X

ബാര്‍സ സമനില കുരുക്കില്‍; ഗോള്‍വര കടത്തിയിട്ടും മെസിക്ക് ഗോളനുവദിച്ചില്ല

മാഡ്രിഡ്: സ്പാനിഷ് ലാലീഗയില്‍ ശക്തമായ പ്രകടനങ്ങളുമായി മുന്നേറിയ ബാര്‍സിലോണ ഇന്നലെ വലന്‍സിയക്കെതിരെ തോല്‍വിയില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. ലയണല്‍ മെസ്സിയുടെ ഷോട്ട് ഗോള്‍വര കടന്നിട്ടും ഗോള്‍ അനുവദിക്കാതിരുന്ന റഫറിയുടെ നടപടി വിവാദമായ കളി 1-1 എന്ന നിലയില്‍ കലാശിച്ചു. ഗോള്‍ രഹിതമായി ഒന്നാം പകുതിക്ക് ശേഷം റോഡ്രിഗോ വലന്‍സിയയെ മുന്നിലെത്തിച്ചു. ലീഡ് നിലനിര്‍ത്താന്‍ പ്രതിരോധം ശക്തമാക്കി പൊരുതിയ വലന്‍സിയ, മത്സരം അവസാനം കൈവിടുകയായിരുന്നു. മെസിയും സംഘവും ലോംഗ് വിസിലിന് എട്ട് മിനുട്ട് മുമ്പ് ജോര്‍ദി ആല്‍ബയിലൂടെ മുഖം രക്ഷിക്കുകയായിരുന്നു. ലീഗിലെ രണ്ടാം സ്ഥാനക്കാരായ വലന്‍സിയയോട് സമനില വഴങ്ങിയെങ്കിലും ടേബിളില്‍ 35 പോയിന്റുമായി ബാര്‍സയാണ് മുന്നില്‍. 31 പോയിന്റാണ് വലന്‍സിയക്ക്. അതേസമയം ലാലിഗയില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മഡ്രിഡ് നാലാം സ്ഥാനത്താണിപ്പോള്‍.

കളി തുടങ്ങി അരമണിക്കൂറിനുള്ളിലായിരുന്നു മെസ്സിയുടെ മുന്നേറ്റവും ഷോട്ടും. വലന്‍സിയയുടെ ബ്രസീലിയന്‍ ഗോളി നെറ്റോയെ കടന്ന് പന്ത് ഗോള്‍വര കടക്കുന്നതായി ടെലിവിഷന്‍ റീപ്ലേയില്‍ കാണിച്ചിരുന്നു. ഗോളി ഗോള്‍വര കടന്ന പന്ത് തടുത്തുകൂട്ടി പുറത്തേക്ക് തട്ടുന്നതും റീപ്ലേയില്‍ കാണിച്ചു. എന്നാല്‍ ഗോള്‍ അനുവദിക്കാതെ റഫറി ഇഗ്നേഷ്യോ കളിതുടരാനും നിര്‍ദേശിച്ചു. യൂറോപ്പിലെ പ്രശസ്തമായ അഞ്ച് ആഭ്യന്തര ലീഗുകളില്‍ ഗോള്‍ലൈന്‍ സാങ്കേതിക വിദ്യ ഇനിയും നടപ്പാക്കാത്ത ഏക ലീഗാണ് ലാലിഗ.

അടുത്ത സീസണ്‍ മുതല്‍ വിഡിയോ അസിസ്റ്റ് റഫറി സമ്പ്രദായം ഇവിടെ നടപ്പാക്കുന്നുണ്ട്. ” ഏറ്റവും മികച്ച താരങ്ങളാണ് ലാലിഗയില്‍ കളിക്കുന്നത്. പന്ത് ഗോള്‍വര കടന്നത് എല്ലാവരും കണ്ടതാണ്. സാങ്കേതിക വിദ്യ നടപ്പാക്കാന്‍ ഇനിയും വൈകരുത് ” കളിക്കു ശേഷം ബാര്‍സ താരം സെര്‍ജിയോ ബുസ്‌കെറ്റസ് പറഞ്ഞു.

chandrika: