ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കെ ദീപക് മിശ്രയുടെ പ്രവര്‍ത്തനങ്ങളില്‍ ബാഹ്യ ഇടപെടലുള്ളതായി സംശയം തോന്നിയിരുന്നുവെന്ന് റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. അതുകൊണ്ടാണ് താന്‍ ഉള്‍പ്പെടെ സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ അന്ന് വാര്‍ത്താ സമ്മേളനം വിളിച്ചതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ വെളിപ്പെടുത്തല്‍.
കേസുകള്‍ നിശ്ചയിക്കുന്നതിലും ജഡ്ജിമാരെ നിശ്ചയിക്കുന്നതിലും സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാരെ നിയമിക്കുന്നതിലും വരെ പുറത്തുനിന്നുള്ള ഇടപടല്‍ ഉണ്ടായിരുന്നു. രാഷ്ട്രീയ പക്ഷപാതിത്വത്തോടെയാണ് ജസ്റ്റിസ് മിശ്ര പ്രവര്‍ത്തിച്ചിരുന്നതെന്ന തോന്നല്‍ ശക്തമായിരുന്നു. പുറത്തുനിന്നുള്ള ചില കരങ്ങളാണ് ചീഫ് ജസ്റ്റിസിനെ നിയന്ത്രിച്ചിരുന്നത്. മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ തന്നെ നേരില്‍ കണ്ടാണ് ഈ വിഷയം ആദ്യം ചര്‍ച്ച ചെയ്തത്. പിന്നീട് കത്തിലൂടെയും ഇക്കാര്യത്തിലുള്ള ആശങ്ക അറിയിച്ചു. പരമോന്നത നീതിപിഠത്തിന്റെ അന്തസ്സും നിഷ്പക്ഷതയും കാത്തു സൂക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് വാര്‍ത്താ സമ്മേളനം വിളിക്കേണ്ടി വന്നത്. – ജസ്റ്റിസ് കുര്യന്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു.
കേസുകള്‍ നിശ്ചയിക്കുന്നതിലും ഓരോ കേസിലും വാദം കേള്‍ക്കേണ്ട ജഡ്ജിമാരെ നിശ്ചയിക്കുന്നതിലും രാഷ്ട്രീയ പക്ഷപാതിത്വം പ്രത്യക്ഷത്തില്‍ തന്നെ പ്രകടമായിരുന്നു. സി.ബി.ഐ ജഡ്ജ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിലും ഈ പക്ഷപാതിത്വം പ്രകടമായിരുന്നു. ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം വിളിക്കാനുള്ള നിര്‍ദേശം ജസ്റ്റിസ് ചെലമേശ്വര്‍ ആണ് മുന്നോട്ടു വച്ചത്. താന്‍ ഉള്‍പ്പെടെ മറ്റ് മൂന്ന് ജഡ്ജിമാരും ഇതിനോട് യോജിക്കുകയായിരുന്നു. നാല് മുതിര്‍ന്ന ജഡ്ജിമാരും ഐകകണ്‌ഠ്യേനയാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്.
ചില ഘട്ടങ്ങളില്‍ സുപ്രീംകോടതി ഭരണത്തില്‍ താളപ്പിഴകള്‍ സംഭവിക്കാറുണ്ട്. കോടതിക്കുള്ളില്‍ തന്നെ ഇവ പരിഹരിക്കാറുമുണ്ട്. ദീപക് മിശ്ര വിഷയത്തിലും ഇത്തരം തിരുത്തല്‍ ശ്രമങ്ങള്‍ നടന്നു. സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചു. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് ജസ്റ്റിസ് മിശ്ര ഒരുക്കമായിരുന്നില്ല. മുതിര്‍ന്ന ജഡ്ജി എന്ന നിലയില്‍ താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രാജ്യത്തോടും ജനാധിപത്യത്തോടും നീതിപീഠത്തോടും ചില കടമകള്‍ നിറവേറ്റേണ്ടതുണ്ടായിരുന്നു. സ്വതന്ത്ര നീതിന്യായ സംവിധാനമില്ലാതെ ജനാധിപത്യം അതിജീവിക്കില്ല. അതുകൊണ്ടാണ് ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി വാര്‍ത്താ സമ്മേളനം വിളിക്കേണ്ടി വന്നതെന്നും ജസ്റ്റിസ് കൂര്യന്‍ ജോസഫ് കൂട്ടിച്ചേര്‍ത്തു.