X

സംഘ്പരിവാരമെന്നതിന് ഇനിയും തെളിവെന്തിന്-എഡിറ്റോറിയല്‍

1.’ലൗ ജിഹാദ് തീരെയില്ലെന്ന് പറയാനാവില്ല. പരസ്യമായിപറഞ്ഞോ എന്നറിയില്ല. പാര്‍ട്ടി രേഖയില്‍ അതു പറഞ്ഞിട്ടുണ്ട്. പ്രൊഫഷണല്‍ കോളജുകളിലെ പെണ്‍കുട്ടികള്‍ ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്, ലൗ ജിഹാദോ മറ്റെന്തോ ആയാലും. സംഗതി ലൗ ജിഹാദ് ഉണ്ട് എന്നുള്ളത് യാഥാര്‍ഥ്യമാണ്. ഞങ്ങള്‍ പാര്‍ട്ടി വേദികളിലും റെസലൂഷനുകളിലും വ്യക്തമാക്കിയിട്ടുള്ളതാണ്. മത സൗഹാര്‍ദം തകര്‍ക്കരുതെന്ന് പാര്‍ട്ടിക്ക് നിര്‍ബന്ധമുണ്ട്’. 2. ലൗ ജിഹാദ് ഇല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇതര മതസ്ഥരായ യുവതികള്‍ എങ്ങനെ ഐ.എസ് ക്യാമ്പിലെത്തിയെന്ന് പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ക്രിസ്തീയ യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേക ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 3. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഞങ്ങള്‍ ഇത് വളരെ മുമ്പുതന്നെ പറയുന്നതാണ്. ഇതംഗീകരിക്കുകയാണ് സി.പി.എം രേഖയില്‍. ഇത് തുറന്നുപറയാന്‍ ഇപ്പോഴെങ്കിലും സി.പി.എം തയ്യാറായത് നന്നായി.’

മേലുദ്ധരിക്കപ്പെട്ട മൂന്നു പ്രസ്താവനകള്‍ മൂന്നു സംഘടനകളുടെ പ്രതിനിധികളില്‍ നിന്നാണെങ്കിലും ചെന്നൊരുമിക്കുന്നത് ഒരേ ആശയത്തിലാണ്. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നതാണ് അവയുടെയെല്ലാം ഉള്ളടക്കം. ആദ്യത്തേത് സി.പി.എമ്മിന്റെ ജില്ലാസെക്രട്ടറിയേറ്റംഗവും മുന്‍എം.എല്‍.എയുമായ ജോര്‍ജ് എം തോമസിന്റേതാണെങ്കില്‍, രണ്ടാമത്തേത് പാലാബിഷപ്പിന്റേതും മൂന്നാമത്തേത് ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രന്റേതുമാണ്. രാജ്യത്ത് മുസ്‌ലിം യുവാക്കള്‍ പ്രണയം നടിച്ച് ഇതര മതസ്ഥരായ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് മതം മാറ്റുന്നുവെന്ന ആരോപണം ആദ്യമായി ഉന്നയിക്കുന്നത് ഉത്തരേന്ത്യയിലെ ഹിന്ദുത്വവര്‍ഗീയവാദികളാണ്. ഏതോ നാഗ്പൂര്‍ കുബുദ്ധിയില്‍ സൃഷ്ടിച്ചെടുത്ത സാങ്കല്‍പിക പദം മാത്രമാണതെന്ന് രാജ്യത്തെ അന്വേഷണ ഏജന്‍സികളെല്ലാം കണ്ടെത്തിയതും അക്കാര്യം പാര്‍ലമെന്റിലും സംസ്ഥാനനിയമസഭയിലും സുപ്രീംകോടതിയിലും കേരളഹൈക്കോടതിയിലും വ്യക്തമാക്കപ്പെട്ടതുമാണ്. എന്നിട്ടും എന്തുകൊണ്ടാണ് മേല്‍പ്രസ്താവനകള്‍ തുടരെത്തുടരെ കേരളം പോലൊരു പ്രബുദ്ധ സമൂഹത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ആരാണിതിന് പിന്നില്‍?

