ജമൈക്ക: എവിന്‍ ലെവിസിന്റെ (125 നോട്ടൗട്ട്) തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഇന്ത്യക്കെതിരായ ഏക ട്വന്റി 20 മത്സരത്തില്‍ വിന്‍ഡീസിന് ഒമ്പത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 190 റണ്‍സ് നേടിയെങ്കിലും എവിന്‍ ലെവിസ് കരിയറിലെ രണ്ടാം ടി 20 സെഞ്ച്വറി നേടിയതോടെ ഒമ്പത് പന്ത് ശേഷിക്കെ ആതിഥേയര്‍ വിജയിക്കുകയായിരുന്നു. ലെവിസ് ആണ് കളിയിലെ കേമന്‍.
തകര്‍പ്പന്‍ തുടക്കമാണ് ഇന്ത്യക്ക് ക്യാപ്ടന്‍ വിരാട് കോഹ്ലിയും (22 പന്തില്‍ 39) ശിഖര്‍ ധവാനും (12 പന്തില്‍ 23) ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ ആറാം ഓവറില്‍ ഇരുവരും മടങ്ങിയതോടെ സ്‌കോറിംഗ് വേഗം കുറഞ്ഞു. ദിനേഷ് കാര്‍ത്തിക്കും (29 പന്തില്‍ 48) ഋഷഭ് പന്തും (35 പന്തില്‍ 38) ഇന്നിംഗ്സ് നയിച്ചെങ്കിലും അവസാന ഓവറുകളില്‍ സ്‌കോറുയര്‍ത്താന്‍ കഴിയാതിരുന്നത് തിരിച്ചടിയായി. ധോണി (2), കേദാര്‍ ജാദവ് (4) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിയാതിരുന്നതും സ്‌കോറിംഗിനെ ബാധിച്ചു. ജെറോം ടെയ്ലര്‍, കെസ്രിക് വില്യംസ് എന്നിവര്‍ രണ്ടു വീതം വിക്കറ്റെടുത്തു.
ക്രിസ് ഗെയിലിനൊപ്പം ഇന്നിംഗ്സ് ഓപണ്‍ ചെയ്ത എവിന്‍ ലെവിസ് വെറ്ററന്‍ താരത്തെ കാഴ്ചക്കാരനാക്കി നിര്‍ത്തിയാണ് സബീനാ പാര്‍ക്കില്‍ വെടിക്കെട്ട് നടത്തിയത്. 62 പന്ത് നേരിട്ട താരം ആറ് ഫോറും പന്ത്രണ്ട് സിക്സറുമടിച്ചു. കൂറ്റനടിക്ക് ശ്രമിച്ച് കുല്‍ദീപ് യാദവിന് വിക്കറ്റ് നല്‍കി ഗെയ്ല്‍ (18) മടങ്ങിയ ശേഷം മര്‍ലോണ്‍ സാമുവല്‍സ് (36 നോട്ടൗട്ട്) ലെവിസിന് പിന്തുണ നല്‍കി. രണ്ട് ക്യാച്ച് അവസരങ്ങള്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടതും രണ്ട് സ്റ്റംപിങുകള്‍ ധോണി പാഴാക്കിയതും ഇന്ത്യക്ക് തിരിച്ചടിയായി.
കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് എവിന്‍ ലെവിസ് നേടിയത്. ഇതിനു മുന്നത്തെ സെഞ്ച്വറിയും ഇന്ത്യക്കെതിരെ ആയിരുന്നു. ബ്രണ്ടന്‍ മക്കല്ലം, ക്രിസ് ഗെയില്‍ എന്നിവര്‍ മാത്രമാണ് ഇതിനു മുമ്പ് രണ്ട് സെഞ്ച്വറി നേട്ടം കൈവരിച്ചിട്ടുള്ളത്. വെസ്റ്റ് ഇന്‍ഡീസില്‍ അന്താരാഷ്ട്ര ടി 20 സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ലെവിസ് ചേസിംഗില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡും നേടി.