ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ സഹായിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ ഉത്തരവിട്ടിരുന്നതായി യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന വിധം പ്രത്യേക സൈബര്‍ പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ പുടിന്‍ നിര്‍ദേശം നല്‍കിയിരുന്നു. അമേരിക്കന്‍ ജാധിപത്യ പ്രക്രിയയില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുകയും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തുകയുമായിരുന്നു റഷ്യയുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ട്രംപിന് അനുകൂലമായി തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളില്‍ പുടിന്റെ പങ്ക് എന്തെല്ലാമായിരുന്നുവെന്ന് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിയുടെയും ഉന്നത ഡെമോക്രാറ്റിക് നേതാക്കളുടെയും ഇമെയിലുകള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു. ഹാക്കിങിലൂടെ കിട്ടിയ വിവരങ്ങള്‍ വിക്കിലീക്‌സ്, ഡിസി ലീക്‌സ് പൊലുള്ള മധ്യവര്‍ത്തികളെ ഉപയോഗിച്ച് പരസ്യപ്പെടുത്തി. വന്‍തുക ചെലവഴിച്ച് സോഷ്യല്‍ മീഡിയയിലൂടെ വൃത്തികെട്ട പ്രചാരണപ്രവര്‍ത്തനങ്ങളും റഷ്യ നടത്തിയതായി യു.എസ് ഇന്റലിജന്‍സിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
ട്രംപ് അധികാരത്തില്‍ വരണമെന്നാണ് പുടിന്‍ ആഗ്രഹിച്ചിരുന്നത്. റഷ്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പുടിനെ അഭിനന്ദിച്ചും ഒബാമയെ താഴ്ത്തിക്കെട്ടിയും അദ്ദേഹം പലതവണ സംസാരിച്ചു. 2011ലും 2012 ആദ്യത്തിലും റഷ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഇളക്കിവിട്ടത് ഹിലരിയാണെന്ന് പുടിന്‍ സംശയിക്കുന്നു. സൈബറാക്രണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച റഷ്യന്‍ ഏജന്റുമാര്‍ ആരെല്ലാമാണെന്ന് യു.എസ് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെ പരസ്യപ്പെടുത്തിയിട്ടില്ലെന്ന് മാത്രം. അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍ ട്രംപ് തള്ളിക്കളഞ്ഞിരിക്കുകയാണ്. സി.ഐ.എ അടക്കമുള്ള ഇന്റലിജന്‍സ് ഏജന്‍സികളുടെ വിശ്വാസ്യതയെത്തന്നെ അദ്ദേഹം ചോദ്യംചെയ്തു.
കഴിഞ്ഞ ദിവസം നിയുക്ത പ്രസിഡന്റെന്ന നിലയില്‍ നടന്ന ഇന്റലിജന്‍സ് ബ്രീഫിങിനുശേഷവും റഷ്യയെ തള്ളിപ്പറയാന്‍ ട്രംപ് തയാറായില്ല. യു.എസ് ഇന്റലിജന്‍സ് സമൂഹം ചെയ്യുന്ന സേവനങ്ങളെയും പ്രവര്‍ത്തനങ്ങളെയും അളവറ്റ് ആദരിക്കുന്നുവെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റഷ്യയേയും ചൈനയേയും പോലുള്ള ചില രാജ്യങ്ങളും ഗ്രൂപ്പുകളും വ്യക്തികളും അരേിക്കന്‍ ഭരണകൂട സ്ഥാപനങ്ങള്‍ക്കും ബിസിനസുകള്‍ക്കും ഡെമോക്രാറ്റിക് നാഷനല്‍ കമ്മിറ്റി അടക്കമുള്ള സംഘടനകള്‍ക്കും നേരെ സൈബറാക്രമണങ്ങള്‍ നടത്തുന്നുണ്ട്.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തെ അത് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ജെയിംസ് ക്ലാപ്പറും സി.ഐ.എ ഡയറക്ടര്‍ ജോണ്‍ ബ്രണ്ണനും എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമിയും നിയുക്ത പ്രസിഡന്റുമായുള്ള ഇന്റലിജന്‍സ് ബ്രീഫിങില്‍ പങ്കെടുത്തു. ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 20നാണ് ട്രംപ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.