X

യു.എസ് വിമാനത്താവള വെടിവെപ്പ്: അക്രമി മുന്‍ സൈനികന്‍

ഫ്‌ളോറിഡ: അമേരിക്കയില്‍ ഫ്‌ളോറിഡയിലെ ഫോര്‍ട് ലോഡര്‍ഡേല്‍ വിമാനത്താവളത്തില്‍ അഞ്ചുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ അക്രമിയെ പൊലീസ് അറസ്റ്റുചെയ്തു. ഇറാഖ് അധിനിവേശക്കാലത്ത് അമേരിക്കന്‍ സേനയില്‍ സേവനമനുഷ്ഠിച്ച മുന്‍ സൈനികന്‍ എസ്‌തെബാന്‍ സാന്റിയാഗോ എന്ന 26കാരനാണ് വെടിവെപ്പ് നടത്തിയത്. ഇറാഖില്‍ യു.എസ് സേനയുടെ നാഷനല്‍ ഗാര്‍ഡില്‍ ജോലി ചെയ്തിരുന്ന ഇയാളെ സേവനം തൃപ്തികരമല്ലാത്തതിനാല്‍ പിരിച്ചുവിടുകയായിരുന്നു. അലാസ്‌ക സ്വദേശിയാണ്.

ജോലി നഷ്ടപ്പെട്ടതിനുശേഷം മാനസികമായി തകര്‍ന്ന എസ്‌തെബാന്‍ മനോരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. യു.എസ് ഭരണകൂടം തന്റെ മനസ് നിയന്ത്രിച്ചുകൊണ്ടിരിക്കുകയാണെന്നും തീവ്രവാദികളുടെ വീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിച്ചതായും ഇയാള്‍ ചോദ്യംചെയ്യയലില്‍ എഫ്.ബി.ഐയോട് പറഞ്ഞു. വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടില്‍ യാത്രക്കാര്‍ ലഗേജ് എടുക്കുന്നതിനിടെയാണ് എസ്‌തെബാന്‍ വെടിവെച്ചത്.

വിമാനത്താവളത്തില്‍ ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ തോക്കില്‍ തിരയുണ്ടായിരുന്നില്ല. ബാത്ത്‌റൂമില്‍ പോയി തിരിച്ചുവന്നത് തിരകള്‍ നിറച്ച തോക്കുമായായിരുന്നു. വെടിയുണ്ടകള്‍ തീര്‍ന്നതിനുശേഷമാണ് എസ്‌തെബാന്‍ പൊലീസിന് കീഴടങ്ങിയത്. സംഭവത്തില്‍ ഭീകരവാദ സാധ്യത തള്ളിക്കളയുന്നില്ലെന്നും എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും എഫ്.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

chandrika: