X

ഇന്ത്യ സഖ്യത്തിനുള്ള ഓരോ വോട്ടും ബിജെപി സൃഷ്ടിച്ച അനീതിയുടെ ചക്രവ്യൂഹത്തെ തകര്‍ക്കും; രാഹുല്‍ ഗാന്ധി

ഇന്ത്യ സഖ്യത്തിനുള്ള ഓരോ വോട്ടും ബിജെപി സൃഷ്ടിച്ച ‘അനീതിയുടെ ചക്രവ്യൂഹത്തെ തകര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരില്‍ നിര്‍ണായക നിയമസഭ തിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കവെയാണ് ‘എക്‌സി’ലൂടെ രാഹുലിന്‍റെ പ്രസ്താവന. ‘വഞ്ചനയില്‍ നഷ്ടപ്പെട്ട’ ദശാബ്ദത്തെക്കുറിച്ച് ചിന്തിക്കണമെന്നും തങ്ങളുടെ സംസ്ഥാനം കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തിയതെങ്ങനെയെന്ന് മറക്കരുതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വോട്ടര്‍മാരെ ഓര്‍മിപ്പിച്ചു.

കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ 26 നിയമസഭ മണ്ഡലങ്ങളില്‍ രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. തിരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടത്തില്‍ 25ലക്ഷത്തിലധികം വോട്ടര്‍മാര്‍ തങ്ങളുടെ ജനാധിപത്യാവകാശം വിനിയോഗിക്കും. മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ഉള്‍പ്പെടെ 26 സീറ്റുകളിലേക്ക് മത്സരിക്കുന്ന 239 സ്ഥാനാര്‍ത്ഥികളുടെ വിധി ഇവര്‍ നിര്‍ണയിക്കും.

ജമ്മു കശ്മീരിലെ എന്‍റെ സഹോദരീ സഹോദരന്മാരേ, ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പാണ്. വന്‍തോതില്‍ വന്ന് നിങ്ങളുടെ അവകാശങ്ങള്‍ക്കും സമൃദ്ധിക്കും ഇന്ത്യക്കും വേണ്ടി വോട്ട് ചെയ്യുക എന്ന് രാഹുല്‍ എക്സില്‍ കുറിച്ചു.

നിങ്ങളുടെ സംസ്ഥാന പദവി തട്ടിയെടുത്തതിലൂടെ ബിജെപി സര്‍ക്കാര്‍ നിങ്ങളെ അപമാനിക്കുകയും ഭരണഘടനാ അവകാശങ്ങള്‍ ഉപയോഗിച്ച് കളിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്‍ഡ്യ’ക്കുള്ള നിങ്ങളുടെ ഓരോ വോട്ടും ബിജെപി സൃഷ്ടിച്ച അനീതിയുടെ ചക്രവ്യൂഹത്തെ തകര്‍ക്കുമെന്നും ജമ്മു കശ്മീരിനെ അഭിവൃദ്ധിയുടെ പാതയില്‍ കൊണ്ടുവരുമെന്നും രാഹുല്‍ പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങളോട് അവരുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കുന്നതിന് വന്‍തോതില്‍ രംഗത്തിറങ്ങാന്‍ ഉദ്ബോധിപ്പിക്കുകയാണെന്ന് എക്‌സിലെ  പോസ്റ്റില്‍ ഖാര്‍ഗെ പറഞ്ഞു. ഇവിഎമ്മിലെ വോട്ടിങ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ നിങ്ങളുടെ ഒരു പതിറ്റാണ്ട് എങ്ങനെ ‘വഞ്ചന’യിലുടെ നഷ്ടപ്പെട്ടുവെന്ന് ചിന്തിക്കുക. ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തപ്പെട്ടുവെന്നും ഖാര്‍ഗെ പറഞ്ഞു.

webdesk13: