മുംബൈ: റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ കണക്കുകള്‍ പ്രകാരം സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ഓരോ നാലു മണിക്കൂറിലും ഓരോ ബാങ്ക് ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ വീതം പിടിക്കപ്പെടുകയാണെന്ന് റിപ്പോര്‍ട്ട്. 2015 ജനുവരി ഒന്നു മുതല്‍ 2017 മാര്‍ച്ച് 31 വരെ പൊതുമേഖല ബാങ്കുകളില്‍ തട്ടിപ്പ് നടത്തിയ 5,200 ഉദ്യോഗസ്ഥരെ ശിക്ഷിച്ചതായി ആര്‍ബിഐ വ്യക്തമാക്കി. കുറ്റക്കാരായ ഈ ബാങ്ക് ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് പിഴ ശിക്ഷ നല്‍കി. ചിലരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായും ആര്‍.ബി.ഐ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. 2017 ഏപ്രില്‍ മുതലുള്ള കണക്കുകള്‍ ശേഖരിച്ച് വരുന്നതായും ആര്‍ബിഐ അറിയിച്ചു. തട്ടിപ്പ് നടത്തിയതിന് 1538 എസ്ബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു. എസ്ബിഐയിലെ ഉദ്യോഗസ്ഥരാണ് തട്ടിപ്പ് നടത്തി കുടുങ്ങിയവരില്‍ മുമ്പിലുള്ളത്. തൊട്ടു പുറകെ 449 ഉദ്യോഗസ്ഥരുടെ തട്ടിപ്പ് ലിസ്റ്റുമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും, 406 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി നേരിട്ട സെന്‍ട്രല്‍ ബാങ്കും ഉണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പിന് പിടിക്കപ്പെട്ട ജീവനക്കാര്‍ 184 പേരാണ്. 2013 മുതല്‍ 2017 വരെ 76 ബാങ്കുകളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 17,504 സാമ്പത്തിക തട്ടിപ്പ് കേസുകളാണ്. ഇതില്‍ ബാങ്കുകളിലെ തന്നെ ജീവനക്കാര്‍ ഉള്‍പ്പെട്ട 2,084 കേസുകളുണ്ട്. തട്ടിപ്പ് നടത്തിയ ഓരോ ജീവനക്കാരും വെട്ടിച്ച തുക എത്രയെന്ന് കണക്കു തിരിച്ച് വ്യക്തമാക്കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. അതേ സമയം മൂന്നു വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക തട്ടിപ്പുകളിലൂടെ ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടത് ഏതാണ്ട് 66,066 കോടി രൂപയാണ്. ഇത്തരം തട്ടിപ്പുകള്‍ ഫലപ്രദമായി എങ്ങനെ കണ്ടെത്താമെന്നും തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തൊക്കെയെന്നും വ്യക്തമാക്കുന്ന സര്‍ക്കുലറുകള്‍ ബാങ്കുകള്‍ക്ക് കൈമാറുമെന്നും ആര്‍ബിഐ അധികൃതര്‍ വ്യക്തമാക്കി.