ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ അസാധാരണമായ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഫലം പുറത്തുവന്ന ഉടന്‍ തന്നെ ബി.എസ്.പി നേതാവ് മായാവതി ഉന്നയിച്ച സംശയം കേവലം രാഷ്ട്രീയ ആരോപണമായിരുന്നില്ലെന്ന സംശയം ബലപ്പെടുന്നു. വോട്ടിങ് യന്ത്രത്തില്‍ ബി.ജെ.പി കൃത്രിമം നടത്തി എന്നാണ് മായാവതി ഉന്നയിച്ചത്. ഉത്തര്‍പ്രദേശിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ കൂട്ടത്തോടെ ബി.ജെ.പി ജയിച്ചത് വിശ്വസിക്കാന്‍ കഴിയില്ലെന്നും ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതുമെന്നും മായാവതി പറഞ്ഞു.
‘വോട്ടിങ് യന്ത്രങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടമായിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഞാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതിയിട്ടുണ്ട്. ഇത് ജനാധിപത്യത്തിനു മേലുള്ള ആക്രമണമാണ്. എനിക്ക് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍, ജനങ്ങള്‍ ബി.ജെ.പിക്ക് തീരെ വോട്ടു ചെയ്യാത്ത ഇടങ്ങളില്‍ പോലും അവര്‍ വിജയിച്ചിട്ടുണ്ട് എന്നാണ്’ മായാവതി പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ ബി.ജെ.പിയുടെ വിജയം മായാവതി ചൂണ്ടിക്കാട്ടുന്നു.
പ്രതീക്ഷിച്ച പ്രകടനം നേടാന്‍ കഴിയാത്തതിന്റെ നിരാശ എന്ന നിലക്കാണ് ദേശീയ മാധ്യമങ്ങള്‍ മായാവതിയുടെ പ്രസ്താവനയെ അവതരിപ്പിച്ചതെങ്കിലും സ്ഥിതിഗതികള്‍ ഉപരിപ്ലവമായി വിലയിരുത്തുന്ന ആര്‍ക്കും സംശയം തോന്നത്തക്ക വിധമുള്ളതാണ് ചില മണ്ഡലങ്ങളിലെയെങ്കിലും ഫലങ്ങള്‍.
സഹാറന്‍പൂര്‍ ജില്ലയിലെ ദയൂബന്ദ് 70 ശതമാനം മുസ്ലിംകള്‍ വോട്ടര്‍മാരുള്ള മണ്ഡലമാണ്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയിച്ചത് ആശ്ചര്യമുളവാക്കി. യു.പിയില്‍ മൊത്തം 120 മണ്ഡലങ്ങളില്‍ മുസ്ലിംകളാണ് ഭൂരിപക്ഷം. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കടുത്ത വര്‍ഗീയ നിലപാടുകള്‍ സ്വീകരിച്ചിട്ടും ഒരൊറ്റ മുസ്ലിമിനു പോലും സീറ്റ് നല്‍കാതിരുന്നിട്ടും 75 മുസ്ലിം മണ്ഡലങ്ങളില്‍ അവര്‍ ജയിച്ചു. ഇതാണ് സംശയത്തിന് കാരണമാകുന്നത്.
വോട്ടിങ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തിയവര്‍ക്ക് രശീതി നല്‍കണമെന്ന സുപ്രീം കോടതി വിധി നിലവിലുണ്ട്. തങ്ങള്‍ കുത്തിയ ചിഹ്നത്തില്‍ തന്നെയാണോ വോട്ട് പതിഞ്ഞിട്ടുള്ളത് എന്ന് വ്യക്തമാക്കുന്ന രേഖ നല്‍കണമെന്നാണ് കോടതിവിധി. എന്നാല്‍ പ്രായോഗിക തടസ്സങ്ങളുടെ പേരില്‍ ഇതുവരെ നടപ്പിലാക്കാന്‍ കമ്മീഷന് കഴിഞ്ഞിട്ടില്ല.