X
    Categories: indiaNews

രാജ്യത്തെ എല്ലാ ദലിതരും അംബേദ്കറാണ്; രാഹുല്‍ ഗാന്ധി

ഭരണഘടനയെ തകര്‍ക്കാനുള്ള ശ്രമമാണ് നടന്ന്‌കൊണ്ടിരിക്കുന്നതെന്നും രാജ്യത്തെ എല്ലാ ദലിതരും അംബേദ്കറാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആയിരക്കണക്കിന് വര്‍ഷങ്ങളായി ദളിതര്‍ വിവേചനം നേരിടുന്നുണ്ടെന്ന് റായ്ബറേലിയില്‍ ദലിത് വിദ്യാര്‍ഥികളോട് സംവദിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞു. മണ്ഡലത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതാണ് എം.പി.

അംബേദ്കര്‍ ഭരണഘടന തയാറാക്കുമ്പോള്‍ വിവേചനം മനസില്‍ വെച്ചിരുന്നു. ഭരണഘടനയിലൂടെ അദ്ദേഹം ദലിതര്‍ക്ക് അധികാരം നല്‍കിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ദലിതര്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് ഭരണഘടന ലഭിക്കില്ലായിരുന്നുവെന്ന് ഉറപ്പിച്ച് പറയാനാകുമെന്ന് രാഹുല്‍ പറഞ്ഞു.

‘രാജ്യത്തെ മഹത്തായ വ്യക്തികളുടെ ചിന്തകളും ആശയങ്ങളും നമ്മുടെ സംസ്‌കാരവും ഭരണഘടനയിലുണ്ട്. ഭരണഘടനയുടെ ശബ്ദം ഇന്ന് അടിച്ചമര്‍ത്തപ്പെടുകയാണ്. ജനസംഖ്യയുടെ 15 ശതമാനവും ദളിതരാണെങ്കിലും രാജ്യത്തെ മുന്‍നിര കമ്പനികളുടെ സി.ഇ.ഒയും ഉടമകളും ആ അനുപാതത്തിലല്ല” -അദ്ദേഹം പറഞ്ഞു.

ഭരണഘടനയെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും രാഹുല്‍ പറഞ്ഞു. ദലിതര്‍ പുരോഗമിക്കാന്‍ ആഗ്രഹിക്കാത്ത ഒരു സംവിധാനം ഇവിടെയുണ്ട്. ഈ സിസ്റ്റം എല്ലാ ദിവസവും ദലിതരെ ആക്രമിക്കുന്നു.  ദളിതര്‍ വിദ്യാസമ്പന്നരും സംഘടിതരും ആയിരിക്കണമെന്ന് അംബേദ്കര്‍ ആഗ്രഹിച്ചിരുന്നെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

webdesk18: