തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ഇമാം ശഫീഖ് ഖാസിമി കുറ്റസമ്മതം നടത്തി. കുടുംബവുമായി വളരെ അടുപ്പമുണ്ടായിരുന്ന അല്‍ ഖാസിമി വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് കുട്ടിയെ വാഹനത്തില്‍ കയറ്റിയതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ മറ്റ് അഞ്ചുപേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളതായി പോലീസ് അറിയിച്ചു.
ഒരു മാസമായി ഒളിവിലായിരുന്ന ഇയാളെ ഇന്നലെ രാത്രിയോടെ മധുരയില്‍ വച്ചാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ഖാസിമിക്കെതിരെ ചുമത്തിയിരിക്കുന്നത്. പോക്സോ പ്രകാരമുള്ള കേസ് കൂടാതെ ഇരയുടെ പേര് വെളിപ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.
സംഭവം പുറത്തായതിന് പിന്നാലെ സിനിമാ സ്റ്റൈലില്‍ പല വിധ വേഷത്തില്‍ 16 ഇടങ്ങളിലാണ് ഇയാള്‍ മാറിമാറി താമസിച്ചത്.
തുടര്‍ന്ന് എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും വ്യാപകമായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. എന്നാല്‍ ഇമാം ലുക്ക്ഔട്ട് നോട്ടീസിലെ ഫോട്ടോയിലുള്ള രൂപം മാറി നടക്കുകയായിരുന്നു എന്നാണ് വിവരം. ഇമാമിന് ഒളിയിടങ്ങള്‍ ഒരുക്കിയിരുന്ന സഹോദരന്‍ നൗഷാദില്‍ നിന്നുമാണ് ഖാസിമി തമിഴ്നാട്ടില്‍ ഉണ്ടെന്ന സൂചന പോലീസിന് കിട്ടിയത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു ഇമാം കുടുങ്ങിയത്. ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഷാഡോ പൊലീസിന്റെ സഹായത്തോടെ ഡിവൈ.എസ.്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. രഹസ്യവിവരത്തെതുടര്‍ന്നാണ് ഷാഡോ പോലീസ് മധുരയില്‍നിന്ന് ഇമാമിനെ പിടികൂടിയത്.
ഖാസിമിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഖാസിമി എവിടെയെന്നുള്ള കൃത്യവിവരം പൊലീസിന് ലഭിച്ചിരുന്നില്ല. കേസില്‍ ഷഫീഖ് അല്‍ ഖാസിമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 12ലേക്ക് മാറ്റിയിരുന്നു.
പേപ്പാറ വനത്തിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ ഇമാമിനെയും 14 വയസുളള സ്‌കൂള്‍ വിദ്യാര്‍ഥിനിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പു സ്ത്രീകള്‍ കണ്ടതാണ് കേസിനാസ്പദമായത്. പെണ്‍കുട്ടിയെ ഇമാം പീഡിപ്പിച്ചതായി പോലീസിനു തെളിവ് ലഭിച്ചിട്ടും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കാന്‍ തയാറായില്ല. ഇതേതുടര്‍ന്ന് തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് വിതുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.