കോവിഡ് വീണ്ടും പിടിമുറുക്കുകയാണ്. മൂന്നാം തരംഗമെന്ന് ആരോഗ്യ വകുപ്പ് സൂചന നല്‍കുമ്പോള്‍ കരുതല്‍ നിര്‍ബന്ധമാണ്. സ്‌കൂളുകള്‍ അടക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ സ്്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുവെങ്കിലും പഠന കാര്യങ്ങളില്‍ പഴയ ജാഗ്രതക്ക് കഴിയാത്ത അവസ്ഥാണ്. പഠനം പോലെ തന്നെ കാര്യക്ഷമമായും സമയബന്ധിതമായും നടക്കേണ്ടതാണ് പഠന നിലവാരത്തിന്റെ അളവുകോലായ പരീക്ഷകളും. എങ്കിലേ അതിനു നിലയും വിലയും മൂല്യവുമുള്ളൂ. പഠനവും പരീക്ഷയും മൂല്യനിര്‍ണയവും താളം തെറ്റിയാല്‍ തുടര്‍പഠനത്തെ അത് കാര്യമായി ബാധിക്കും. ഈ പശ്ചാത്തലത്തില്‍ ഏറെ ഗൗരവമായി കാണേണ്ട അവസ്ഥയിലാണ് കേരളത്തിലെ ഹയര്‍ സെക്കണ്ടറി വിദ്യഭ്യാസം.
നമ്മുടെ പ്ലസ്‌വണ്‍, പ്ലസ്ടു പഠനത്തിന്റെയും പരീക്ഷകളുടെയും അവസ്ഥ രണ്ടു വര്‍ഷമായി ഏറെ ദയനീയമാണ്. ഇക്കൊല്ലത്തെ പ്ലസ്‌വണ്‍ പ്രവേശനം ഈ ജനുവരിയിലും നടന്നുകൊണ്ടിരിക്കുകയാണ്. മൂന്നാം സപ്ലിമെന്ററി അലോട്‌മെന്റ് പ്രവേശനം ജനുവരി മൂന്നിനാണ് ആരംഭിച്ചത്. ഇനിയൊരു സ്‌പോട്ട് അഡ്മിഷനുംകൂടി വരാനുണ്ട്. ഏതായാലും ജനുവരിയോടെ പ്രവേശനം പൂര്‍ത്തിയാകുമെന്നു കരുതുക. ഫെബ്രുവരിയില്‍ ഇവര്‍ക്കു ക്ലാസുണ്ടാകാനിടയില്ല. കാരണം ഫെബ്രുവരിയില്‍ പ്ലസ്ടു പരീക്ഷ നടക്കുകയാണ്. മാര്‍ച്ചിലാകട്ടെ പ്ലസ്‌വണ്‍ പൊതു പരീക്ഷ നടക്കേണ്ടതുമാണ്. മുന്‍ വര്‍ഷങ്ങളെപോലെ സമയബന്ധിതമാണെങ്കില്‍.
അപ്പോള്‍ ഇവരുടെ പഠനം? മാര്‍ച്ചില്‍ പരീക്ഷ നടക്കുകയാണെങ്കില്‍ ഇത്തവണയും ഒരു വിഭാഗം പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ അവസ്ഥ ശോച്യമായിരിക്കും. പഠനത്തിലേക്കു പ്രവേശിക്കാതെ പരീക്ഷയിലേക്കു കടക്കേണ്ടി വരും. നേരത്തേ പ്രവേശനം ലഭിച്ച കുട്ടികള്‍ക്ക് ഏതാനും ദിവസങ്ങള്‍ ഉച്ചവരെ ക്ലാസുകള്‍ കിട്ടിയെങ്കിലും ഇവര്‍ക്കും ഫോക്കസ് പോയിന്റ് പോലും പഠിച്ചെഴുതാന്‍ സമയവും അവസരവുമില്ല. പ്ലസ് ടു വിദ്യാര്‍ഥികളുടെ കാര്യം ഇതിലേറെ കഷ്ടത്തിലാണ്. പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് നവംബറിലാണ് പ്ലസ്ടുവിന് ക്ലാസ് ആരംഭിച്ചത്. അതും ആഴ്ചയില്‍ മൂന്നു ദിവസം ഉച്ചവരെ. രണ്ടാഴ്ച കഴിഞ്ഞ് ക്രിസ്മസ് അവധിയായി. ക്രിസ്മസ് അവധിക്കുശേഷം ജനുവരി മൂന്നിന് ക്ലാസുകള്‍ ആരംഭിച്ചെങ്കിലും കേവലം ഏതാനും ദിവസത്തെ അധ്യയനത്തിനുശേഷം തുടര്‍ച്ചയായി പരീക്ഷകളാണ്.
ജനുവരി 31 ന് പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ ആരംഭിക്കും. ഫെബ്രുവരി നാല് വരെയുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷ മിക്ക കുട്ടികളും എഴുതും. തുടര്‍ന്ന് അധ്യാപകര്‍ ഈ പരീക്ഷയുടെ മൂല്യനിര്‍ണയത്തിനു പോകേണ്ടിവരും. അത്രയും ദിവസം കുട്ടികള്‍ക്ക് അധ്യയനമുണ്ടാകില്ല. അതു കഴിഞ്ഞ് ഫെബ്രുവരി 21 ന് രണ്ടാം വര്‍ഷ പരീക്ഷയായി. 21 മുതലാണ് പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ. മാര്‍ച്ച് 16 മുതല്‍ രണ്ടാം വര്‍ഷ മാതൃകാ പരീക്ഷകളും തുടര്‍ന്ന് മാര്‍ച്ച് 30 മുതല്‍ പ്ലസ്ടു പൊതു പരീക്ഷയും നടക്കുന്നതായും ഉത്തരവിറങ്ങിക്കഴിഞ്ഞു.
ഏതാനും ദിവസങ്ങളിലെ എങ്ങും എത്താത്ത പഠനത്തിലൂടെ ഇവരും പരീക്ഷയെ അഭിമുഖീകരിക്കുന്നു. ഓണ്‍ലൈന്‍, വിക്ടറി ചാനല്‍ അധ്യാപനം വാഗ്വാദങ്ങള്‍ക്കു മുമ്പില്‍ പരിചയായി ഉപയോഗിക്കാമെന്നല്ലാതെ പകുതി കുട്ടികള്‍ പോലും പ്രയോജനപ്പെടുത്തുന്നില്ലെന്ന് എല്ലാവര്‍ക്കുമറിയുന്ന, വസ്തുതയാണ്. മുന്‍ വര്‍ഷത്തെ 40 ശതമാനത്തില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സിലബസിന്റെ 60 ശതമാനമായി ഫോക്കസ് ഏരിയ ഉയര്‍ത്തിയിട്ടുണ്ട്. ഇതുപ്രകാരമുള്ള പാഠഭാഗങ്ങള്‍ ആസ്പദമാക്കി രണ്ടാം വര്‍ഷ പൊതു പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. പക്ഷേ ഇത്രയും ഭാഗം പഠിപ്പിക്കാനും പഠിക്കാനും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിദ്യഭ്യാസ വകുപ്പ് പുതിയ വല്ല ജാലവിദ്യയുംകൂടി പാഠ്യപദ്ധതിയില്‍ കാണിച്ചു കൊടുക്കേണ്ടിവരും. പഠനമില്ലാതെ പരീക്ഷകള്‍ മാത്രമായി മാറിയ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തില്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്. ഇതിന് പരിഹാരം കാണാന്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും അടിയന്തരമായി രംഗത്ത് വരണം.