X
    Categories: CultureMoreViews

വോട്ടിങ് യന്ത്രം സുരക്ഷാ വെല്ലുവിളി – പ്രമുഖ പാര്‍ട്ടികള്‍ വിട്ടുനിന്നു; യന്ത്രങ്ങളുടെ സുരക്ഷയില്‍ സി.പി.എമ്മിന് സമ്പൂര്‍ണ തൃപ്തിയെന്ന് തെര. കമ്മീഷന്‍

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ച ശേഷം സി.പി.എമ്മും എന്‍.സി.പിയും പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി. യന്ത്രങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ‘വോട്ടിംഗ് യന്ത്രം ഹാക്കിങ് വെല്ലുവിളി’ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളിയില്‍ പങ്കെടുക്കുകയല്ല, യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും മനസ്സിലാക്കുക മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് സി.പി.എമ്മും എന്‍.സി.പിയും വ്യക്തമാക്കിയതായി സെയ്ദി പറഞ്ഞു.

യന്ത്രങ്ങള്‍ ഹാക്ക് ചെയ്യുന്നതിനായ കമ്മീഷന്‍ ഏഴ് ദേശീയ പാര്‍ട്ടികളെയും 49 സംസ്ഥാന പാര്‍ട്ടികളെയും ക്ഷണിച്ചിരുന്നു. എന്നാല്‍ നേരത്തെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ആം ആദ്മി പാര്‍ട്ടിയും ബി.എസ്.പിയും അടക്കമുള്ള പ്രമുഖരെല്ലാം വിട്ടുനിന്നപ്പോള്‍ സി.പി.എമ്മിന്റെയും എന്‍.സി.പിയുടെയും പ്രതിനിധികള്‍ മാത്രമാണ് പങ്കെടുത്തത്. ഇവര്‍ക്ക് നാല് മണിക്കൂര്‍ നേരം യന്ത്രങ്ങള്‍ വിട്ടുനല്‍കുകയായിരുന്നു. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച യന്ത്രങ്ങളാണ് ഇവര്‍ക്ക് പരിശോധിക്കാന്‍ നല്‍കിയത്.

യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച ശേഷം സി.പി.എം പൂര്‍ണ സംതൃപ്തി അറിയിച്ചതായും ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഇത്തരം പരിപാടികള്‍ ഇടക്കിടെ നടത്തണമെന്ന് അഭ്യര്‍ത്ഥിച്ചതായും സെയ്ദി പറഞ്ഞു. മഹാരാഷ്ട്ര പ്രാദേശിക തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കണ്ട ക്രമക്കേടുകളാണ് എന്‍.സി.പി പ്രധാനമായും ഉന്നയിച്ചിരുന്നത്. ഈ യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റേതല്ലെന്നും അവയുടെ ഉടമസ്ഥത സംസ്ഥാന തെര. കമ്മീഷനാണെന്നും സെയ്ദി വ്യക്തമാക്കി.

വോട്ടിംഗ് യന്ത്രങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളെപ്പറ്റിയുള്ള വിശദീകരണത്തോടെയാണ് പരിപാടി ആരംഭിച്ചത്. യന്ത്രത്തിന്റെ പ്രവര്‍ത്തനവും സുരക്ഷാ ക്രമീകരണവും സാങ്കേതിക വിദഗ്ധര്‍ വിശദീകരിച്ചു. വിവിധ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എത്തിയിരുന്നെങ്കിലും വെല്ലുവിളി സ്വീകരിക്കാന്‍ ആരും തയാറായില്ല. എന്‍.സി.പി, സി.പി.എം പ്രതിനിധികള്‍ യന്ത്രം ഏറ്റുവാങ്ങി പരിശോധിച്ചെങ്കിലും വെല്ലുവിളിയില്‍ പങ്കെടുക്കുകയായിരുന്നില്ലെന്ന് വ്യക്തമാക്കി.

ഇത്രയും കുറഞ്ഞ സമയം കൊണ്ടും, ആന്തരിക ഘടനയിലേക്ക് പ്രവേശനം നല്‍കാതെയും ഹാക്കിംഗ് തെളിയിക്കാന്‍ കഴിയില്ലെന്നതു കൊണ്ടാണ് ആം ആദ്മി പാര്‍ട്ടി പരിപാടിയില്‍ നിന്ന് പിന്മാറിയത്. നിലവിലെ അവസ്ഥയിലുള്ള ഇ.വി.എം ചാലഞ്ച് വെറും പ്രഹസനവും കണ്ണില്‍ പൊടിയിടലുമാണെന്നും അതുകൊണ്ടാണ് അതില്‍ പങ്കെടുക്കാതിരുന്നതെന്നും ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സൗരഭ് ഭരദ്വാജ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: