X
    Categories: Video Stories

ബി.എസ്.പിക്ക് ചെയ്യുന്ന വോട്ട് വീഴുന്നത് ബി.ജെ.പിക്ക്; യു.പി തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുള്ള യന്ത്രം കണ്ടെത്തി

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു മാത്രം വോട്ടു ചെയ്യുന്ന യന്ത്രം. ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പിക്കു മാത്രം വോട്ട് രേഖപ്പെടുത്തുന്ന കാര്യം ഒരു ബി.എസ്.പി പ്രവര്‍ത്തകനാണ് കണ്ടുപിടിച്ചത്. ഇതേത്തുടര്‍ന്ന് വോട്ടിങ് മണിക്കൂറുകളോളം വൈകി.

ബി.ജെ.പി അധികാരത്തിലേറിയതിനു ശേഷമുള്ള ആദ്യത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ് യു.പിയില്‍ ഇന്നലെ ആരംഭിച്ചത്. മീററ്റിലെ 89-ാം നമ്പര്‍ ബൂത്തില്‍ ബി.ജെ.പിയുടെ താമര ചിഹ്നത്തില്‍ മാത്രം വോട്ട് പതിയുന്ന യന്ത്രം കണ്ടെത്തുകയായിരുന്നു. ബി.എസ്.പി പ്രവര്‍ത്തകന്‍ തസ്‌ലീം അഹമ്മദ് ബി.എസ്.പിയുടെ ചിഹ്നത്തില്‍ വിരലമര്‍ത്തുമ്പോള്‍ ബി.ജെ.പി ചിഹ്നത്തിനു നേരെയും നോട്ടക്കു നേരെയുമുള്ള എല്‍.ഇ.ഡി ലൈറ്റ് തെളിയുന്ന വീഡിയോ സോഷ്യല്‍ വീഡിയോയില്‍ വൈറലായിക്കഴിഞ്ഞു.

‘ഞാന്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തത്. ഞാന്‍ അതേ ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചിരിക്കുകയാണ്. എന്റെ വോട്ട് ബി.ജെ.പിക്ക് പോകുന്നതായിട്ടാണ് യന്ത്രം രേഖപ്പെടുത്തുന്നത്. ഒരു മണിക്കൂറായി ഞാന്‍ ഈ നില്‍പ് നില്‍ക്കുന്നു. ഒരു പരിഹാരവും ഉണ്ടായിട്ടില്ല’ – വീഡിയോയില്‍ തസ്ലീം പറയുന്നു.

സംഭവത്തെ തുടര്‍ന്ന് വിവിധ ബി.ജെ.പി ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ മീററ്റില്‍ പ്രതിഷേധ പ്രകടനം നടത്തി. യന്ത്രം ബി.ജെ.പിക്ക് അനുകൂലമായി സെറ്റ് ചെയ്തുവെച്ചതാണെന്നും തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും ബി.എസ്.പി, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ ആരോപിച്ചു. അതേസമയം, കേടുപറ്റിയ യന്ത്രമാണിതെന്നും പരാതി ഉയര്‍ന്ന ഉടനെ യന്ത്രം മാറ്റിയിട്ടുണ്ടെന്നുമുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ നല്‍കുന്നത്. ‘കേടായ’ യന്ത്രം ഉടനടി മാറ്റിയതായി ജില്ലാ മജിസ്‌ട്രേറ്റ് മുകേഷ് കുമാര്‍ പറഞ്ഞു.

മുമ്പ് പലപ്പോഴും തെരഞ്ഞെടുപ്പിനു മുമ്പുള്ള പരിശോധനകളില്‍ ഒരു സ്ഥാനാര്‍ത്ഥിക്കു മാത്രം വോട്ട് ചെയ്യുന്ന നിരവധി യന്ത്രങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, എല്ലാ കുഴപ്പവും പരിഹരിച്ച ശേഷമുള്ള യന്ത്രങ്ങളാവും തെരഞ്ഞെടുപ്പിന് ഉപയോഗിക്കുക എന്ന വിശദീകരണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കാറുള്ളത്. ഇപ്പോള്‍, തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന യന്ത്രത്തില്‍ തന്നെ കുഴപ്പം കണ്ടെത്തിയതോടെ യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള ഗുരുതര സംശയങ്ങളാണ് ഉയരുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: