ശ്രീനഗര്‍: കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനിയുടേതിന് സമാനമായ രീതിയില്‍ ആയുധങ്ങളുമായി ആഘോഷിക്കുന്ന ഭീകരരുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.
തെക്കന്‍ കശ്മീരില്‍ വെച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 12 ഭീകരരാണ് വീഡിയോയില്‍ ഉള്ളത്. ഇതില്‍ 9 പേര്‍ ഇതിനു മുമ്പ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളവരല്ല. കശ്മീര്‍ താഴ്‌വരയിലെ പൊലീസുകാരില്‍ നിന്ന് തട്ടിയെടുത്ത റൈഫിളുകളുമായാണ് തീവ്രവാദ സംഘടനയായ ഹിസ്ബുല്‍ മുജാഹിദിനിലെ അംഗങ്ങളായ ഇവര്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തോക്കുകള്‍ തട്ടിയെടുക്കുന്ന സംഭവങ്ങളില്‍ കശ്മീരിലെ സുരക്ഷ ഏജന്‍സികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരര്‍ തോക്കുമായി നില്‍ക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ഒന്നരമാസത്തിനിടെ 30 റൈഫിളുകള്‍ആണ് തെക്കന്‍ കശ്മീരിലെ പൊലീസുകാരില്‍ നിന്ന് തട്ടിയെടുത്തിട്ടുള്ളത്. കണക്കുകളനുസരിച്ച് ഇതുവരെ 100 ഓളം ആയുധങ്ങള്‍ കാണാതായിട്ടുണ്ട്. അടുത്തിടെ അന്തനാഗിലെ ധുരു ടവറില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരനില്‍ നിന്ന് 5 റൈഫിളുകള്‍ തട്ടിക്കൊണ്ടുപോയിരുന്നു. തീവ്രവാദികള്‍ ഈ ആയുധങ്ങള്‍ സംഘത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള വീഡിയോകളും ഫോട്ടോയും പോസ്റ്റു ചെയ്താണ് ബുര്‍ഹാന്‍ വാനി യുവാക്കള്‍ക്കിടയില്‍ ഹിസ്ബുല്‍ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്.
- 8 years ago
chandrika
Categories:
Video Stories
തട്ടിയെടുത്ത തോക്കുകളുമായി ഹിസ്ബുല്‍ ഭീകരര്‍; വീഡിയോ പുറത്ത്
Related Post