ വിവാഹം’ എന്നു വിശേഷിപ്പിക്കപ്പെട്ട മെസ്സി – ആന്റോനെല്ല വിവാഹത്തെ തുടര്‍ന്ന് ധാരാളം ഭക്ഷണ പാനീയങ്ങള്‍ ബാക്കിയായിട്ടുണ്ടെന്നും ഇത് എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെന്നും അല്‍ഗ്രെയ്ന്‍ പറഞ്ഞു.
‘ഭക്ഷണം നേരെ ഞങ്ങളുടെ സ്റ്റോറുകളിലേക്ക് എത്തുകയും ഞങ്ങള്‍ അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. അത് എത്രയുണ്ടെന്ന് അറിവായിട്ടില്ല. സോഫ്റ്റ് ഡ്രിങ്കുകളും സ്‌നാക്ക്‌സുകളും മാത്രമേ സ്വീകരിക്കൂ എന്ന് സംഘാടകരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. മദ്യം ഞങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയില്ല. അതിനാല്‍ അത് വിറ്റ് പണമാക്കിയാണ് സ്വീകരിക്കുന്നത്.’ – അല്‍ഗ്രെയ്ന്‍ വ്യക്തമാക്കി.
ബാല്യകാല സഖിയും തന്റെ രണ്ട് മക്കളുടെ മാതാവുമായ ആന്റൊനെല്ല റോക്കുസോയുമായുള്ള മെസ്സിയുടെ വിവാഹത്തിന് ഫുട്‌ബോള്‍ ലോകത്തെ വന്‍ താരനിര തന്നെ എത്തിയിരുന്നു. നെയ്മര്‍, ലൂയിസ് സുവാരസ്, ജെറാഡ് പിക്വെ, ഡാനി ആല്‍വസ്, സെര്‍ജിയോ അഗ്വേറോ, സെസ്‌ക് ഫാബ്രിഗസ്, എയ്ഞ്ചല്‍ ഡിമരിയ, ഷാവി, കാര്‍ലസ് പുയോള്‍, സാമുവല്‍ എറ്റു തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങള്‍ വിരുന്നു സല്‍ക്കാരങ്ങളില്‍ പങ്കെടുത്തു.