X

‘ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് താമരക്ക്’; ബംഗളൂരുവില്‍ വോട്ട് ചെയ്യാനാവാതെ ആളുകള്‍ മടങ്ങുന്നു

ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ പലയിടങ്ങളിലും വോട്ടിങ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തിയത് പോളിങിനെ സാരമായി ബാധിച്ചു. ചിലയിടങ്ങളില്‍ വോട്ടര്‍പട്ടികയില്‍ നിന്നും പേര് അപ്രത്യക്ഷമായതും സംഘര്‍ഷത്തിനിടയാക്കി.

ബംഗളൂരുവിലെ ചില ഇടങ്ങളില്‍ വോട്ടിങ് മെഷീനില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് താമരക്കു പോകുന്നതായും കണ്ടെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കലപ്പയാണ് ഇതുസംബന്ധിച്ച പരാതിയുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചത്.


ആര്‍.എം.വി സെക്കന്റ് സ്റ്റേജില്‍ തന്റെ പിതാവിന്റെ വീടിനു എതിര്‍വശത്തായി അഞ്ചു ബൂത്തുകളുണ്ടെന്നും ഇതില്‍ രണ്ടാം ബൂത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ടു വീഴുന്നത് ബി.ജെ.പിയുടെ താമരക്കാണെന്ന് ബ്രിജേഷ് പറഞ്ഞു. ഇതേത്തുടര്‍ന്ന് വോട്ടു ചെയ്യാതെ ആളുകള്‍ മടങ്ങുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ശ്രീരംഗപട്ടണത്തും ഹുബ്ബള്ളിയിലും ഇ.വി.എം മെഷീനില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേ പ്രശ്‌നം കാരണം ഭവന്‍ നഗറില്‍ രാവിലെ 8.30 വരെ വോട്ടെടുപ്പ് ആരംഭിക്കാനായില്ല.
രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റിവെച്ചതിനാല്‍ 222 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ഒരു നാമനിര്‍ദേശ സീറ്റ് ഉള്‍പ്പെടെ 225 സീറ്റുകളാണ് കര്‍ണാടകയിലുള്ളത്. 4.96 കോടിയിലേറെ വോട്ടര്‍മാരാണ് സംസ്ഥാനത്ത് ഇന്ന് സമ്മതിദാനാവകാശം നിര്‍വഹിക്കുന്നത്. ഇതില്‍ 2.52 കോടി പുരുഷ വോട്ടര്‍മാരും 2.44 കോടി സ്ത്രീ വോട്ടര്‍മാരുമാണ്. 4552 പേര്‍ ഭിന്നലിംഗ വോട്ടര്‍മാരാണ്.

chandrika: