X

പരീക്ഷകള്‍ വിദ്യാര്‍ഥിപക്ഷമാകണം- അബ്ദുല്ല വാവൂര്‍

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട ചോദ്യപേപ്പര്‍ പാറ്റേണ്‍ ഇതിനകംതന്നെ സജീവ ചര്‍ച്ചക്ക് വിധേയമായിട്ടുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചുപൂട്ടിയതിനെതുടര്‍ന്ന് ഫോക്കസ് ഏരിയ അടിസ്ഥാനപെടുത്തിയാണ് പൊതുപരീക്ഷകള്‍ നടന്നത്. പരീക്ഷകള്‍ക്ക് മൂന്ന് മാസം മുമ്പേ കുട്ടികളെ സ്‌കൂളില്‍ വരുത്തി സ്വാഭാവിക ക്ലാസും നല്‍കിയിരുന്നു. മൊത്തം മാര്‍ക്കിന്റെ ഇരട്ടി മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ചോദിച്ചു മഹാമാരി മൂലം പഠന പ്രതിസന്ധിയിലകപ്പെട്ട കുട്ടികള്‍ക്ക് മാനസിക പിരിമുറുക്കം ഇല്ലാതെ പരീക്ഷ എഴുതി ഗ്രേഡ് നേടാനുള്ള അവസരം ഒരുക്കിയ സര്‍ക്കാര്‍ തീര്‍ത്തും വിദ്യാര്‍ത്ഥി പക്ഷ സമീപനമാണ് അന്ന് സ്വീകരിച്ചത്.

ഈ വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ഓണ്‍ ലൈന്‍ പഠനം ആരംഭിക്കുകയും തുടര്‍ന്ന് നവംബര്‍ ഒന്ന് മുതല്‍ സ്വാഭാവിക പഠനത്തിനായി സ്‌കൂളുകള്‍ ഭാഗികമായി തുറക്കുകയും ചെയ്തു. നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിച്ചത് മുതല്‍ പൊതുപരീക്ഷ ലക്ഷ്യംവെച്ചുള്ള പഠനത്തിനാണ് സ്‌കൂളുകളില്‍ ഊന്നല്‍നല്‍കിയത്. മൊത്തം പാഠഭാഗത്തിന്റെ അറുപത് ശതമാനം ഫോക്കസ് ഏരിയ ആയിരിക്കുമെന്നും വിലയിരുത്തലിന് എഴുപത് ശതമാനം മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഫോക്കസ് ഏരിയ യില്‍ നിന്നുണ്ടാകുമെന്നും കൂടാതെ അന്‍പത് ശതമാനം മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ചോയ്‌സ് ആയി നല്‍കുമെന്നുമുള്ള ധാരണ വ്യാപകമായി അധ്യാപകരിലും കുട്ടികളിലും ഉണ്ടായിരുന്നു. ഏറെക്കുറെ ഇതിന് സമാനമായിരുന്നു പ്ലസ് വണ്‍ പരീക്ഷ ചോദ്യപാറ്റേണ്‍ ഉണ്ടായിരുന്നത്. എന്നാല്‍ എസ്.സി.ഇ.ആര്‍.ടി ശില്‍പശാല നടത്തി പുറത്ത്‌വിട്ട പാറ്റേണ്‍ ഈ ധാരണ പൂര്‍ണമായും തള്ളിക്കളയുകയായിരുന്നു. അറുപത് ശതമാനമുള്ള ഫോക്കസ് ഏരിയയില്‍നിന്ന് എഴുപത് ശതമാനം ചോദ്യവും ശേഷിക്കുന്ന മുപ്പത് ശതമാനം ചോദ്യങ്ങള്‍ നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നുമായിരിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അതായത് എണ്‍പത് മാര്‍ക്കിന്റെ എഴുപത് ശതമാനം എന്ന നിലയില്‍ അന്‍പത്തി ആറ് മാര്‍ക്കിന്റെ ചോദ്യം മാത്രമേ ഫോക്കസ് ഏരിയയില്‍നിന്ന് ചോദിക്കുകയുള്ളൂ. ബാക്കിയുള്ള ഇരുപത്തിനാല് മാര്‍ക്കിന്റെ മുപ്പത് ശതമാനം ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍പെടാത്ത പാഠഭാഗങ്ങളില്‍ നിന്നുമായിരിക്കും. ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തി പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികളെയും ഒപ്പം പഠന പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്ന അധ്യാപകരെയും പ്രതിസന്ധിയിലാക്കിയിരിക്കയാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ഓണ്‍ലൈന്‍ പഠനം കുട്ടികള്‍ക്കിടയില്‍ ഉണ്ടാക്കിയ ഡിജിറ്റല്‍ ഡിവൈഡ് അത്യധികമാണ്. സമൂഹത്തില്‍ പാര്‍ശ്വ വത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികള്‍, ഒറ്റപ്പെട്ട തുരുത്തുകളിലും മലയോരങ്ങളിലും തീരദേശങ്ങളില്‍ പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പെട്ടവരുടെ മക്കള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍, പഠന വൈകല്യമുള്ള കുട്ടികള്‍ ഇവരൊക്കെ ഓണ്‍ലൈന്‍ ക്ലാസിന്റെ പരിധിക്ക് പുറത്തായിരുന്നു. ഇവ്വിഷയകമായി ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയത് മുപ്പത്തിആറ് ശതമാനം കുട്ടികളും മുടക്കം കൂടാതെ ക്ലാസുകള്‍ കണ്ടിട്ടില്ലെന്നും 39.5 ശതമാനം പേര്‍ക്കും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വേഗതയില്ലെന്നുമാണ്. തുടര്‍ച്ചയായ ഓണ്‍ലൈന്‍ ക്ലാസ് കുട്ടികളില്‍ ഒരു തരം പഠന മരവിപ്പ് ഉണ്ടാക്കിയിട്ടുണ്ടെന്നും യാഥാര്‍ഥ്യമാണ്. ഇതിന്റെയൊക്കെ വെളിച്ചത്തിലും അധ്യാപകരുടെ നേരിട്ടുള്ള അനുഭവങ്ങളിലും ഓണ്‍ലൈന്‍ പഠനം വേണ്ടത്ര ഫലപ്രാപ്തി നേടിയിട്ടില്ലെന്നാണ്.

