കോഴിക്കോട്: കടുത്ത തൊഴില്‍ പീഡനത്തെ തുടര്‍ന്ന് മാല്‍ക്കോ ടെക്‌സില്‍ നിന്ന് സഹീര്‍ കാലടി രാജിവെച്ച സംഭവത്തെ കുറിച്ച് അറിയില്ലെന്ന മന്ത്രി കെ.ടി ജലീലിന്റെ വാദം പച്ചക്കള്ളം. പിതൃസഹോദര പുത്രന്‍ കെ.ടി അദീബിനെ നിയമവും ചട്ടവും മറികടന്ന് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരാക്കിയപ്പോള്‍ തഴയപ്പെട്ട എല്ലാ യോഗ്യതയുമുണ്ടായിരുന്ന ഉദ്യോഗാര്‍ത്ഥിയാണ് സഹീര്‍ കാലടി. കെ.ടി അദീബിന്റെ നിയമനം വിവാദമാവുകയും മന്ത്രി പ്രതിരോധത്തിലാവുകയും ചെയ്തതോടെയാണ് മതിയായ യോഗ്യതയുണ്ടായിരുന്നിട്ടും തഴയപ്പെട്ട സഹീര്‍ കാലടി നോട്ടപ്പുള്ളിയായത്. തുടര്‍ന്നുണ്ടായ തൊഴില്‍ പീഡനം കാരണം 20 വര്‍ഷത്തെ സര്‍വ്വീസ് ബാക്കി നില്‍കെ 2019 ജൂലൈ ഒന്നിനു അദ്ദേഹം രാജിവെക്കുകയായിരുന്നു.
ഇതു സംബന്ധിച്ച് കഴിഞ്ഞ മാസം രണ്ടിന് മന്ത്രി ജലീലിന്റെ ഓഫീസ് പരാതി കൈപറ്റിയ രേഖ പുറത്തായി. ഡി.ജി.പിയും സമാനമായ പരാതി സ്വീകരിച്ചതിന് തെളിവുണ്ട്. തൊഴില്‍ പീഡന വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടും രാജിവെച്ചിട്ടും ഗ്രാറ്റുവിറ്റി, ശമ്പള അരിയര്‍, ലീവ് എന്‍ കാഷ്‌മെന്റ്, ഇ.പി.എഫ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ഇടപെടല്‍ തേടിയുമാണ് മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മന്ത്രി കെ.ടി ജലീല്‍, ഡി.ജി.പി തുടങ്ങിയവര്‍ക്ക് സഹീര്‍ കാലടി പരാതി നല്‍കിയത്. എന്നാല്‍, ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സഹീര്‍ കാലടിയുടെ റിട്ട് ഹരജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍, ഇന്നലെ ‘ചന്ദ്രിക’ വാര്‍ത്തയെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് വിഷയത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് പറഞ്ഞ് മന്ത്രി കെ.ടി ജലീല്‍ ഒഴിഞ്ഞു മാറിയത്. എന്നാല്‍ പരാതി സ്വീകരിച്ചതിന്റെ രേഖകള്‍ പുറത്തായതോടെ മന്ത്രി കൂടുതല്‍ പ്രതിരോധത്തിലായി.
കെ.ടി അദീബിനു ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമനം നല്‍കിയപ്പോള്‍ സഹീര്‍ കാലടിയെ അവഗണിക്കാനുള്ള കാരണമായി മന്ത്രി പറഞ്ഞിരുന്നതും രേഖാ മൂലം പത്ര മാധ്യമങ്ങള്‍ക്ക് എഴുതി നല്‍കിയിരുന്നതും സഹീറിന് എക്‌സിക്യുട്ടീവ് എം.ബി.എഇല്ലെന്നും അപേക്ഷയോടൊപ്പം തുല്ല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്നുമായിരുന്നു. എന്നാല്‍ അദീബ് രാജി വെച്ചതിനു ശേഷം 2019 ഫെബ്രുവരിയില്‍ വീണ്ടും ജി.എം തസ്തികയിലേക്ക് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സഹീര്‍ അപേക്ഷ നല്‍കിയിരുന്നു.
22 അപേക്ഷകരില്‍ സഹീര്‍ കാലടി ഉള്‍പ്പെടെ എട്ടു പേരെയാണ് ഫൈനല്‍ ഇന്റര്‍വ്യൂവിനു ക്ഷണിച്ചത്. സഹീറിനു മതിയായ യോഗ്യതയുണ്ടെന്ന് ഇതില്‍നിന്നുതന്നെ ബോധ്യമാണ്. എന്നാല്‍ മാല്‍കോടെക്‌സില്‍ നിന്നും എന്‍.ഒ.സി നല്‍ക്കുന്നത് ഉന്നത ഇടപെടല്‍ മൂലം തടയുകയായിരുന്നു. ഇക്കാരണത്താല്‍ സഹീറിനു ഇന്റര്‍വ്യൂവിനു പങ്കെടുക്കാന്‍ സാധിച്ചില്ല. സഹീറിന്റെ നിയമനം തടയാന്‍ വലിയ ഗൂഢാലോചന നടന്നതായാണ് ഇതോടെ വെളിപ്പെടുന്നത്.