തങ്ങൾ വോട്ട് ചെയ്യാത്ത ബി.ജെ.പി സ്ഥാനാർഥിക്ക് കൂടുതൽ വോട്ട് ലഭിച്ചതിനെതിരെ ബാലറ്റ് പേപ്പറിലൂടെ വീണ്ടും വോട്ടെടുപ്പ് നടത്താനൊരുങ്ങി മഹാരാഷ്ട്രയിലെ ഒരു ഗ്രാമം. വോട്ടിങ് യന്ത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, സോലാപുർ ജില്ലയിലെ മൽശിറാസ് നിയമസഭ മണ്ഡലത്തിൽപെട്ട മാർകഡ്വാഡിയിലാണ് സംഭവം.
എൻ.സി.പിയുടെ (എസ്.പി) ഉത്തംറാവു ജാൻകർ ബി.ജെ.പിയുടെ മുൻ എം.എൽ.എ രാം സത്പുതേയെ പരാജയപ്പെടുത്തിയ മൽശിറാസ് മണ്ഡലത്തിന് കീഴിലാണ് മാർകഡ്വാഡി ഗ്രാമം. തെരഞ്ഞെടുപ്പിൽ ജാൻകർ വിജയിച്ചെങ്കിലും ബി.ജെ.പി സ്ഥാനാർഥിക്ക് മാർകഡ്വാഡി ഗ്രാമത്തിൽ ലീഡ് ലഭിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കണക്ക്. എന്നാൽ, ഗ്രാമത്തിൽ ഒരിക്കലും ബി.ജെ.പി സ്ഥാനാർഥി രാം സത്പുതെക്ക് ലീഡ് ലഭിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
രാം സത്പുതെക്ക് 1,003 വോട്ട് കിട്ടിയതാണ് ഗ്രാമവാസികളുടെ സംശയത്തിന് കാരണം. 150ലേറെ വോട്ട് ഗ്രാമത്തിൽനിന്ന് സത്പുതെക്ക് കിട്ടില്ലെന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുന്നു. തുടർന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍റെ ഡാറ്റയെ വെല്ലുവിളിച്ച് ബാലറ്റ് പേപ്പറിലൂടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തി തെളിയിക്കാൻ ഗ്രാമവാസികൾ തീരുമാനിച്ചത്.
ബലറ്റ് പേപ്പറിലൂടെ സമാന്തര വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. എന്നാൽ, ഇതിനെതിരെ അധികൃതർ രംഗത്തുവന്നിട്ടുണ്ട്. ബൂത്തുകളും ബാലറ്റ് പേപ്പറുകളും മറ്റും ഒരുക്കി ഇന്ന് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കും. എന്നാൽ, ഗ്രാമത്തിൽ പൊലീസിനെ വിന്യസിച്ച ജില്ല ഭരണകൂടം, വ്യാഴാഴ്ചവരെ പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തി.