കോവിഡ് രണ്ടാം ഘട്ട വ്യാപന തോത് സംസ്ഥാനത്ത് കുറഞ്ഞപ്പോള്‍ നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറന്നുള്ള പഠനം ആരംഭിച്ചിരുന്നെങ്കിലും ഫലത്തില്‍ ഭാഗികമായേ പഠനം നടന്നുള്ളൂ. പകുതികുട്ടികള്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ സ്‌കൂളില്‍ എത്തിയാല്‍ മതിയെന്ന നിര്‍ദേശം വകുപ്പ് നല്‍കിയിരുന്നു. അപ്പോള്‍ കുട്ടികള്‍ക്ക് വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണ് സ്വാഭാവിക ക്ലാസുകള്‍ ലഭിച്ചത്. ഡിസംബറില്‍ അറുപത് ശതമാനം പാഠഭാഗങ്ങള്‍ ഫോക്കസ് ഏരിയ ആക്കി നിശ്ചയിച്ചു ഉത്തരവിറങ്ങി. പിന്നീട് അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനമാണ് സ്‌കൂളുകളില്‍ നടന്നത്. മൂന്നാം ഘട്ട കോവിഡ് വ്യാപനം വന്നതോടെ അധ്യാപകരിലും കുട്ടികളിലും രോഗ വ്യാപനവുമുണ്ടായി. ഈ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ വരാന്‍ പറ്റാതെ വിട്ട്‌നില്‍ക്കേണ്ടിയും വന്നു. ആ കുട്ടികള്‍ക്ക് ക്ലാസിന്റെ തുടര്‍ച്ച നഷ്ടമായി. ഒന്‍പതിലും പതിനൊന്നിലും ഒരു മുഖാമുഖ ക്ലാസ് പോലും കിട്ടാത്ത കുട്ടികളാണ് ഇപ്പോള്‍ പത്തിലും പന്ത്രണ്ടിലും പഠിക്കുന്നത്. പ്ലസ്‌വണ്‍ പരീക്ഷ ഈയടുത്താണ് നടന്നത്. ഇതുവരെ പരീക്ഷക്കുള്ള പഠനത്തിലായിരുന്നു പ്ലസ്ടു കുട്ടികള്‍. ഈ സാഹചര്യമൊന്നും പരിഗണിക്കാതെയാണ് ഫോക്കസ് ഏരിയയില്‍നിന്ന് പുറത്തുള്ള പാഠഭാഗങ്ങളില്‍നിന്ന് മുപ്പത് ശതമാനം ചോദ്യങ്ങള്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചത്. വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ചോദ്യ പാറ്റേണ്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക പൊതു വിദ്യാലയങ്ങളിലെ കുട്ടികളെയാണ്. അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലും സാമ്പത്തിക ശേഷിയുള്ള രക്ഷിതാക്കളുടെ കുട്ടികളും സ്വകാര്യ ട്യൂഷന്‍വഴി എല്ലാ പാഠ ഭാഗങ്ങളും നന്നായി പഠിച്ചു പരീക്ഷ എഴുതി ഉയര്‍ന്ന ഗ്രേഡ് വാങ്ങുമ്പോള്‍ പ്രതികൂല സാഹചര്യത്തിലും ഫോക്കസ് ഏരിയ മുഴുവന്‍ നന്നായി പഠിച്ചു പരീക്ഷ എഴുതിയാലും സാധാരണക്കാരന്റെ കുട്ടികള്‍ക്ക് നേരെ എ പ്ലസ് ജാലകം അടഞ്ഞു തന്നെ കിടക്കും. നോണ്‍ ഫോക്കസ് ഏരിയ ഒഴിച്ചുനിര്‍ത്തി ഫോക്കസ് ഏരിയ നന്നായി പഠിച്ചു മാനസിക പിരിമുറുക്കം ഇല്ലാതെ പരീക്ഷ എഴുതി ഉയര്‍ന്ന ഗ്രേഡ് നേടാന്‍ വിവേചനമില്ലാതെ എല്ലാ കുട്ടികള്‍ക്കും അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ വേണ്ടത്.

Test User: