X

‘പ്രശ്‌നം മാന്‍ഡ്രേക്ക് ആണ്’; വികെ ഇബ്രാഹിംകുഞ്ഞിന്റെ പാലാരിവട്ടം പാലം പോസ്റ്റ് ചര്‍ച്ചയാവുന്നു

എറണാകുളം: നിര്‍മാണത്തിനിടെ മാഹി പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു വീണതിന് പിന്നാലെ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഫെയ്‌സ്ബുകിലിട്ട പുതിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസിനോടനുബന്ധിച്ച് നിര്‍മാണത്തിലിരുന്ന പാലം ഇന്നലെ തകര്‍ന്നുവീണിരിക്കെയാണ് പണിപൂര്‍ത്തിയായ പാലാരിവട്ടം പാലം പാലത്തിന്റെ ഫോട്ടോ മുന്‍ മന്ത്രി പോസ്റ്റ് ചെയ്തത്.

‘പാലാരിവട്ടം പാലം’ എന്ന ഒറ്റവരിയില്‍ പാലത്തിന്റെ ചിത്രം ചേര്‍ത്താണ് ഇബ്രാഹിംകുഞ്ഞിന്റെ പോസ്റ്റ്. മാഹിയില്‍ പാലം പൊളിഞ്ഞു വീണപ്പോഴും പാലാരിവട്ടത്തെ പാലം തകരാതെ നില്‍ക്കുന്നു എന്ന് പറയാതെ പറയുകയാണ് മുന്‍മന്ത്രി എന്നാണ് പോസ്റ്റിന് താഴെ പലരുടെ കമന്റുകള്‍. അതേസമയം, പോസ്റ്റിനുതാഴെ നിരവധി കമന്റുകളും വന്നുകഴിഞ്ഞു. ചിലരുടേത് ശരിയാവും (പാലാരിവട്ടം പാലം) ചിലരുടേത് ശരിയാവൂല( മാഹി പാലം) എന്നാലും നമുക്ക് ഒരു കുഴപ്പവുമില്ല( ഷംസീര്‍ ഇക്ക മുത്താണ്), എന്നാണ് ഏറെ ലൈക്കുകള്‍ നേടിയ ഒരു കമന്റ്.

പ്രശ്‌നം മാന്‍ഡ്രേക്ക് ആണ്. പാലാരിവട്ടം പാലത്തില്‍ കൈ വെച്ച്, പൊളിഞ്ഞു വീണു.ഇപ്പോ തലശ്ശേരി-മാഹി പാലത്തില്‍ കൈവെച്ചു, അതും വീണു, എന്ന പരിഹാസ കമന്റ്ും ശ്രദ്ധനേടുന്നുണ്ട്.

വിവാദങ്ങളില്‍ പെടാതിരിക്കാന്‍ ഒന്നും ചെയ്യാത്ത മന്ത്രിമാര്‍ മാത്രമുള്ള ഒരു നാടാണിപ്പോള്‍ കേരളമെന്നും, കേരളത്തില്‍ പൊതുമരാമത്ത് വകുപ്പില്‍ ഇതുപോലെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒരു മന്ത്രി ഉണ്ടായിട്ടുണ്ടോ, എന്നും ഇബ്രാഹിംകുഞ്ഞിനെ ചൂണ്ടിക്കിട്ടുന്ന കമന്റുമുണ്ട്. നൂറിന് മേലെ പാലങ്ങള്‍ പണിതിരിക്കെ കേവലം ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ട് സംഭവിച്ച പാലാരിവട്ടം പാലത്തിന്റെ പിഴവ് ചൂണ്ടി കാണിച്ച് മുന്‍മന്ത്രി ഇബ്രാഹീംകുഞ്ഞിനെ വിവാഗത്തിലാക്കാനാണ് ശ്രമം നടക്കുന്നതും, കമെന്റില്‍ ചൂണ്ടിക്കാട്ടുന്നു.

അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ നിര്‍മിക്കുന്ന മാഹി പാലത്തിന്റെ നാല് ബീമുകള്‍ ബുധനാഴ്ച ഉച്ചയോടെയാണ് തകര്‍ന്ന് വീണത്. അപകടം നടക്കുന്നതിന് തൊട്ടു മുന്‍പ് വരെ തൊഴിലാളികളും മീന്‍പിടുത്തക്കാരും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ പോയതിനാല്‍ വലിയ ദുരന്തം ഒഴിവായി.

 

 

 

chandrika: