എക്സാലോജിക് ആരോപണം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അക്കൗണ്ട് സംബന്ധിച്ച കാര്യങ്ങള്‍ ഉണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സാധാരണ മൗനത്തിന്റെ മാളങ്ങളില്‍ ഒളിക്കുകയാണ് പതിവ്. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം മറുപടി പറയണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഒരു കേസിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരിടത്തും എത്തിയിട്ടില്ല. മാസപ്പടി കേസില്‍ അന്വേഷണം കൃത്യമായി നടന്നില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകും.
വിവാദ കമ്പനികളില്‍ നിന്നും എക്‌സാലോജിക്കിന്റെ ആരോപിക്കപ്പെട്ട അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണം. അത്തരത്തില്‍ അക്കൗണ്ട് ഉണ്ടാവുകയും പണം വരികയും ചെയ്തിട്ടുണ്ടെങ്കില്‍ ഗുരുതരമായ കാര്യമാണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാണിച്ചു. ആരോപണം തെറ്റെങ്കില്‍ ഉന്നയിച്ചവര്‍ക്കെതിരെ മുഖ്യമന്ത്രി നിയമ നടപടി സ്വീകരിക്കണം. മുഖ്യമന്ത്രി പ്രതികരിച്ചില്ലെങ്കില്‍ ആരോപണം ശരിയാണെന്ന് വരുമെന്നും വി ഡി സതീശന്‍ പറഞ്ഞു. മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ നടന്നില്ലെന്നായിരുന്നു വെള്ളക്കെട്ടുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ഷോണ്‍ ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു. എക്‌സാലോജിക് കണ്‍സല്‍ട്ടിങ് മീഡിയ സിറ്റി എന്ന പേരിലാണ് അക്കൗണ്ട് ഉള്ളത്. എസ്എന്‍സി ലാവ്ലിന്‍, പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് (പിഡബ്ല്യുസി) കമ്പനികളില്‍ നിന്ന് വന്‍ തുക ഈ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ്ജ് ആരോപിച്ചു. തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും എസ്എഫ്‌ഐഒയ്ക്കും കൈമാറിയിട്ടുണ്ടെന്നും ഷോണ്‍ വ്യക്തമാക്കിയിരുന്നു.
ഒരു ഇന്ത്യന്‍ പൗരന്‍ വിദേശത്തു അക്കൗണ്ട് തുടങ്ങിയാല്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് ഫയല്‍ ചെയ്യണം. വീണയുടെ ഇന്‍കം ടാക്‌സ് റിട്ടേണ്‍സില്‍ ഇത് കാണിച്ചിട്ടില്ലെങ്കില്‍ ഗുരുതരമായ കുറ്റകൃത്യമാണെന്നും പിഡബ്ല്യുസി ഇടപാടും മസാല ബോണ്ടും അന്വേഷിക്കണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. അബുദാബി കൊമേഴ്‌സ് ബാങ്കില്‍ എക്‌സാലോജിക്കിന് അക്കൗണ്ട് ഉണ്ടെന്നാണ് ഷോണ്‍ ജോര്‍ജ്ജ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിലൂടെ നടക്കുന്നത് കോടിക്കണക്കിന് രൂപയുടെ ഇടപാടാണ്.
ഈ ഇടപാടുകള്‍ കരിമണല്‍ കടത്തും മാസപ്പടിയുമായി ബന്ധപ്പെട്ടതാണോയെന്ന് സംശയമുണ്ട്. സംശയ നിഴലിലുള്ള കമ്പനികളില്‍ നിന്നാണ് പണം വന്നത്. വീണ വിജയന്റെയും എം സുനീഷ് എന്നൊരാളുടെയും പേരില്‍ ഉള്ളതാണ് അക്കൗണ്ട്. ലാവലിന്‍, പിഡബ്ല്യുസി എന്നിവ സംശയത്തിലുള്ള കമ്പനികളാണ്. സിഎംആര്‍എല്ലില്‍ നടന്ന ഇടപാടുകളും കണ്ടെത്തണമെന്നാണ് ഷോണ്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ടിരിക്കുന്നത്.