കോഴിക്കോട് കോടഞ്ചേരിയിലെ ഡി.വൈ.എഫ്.ഐ നേതാവും സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവുമായ എം.എസ് ഷെജിനും ജോയ്‌സ്‌നയും തമ്മിലുള്ള വിവാഹമാണ് കേരളം മറക്കാന്‍ ശ്രമിക്കുന്ന വിവാദത്തിലേക്ക് സമൂഹത്തെ വീണ്ടും വലിച്ചിഴച്ചത്. വ്യക്തികള്‍ തമ്മിള്‍ പരസ്പരഇഷ്ടത്തോടെ ഒരുമിക്കുന്നത് ഭരണഘടനാപരമായി കുറ്റകൃത്യമല്ലെന്നിരിക്കെ എന്തിനാണ് സി.പി.എമ്മിന്റെ ഉത്തരവാദിത്തപ്പെട്ട നേതാവ് പ്രസ്തുത യുവാക്കള്‍ക്കെതിരെ പാഷാണ പ്രസ്താവനയുമായി രംഗത്തുവന്നത്? തിരുവമ്പാടിയിലെ ക്രിസ്തീയ മത നേതാക്കളും വിശ്വാസികളും ഈവിവാദത്തില്‍ പങ്കാളികളുമായതും സംഘ്പരിവാരവും സി.പി.എമ്മും ചമച്ചുണ്ടാക്കിയ ഇല്ലാത്ത ആരോപണത്തിന്മേലാണ്. ഷെജിനും ജോയ്‌സ്‌നക്കുമെതിരെ പൊലീസ്‌പോലും നിലപാടെടുത്തെങ്കില്‍ അതിനുപിന്നിലെ സി.പി. എമ്മിന്റെ നയവും സ്വാധീനവും വ്യക്തം. ബി.ജെ.പിക്കും സംഘ്പരിവാറിനും ബദലാണ് തങ്ങളെന്ന് അവകാശപ്പെടുന്നവരുടെ വികൃതമുഖമാണ് ജോര്‍ജ് എം തോമസിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നത്. ജോര്‍ജ് എം തോമസ് പരാമര്‍ശിക്കുന്ന പാര്‍ട്ടിരേഖ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സി.പി.എം കേരളത്തിലെ പാര്‍ട്ടിവേദികളില്‍ പ്രസംഗിക്കാനായി തയ്യാറാക്കിയതാണ്. അതില്‍ പ്രൊഫഷണല്‍ കോളജുകളിലെ പെണ്‍കുട്ടികളെ മുസ്്‌ലിം യുവാക്കള്‍ ലൗ ജിഹാദ് നടത്തി മതം മാറ്റുന്നതായി പരാമര്‍ശിച്ചിരുന്നു. എന്നിട്ടും പ്രസ്താവന വിവാദമായപ്പോള്‍ വീഴ്ചപറ്റിയതായി ജോര്‍ജ് എം തോമസും സി. പി.എം ജില്ലാസെക്രട്ടറി പി മോഹനനും ഡി.വൈ.എഫ്.ഐയും വീഴ്ച സമ്മതിക്കുന്നത് സി.പി.എം പയറ്റുന്ന അടവുനയത്തിന്റെ ഭാഗമാണ്. കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും കുഞ്ഞാലിക്കുട്ടിയും കേരളം ഭരിക്കുമെന്നും ആദരണീയമായ പാണക്കാട് കുടുംബത്തെ വര്‍ഗീയമായി കൂട്ടിക്കെട്ടിയും പ്രസ്താവനകള്‍ നടത്തിയവരുടെ ഗൂഢലക്ഷ്യം കേരളീയര്‍ എന്നോ തിരിച്ചറിഞ്ഞുകഴിഞ്ഞതാണ്. മുസ്‌ലിം ലീഗ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതും പാലാബിഷപ്പിന്റെ പ്രസ്താവനയെ അദ്ദേഹം ആദ്യ ഘട്ടത്തില്‍ തള്ളിപ്പറയാതിരുന്നതും ഇതേ നയത്തിന്റെ ഭാഗംതന്നെ. ഡല്‍ഹിയിലേക്ക് മുസ്്‌ലിം പെണ്‍കുട്ടികള്‍ പഠിക്കാന്‍ പോകുന്നതിനെ തീവ്രവാദമെന്ന് പറഞ്ഞവരും ഏഴാം നൂറ്റാണ്ടിന്റെ പ്രാകൃതബോധമെന്ന് ഇസ്്‌ലാമിനെ വിമര്‍ശിച്ചവരും ഇതേ ‘പുരോഗമന പാര്‍ട്ടി’ക്കാര്‍തന്നെ! രാജ്യദ്രോഹക്കുറ്റത്തിന് അലനും താഹയും അഴിക്കുള്ളിലായതും മറ്റെന്ത് മതേതര ചിന്തയാലാണ്. അപ്പോള്‍ പിഴവെന്നുപറഞ്ഞ് സംഘി മനസ്സുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ സത്യത്തില്‍ ശ്രമിക്കുന്നത് പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ തൊട്ടുള്ളവരെയെല്ലാമാണ്. സംഘ കുടുംബത്തിലെ ഘടകക്ഷിയാകാന്‍ സി.പി.എമ്മിന് ഇതിലുമധികമെന്ത്് യോഗ്യതയാണ് വേണ്ടത്? നാലു വോട്ടിനായി പാവപ്പെട്ട ജനത്തെ ഭിന്നിപ്പിച്ച് രക്തം കുടിക്കുന്ന ഇത്തരം സൃഗാലങ്ങളെ രായ്ക്കുരാമാനം പിടലിക്കുപിടിച്ച് അഴിക്കുള്ളിലാക്കുകയാണ് വേണ്ടത്. ആരുടെ പൊലീസത് ചെയ്യുമെന്നതാണ് ചോദ്യം.

Chandrika Web: