X

വോട്ടിംഗ് യന്ത്രങ്ങള്‍ നമ്പറില്ലാത്ത സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയി; തെരഞ്ഞെടുപ്പ് കമീഷന് മുന്നില്‍ പരാതിയുമായി കോണ്‍ഗ്രസ്

 

ന്യൂദല്‍ഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണത്തിന് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. വോട്ടിങ് യന്ത്രങ്ങള്‍ നമ്പറില്ലാത്ത സ്വകാര്യ സ്‌കൂള്‍ വാനില്‍ കൊണ്ടുപോയതടക്കമുള്ള ആരോപണങ്ങളില്‍ ശരിയായ അന്വേഷണം ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ്സ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, കപില്‍ സിബല്‍, കമല്‍നാഥ്, വിവേക് തന്‍ഹ എന്നിവരടങ്ങുന്ന നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിലെത്തയത്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ദുരുപയോഗം കമീഷനു മുമ്പില്‍ ചൂണ്ടിക്കാട്ടിയതായി കപില്‍ സിബല്‍ മാധ്യമങ്ങളോടു പറഞ്ഞു.

മധ്യപ്രദേശില്‍ കഴിഞ്ഞദിവസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി നേരത്തെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ജനവിധിയെ അട്ടിമറിക്കാന്‍ ഭരണകക്ഷിയായ ബി.ജെ.പി ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.

ഭോപ്പാലില്‍ വോട്ടെടുപ്പിന് ഉപയോഗിച്ച ഇ.വി.എം മെഷീനുകളും വി.വി.പാറ്റ് മെഷീനുകളും സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ചിരുന്ന കാമറയില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ ഒന്നര മണിക്കൂറിലേറെ തടസപ്പെട്ടത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഒന്നര മണിക്കൂര്‍ സമയം റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങളാണ് ലൈവ് എന്ന വ്യാജേന പുറത്തുവിട്ടതെന്നുമായിരുന്നു ആരോപണം.

chandrika: