X

ഇലക്ട്രോണിങ് വോട്ടിങ് മെഷീന്‍ ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ തലവേദന

ന്യൂഡല്‍ഹി: ഇലക്ട്രോണിങ് വോട്ടിങ് മെഷീനുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്്‌രിവാള്‍. ഇതുസംബന്ധിച്ച് ഉന്നതതലത്തിലുള്ള അന്വേഷണം വേണമെന്നും എ.എ.പി ആവശ്യപ്പെട്ടു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നേരിട്ടെത്തി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ.എ.പി സംഘം അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നല്‍കി. മധ്യപ്രദേശിലെ ബിന്ദില്‍ മോക് ഡ്രില്ലിനിടെ വോട്ടിങ് മെഷീനില്‍ കൃത്രിമം കണ്ടെത്തിയ സാഹചര്യത്തിലാണ് എ.എ.പി നീക്കം. നേരത്തെ സമാന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഏതാനും സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പും ഡല്‍ഹിയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പും നടക്കാന്‍ ദിവസങ്ങള്‍ മത്രം ബാക്കി നില്‍ക്കെ പുതിയ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന് തലവേദനയാകും.

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ദിവസം ബി.എസ്.പി നേതാവ് മായാവതിയാണ് ഇതുസംബന്ധിച്ച ആരോപണം ആദ്യം ഉന്നയിച്ചത്. ആദ്യം ആരും കാര്യമാക്കിയില്ലെങ്കിലും പിന്നീട് എ.എ.പിയും കോണ്‍ഗ്രസും ഇത് ഏറ്റെടുക്കുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. വോട്ടിങ് മെഷീന്റെ സുതാര്യത ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജിയും രജിസ്റ്റര്‍ ചെയ്തു. ഇതിനു പിന്നാലെയാണ് ആരോപണം ശരിവെക്കും വിധത്തിലുള്ള ക്രമക്കേട് മധ്യപ്രേദശിലെ ബിന്ദില്‍ കണ്ടെത്തിയത്. മോക് ഡ്രില്ലിനിടെ ഏത് ചിഹ്നം പതിച്ച ബട്ടന്‍ അമര്‍ത്തിയാലും വിവിപാറ്റ് മെഷീന്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം പതിച്ച വോട്ടേഴ്‌സ് വെരിഫിക്കേഷന്‍ സ്ലിപ്പ് പ്രിന്റു ചെയ്തതോടെയാണ് സംശയം ഉയര്‍ന്നത്.
നേരത്തെ ഇതുസംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവെ, വോട്ടിങ് മെഷീന്റെ സുരക്ഷയില്‍ സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഹാക്ക് ചെയ്യാന്‍ കഴിയാത്ത തരത്തിലുള്ള സുരക്ഷാ സവിശേഷതകള്‍ അടങ്ങിയതാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ എന്നായിരുന്നു ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ന്യായീകരണം. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ വാദങ്ങളെ ഖണ്ഡിക്കുന്നതാണ് മധ്യപ്രദേശില്‍നിന്നുള്ള വാര്‍ത്ത.

chandrika: