ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എമ്മുകളെക്കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണ്ണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീംകോടതിയില്‍. നേരത്തെയുള്ള കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികളാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
50 ശതമാനം വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നതാണ് ഹരജിയിലെ ആവശ്യം. മണ്ഡലത്തിലെ ഏതെങ്കിലും അഞ്ച് വിവിപാറ്റ് മെഷീനുകള്‍ മാത്രം പരിശോധിക്കണമെന്നായിരുന്നു നേരത്തെയുള്ള കോടതി വിധി. പകുതി സ്ലിപ്പുകള്‍ എണ്ണണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ലെങ്കിലും ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ സ്ലിപ്പുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ പലയിടത്തും വി.വി.പാറ്റ് യന്ത്രങ്ങളില്‍ ഏഴ് സെക്കന്‍ഡിന് പകരം മൂന്ന് സെക്കന്‍ഡ് മാത്രമേ ഡിസ്‌പ്ലേ ഉണ്ടായിരുന്നുള്ളൂവെന്ന് പ്രതിപക്ഷനേതാക്കള്‍ ആരോപിച്ചു. മൂന്ന് സെക്കന്‍ഡ് മാത്രമാണ് മെഷീനില്‍ സ്ലിപ് നില്‍ക്കുന്നതെങ്കില്‍ വോട്ടര്‍ക്ക് അത് നോക്കി ഉറപ്പുവരുത്തുക പ്രയാസമാണ്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ കാത്തിരിക്കാനാവില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവാണ് മുഖ്യ ഹര്‍ജിക്കാരന്‍. കോണ്‍ഗ്രസ്, ടിഡിപി., എന്‍.സി.പി., എ.എ.പി., ഇടതുപാര്‍ട്ടികള്‍, എസ്.പി., ബി.എസ്.പി തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.